ബൈജൂസ് ആപ്പ് സംസ്ഥാനസര്‍ക്കാരുമായി ചര്‍ച്ച നടത്തും

By Raji Mejo.22 Mar, 2018

imran-azhar

കൊച്ചി: പരമ്പരാഗത പഠനരീതിയെ മൊബൈല്‍ ട്യൂഷന്‍ ആപ്പിന്റെ രൂപത്തില്‍ സംയോജിപ്പിച്ച് വിപ്ലവകരമായ മാറ്റം അവതരിപ്പിച്ച ബൈജൂസ് ആപ്പ് അന്താരാഷ്ട്ര രംഗത്തേക്ക് കടക്കുന്നു. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് കൂടി സഹായകരമാകുന്ന വിധത്തില്‍ പുതിയ ആപ്പ് പുറത്തിറക്കുമെന്ന് ബൈജൂസിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ പറഞ്ഞു. കൊച്ചിയില്‍ നടക്കുന്ന ആഗോള ഡിജിറ്റല്‍ ഉച്ചകോടിയായ ഹാഷ് ഫ്യൂച്ചറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്ത് ബൈജുവിന്റെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തുന്നതിനായി മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി എന്നിവരുമായി ഏപ്രില്‍ മാസമാദ്യം ചര്‍ച്ച നടത്തുമെന്ന് സംസ്ഥാന ഐടി സെക്രട്ടറി എം ശിവശങ്കര്‍ പിന്നീട് പറഞ്ഞു.

വരുന്ന സപ്തംബറില്‍ അന്താരാഷ്ട്ര മൊബൈല്‍ ആപ്പ് പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ബൈജു രവീന്ദ്രന്‍ പറഞ്ഞു. തുടക്കത്തില്‍ ഇംഗ്ലീഷ് ഭാഷയിലാണ് പഠന വിഷയങ്ങള്‍ ആപ്പില്‍ ഉള്‍പ്പെടുത്തുന്നത്. വികസിത വിപണികള്‍ക്ക് വരെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ആവശ്യങ്ങള്‍ ഉയര്‍ന്നു വരാറുണ്ട്. സ്‌കൂള്‍ പാഠ്യപദ്ധതികള്‍ പരിഷ്‌കരിക്കുന്നത് കാലതാമസമെടുക്കുന്ന കാര്യമാണ്. അതിനാല്‍ തന്നെ കുട്ടികളുടെ പഠനരീതി മാറ്റുന്നതാണ് അഭികാമ്യം. കാലക്രമേണ അധ്യാപകരെ ഉദ്ദേശിച്ച് പ്രത്യേകമായ ആപ്പും പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. വിപണിയറിഞ്ഞ് വില്‍പ്പന നടത്തിയതാണ് വിജയരഹസ്യമെന്നും ബൈജു ചൂണ്ടിക്കാട്ടി.

രാജ്യത്തെയല്ല, ലോകത്തെ മികച്ചതാകുകയെന്നതാണ് സ്വപ്നമെന്നും അദ്ദേഹം പറഞ്ഞു.

ആദ്യം കണക്കും പിന്നീട് ശാസ്ത്രവുമാണ് ബൈജൂസ് ആപ്പില്‍ ഉള്‍പ്പെടുത്തിയത്. പിന്നീട് ഉടന്‍ തന്നെ ഇംഗ്ലീഷിനായും ആപ്പ് തുടങ്ങുകയും കമ്പനിയായി രജിസ്റ്റര്‍ ചെയ്തു. കൂടുതല്‍ വിഷയങ്ങള്‍ക്കായുള്ള ആപ്പും ഉടന്‍ പുറത്തിറക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഉപഭോക്താവാരെന്ന് തിരിച്ചറിയലാണ് പ്രാഥമികമായ കാര്യമെന്ന് ബൈജു പറയുന്നു.വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ് ഈ ആപ്പിന് ആദ്യമായി പ്രചാരം നല്‍കിയത്. പിന്നീട് ഡിജിറ്റല്‍ തലത്തിലും ടിവിയിലും പ്രചാരം നല്‍കി. ബഹുഭൂരിപക്ഷം ഉപഭോക്താക്കളെയും ആകര്‍ഷിക്കണമെന്നതിനാല്‍ ടിവി പരസ്യങ്ങളെയാണ് ആശ്രയിച്ചത്. മെട്രോ നഗരങ്ങളേക്കാള്‍ കൂടുതല്‍ ചെറുനഗരങ്ങളിലാണ് ആപ്പിന് ആവശ്യക്കാരേറെയുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.