വീണ്ടും കൂപ്പുകുത്തി; ഡോളറിനെതിരെ ഇന്ത്യൻ രൂപ 81.52 ലേക്ക് ഇടിഞ്ഞു

ഇന്ത്യൻ രൂപയുടെ വിനിമയ മൂല്യത്തിൽ വീണ്ടും ഇടിവ്. ഡോളറിനെതിരെ ഇന്ന് രൂപയുടെ മൂല്യം 43 പൈസ കൂടി ഇടിഞ്ഞ് 81.52 ലേക്കെത്തി.

author-image
santhisenanhs
New Update
വീണ്ടും കൂപ്പുകുത്തി; ഡോളറിനെതിരെ ഇന്ത്യൻ രൂപ 81.52 ലേക്ക് ഇടിഞ്ഞു

മുംബൈ: ഇന്ത്യൻ രൂപയുടെ വിനിമയ മൂല്യത്തിൽ വീണ്ടും ഇടിവ്. ഡോളറിനെതിരെ ഇന്ന് രൂപയുടെ മൂല്യം 43 പൈസ കൂടി ഇടിഞ്ഞ് 81.52 ലേക്കെത്തി.

സാമ്പത്തിക രംഗത്തെ വിദഗ്ദ്ധരുടെ വിലയിരുത്തൽ അനുസരിച്ച് ഡോളറിനെതിരെ വരും ദിവസങ്ങളിൽ ഇന്ത്യൻ രൂപ 82 രൂപ മുതൽ 83.5 രൂപ വരെ ഇടിയുമെന്നാണ് കരുതുന്നത്.

അമേരിക്കൻ കറൻസി ശക്തിയാർജ്ജിക്കുന്നതിന്റെ പ്രതിഫലനമാണ് ഇന്ത്യൻ രൂപയെ പുറകോട്ട് വലിക്കുന്നത്. ഇന്ത്യൻ രൂപയുടെ ചരിത്രത്തിൽ ഡോളറിനെതിരെ ഏറ്റവും താഴ്ന്ന വിനിമയ നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

പണപ്പെരുപ്പം നിയന്ത്രിക്കാൻ അമേരിക്കൻ ഫെഡറൽ റിസർവ് നികുതി നിരക്കുകൾ ഉയർത്തുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിൽ രൂപയുടെ മൂല്യം ഇനിയും താഴേക്ക് പോകുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.

ഇതോടെ ഈയാഴ്ച നടക്കാനിരിക്കുന്ന റിസർവ് ബാങ്ക് യോഗം നിർണായകമാകും. റിസർവ് ബാങ്കും പലിശ നിരക്ക് ഉയർത്തിയേക്കും. 50 ബേസിസ് പോയിന്റ് വരെ നിരക്ക് വർധനവുണ്ടാകുമെന്നാണ് കരുതുന്നത്. രൂപയുടെ നിലവാരം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ കേന്ദ്രസർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും ഭാഗത്ത് നിന്നുണ്ടാകും.

അതേസമയം സെൻസെക്സ് ഇന്ന് 1.37 ശതമാനം ഇടിഞ്ഞ് 57301.19 പോയിന്റിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റിയിൽ 1.51 ശതമാനം ഇടിവുണ്ടായി. 17066.55 പോയിന്റിലാണ് വ്യാപാരം. വിദേശ ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റർമാരാണ് ഇന്ത്യൻ ഓഹരി വിപണിയിലെ നെറ്റ് സെല്ലർമാർ. വെള്ളിയാഴ്ച മാത്രം ഇവർ 29000 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചതെന്നാണ് സ്റ്റോക് എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നത്.

money dollar rupees economy