ബാങ്കുകളുടെ സേവനത്തെ പ്രശംസിച്ച് നിര്‍മ്മല സീതാരാമന്‍

By online desk .28 03 2020

imran-azharന്യൂഡല്‍ഹി : പ്രതിസന്ധി ഘട്ടത്തില്‍ ബാങ്കുകള്‍ നടത്തുന്ന സേവനത്തെ പ്രകീര്‍ത്തിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പണമൊഴുക്ക് സുഗമമാക്കാനും ജനങ്ങളിലേക്ക് അത് കൃത്യമായി എത്തിക്കുന്നതിനും ബാങ്ക് മേധാവികളുമായി സംസാരിക്കുമെന്നും മന്ത്രി പറഞ്ഞു.

 

ബാങ്കിംഗ് രംഗം സുഗമമായി പ്രവര്‍ത്തിക്കുന്നത് ഉറപ്പ് വരുത്താന്‍ സംസ്ഥാന സര്‍ക്കാരുകളുമായി ആശയ വിനിമയം നടത്തുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ബാങ്ക് പ്രതിനിധികള്‍ക്ക് സഞ്ചാര നിയന്ത്രണം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കും.

 


കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ സമ്പദ് രംഗത്തിന്റെ ഉത്തേജനത്തിന് ഈ ആഴ്ച ആദ്യം സര്‍ക്കാര്‍ ചില നടപടികള്‍ പ്രഖ്യാപിച്ചിരുന്നു. പാവങ്ങള്‍ക്ക് ആനുകൂല്യം നേരിട്ടെത്തിക്കുക തുടങ്ങിയ നടപടികളാണ് പ്രഖ്യാപിച്ചത്.

 

ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്റെ കണക്ക് പ്രകാരം 105988 ബ്രാഞ്ചുകള്‍ രാജ്യത്ത് വെളളിയാഴ്ച തുറന്ന് പ്രവര്‍ത്തിച്ചു. അതേസമയം ശനിയും ഞായറും അവധിയാണ്. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ ബാങ്കിലെത്താകൂ എന്നും സാമൂഹ്യ അകലം പാലിക്കണമെന്നും ജനങ്ങളോട് ബാങ്ക് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

 

ബാങ്കില്‍ വരി നില്‍ക്കുമ്പോള്‍ ആള്‍ക്കാര്‍ തമ്മില്‍ ഒന്നു മുതല്‍ 1.5 മീറ്റര്‍ വരെ അകലം പാലിക്കണമെന്നും ഒരു സമയം അഞ്ചോ ആറോ ഇടപാടുകാര്‍ മാത്രമേ ബാങ്കിനുളളില്‍ പാടുളളൂവെന്നും ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുതിര്‍ന്ന പൗരന്മാരും കുട്ടികളും ഈ അവസരത്തില്‍ ബ്രാഞ്ചുകളിലെത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് നല്ലതെന്നും നിര്‍ദ്ദേശമുണ്ട്. ഇടപാടുകാര്‍ രേഖകള്‍ കരുതുന്നതോടൊപ്പം മുഖാവരണവും കയ്യുറകള്‍ അല്ലെങ്കില്‍ സാനിറ്റൈസറുകള്‍ ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

 

OTHER SECTIONS