മുംബൈ: അദാനി ഗ്രൂപ്പിന്റെ വന്‍ നിക്ഷേപ പദ്ധതികള്‍ കടക്കെണിയിലായേക്കുമെന്ന് ആഗോള ധന കാര്യക്ഷമത വിലയിരുത്തല്‍ ഏജന്‍സിയായ ഫിച്ച് ഗ്രൂപ്പിന്റെ ഉപഘടകമായ ക്രെഡിറ്റ് സൈറ്റ്സ് മുന്നറിയിപ്പ് നല്‍കി. ഗ്രൂപ്പിന്റെ നിക്ഷേപ പദ്ധതികള്‍ അതിരുകടന്നതാണെന്നും ഗൗതം അദാനിയുടെ സമ്പത്തിന്റെ ഭൂരിഭാഗവും 'കടലാസില്‍ 'മാത്രമാണെന്നും ക്രെഡിറ്റ് സൈറ്റ്സ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് വര്‍ഷങ്ങളായി കയ്യടക്കി വെച്ചിരുന്ന മേഖലകളില്‍ ഉള്‍പ്പടെ അദാനി ഗ്രൂപ്പ് മത്സരിക്കുന്നുണ്ട്. അത് ആക്രമണോത്സുകമായ വിപുലീകരണ പദ്ധതിയാണെന്നും പരാജയപ്പെടാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രൂപ്പിന്റെ ആക്രമണാത്മക വിപുലീകരണം, പുതിയതോ അല്ലെങ്കില്‍ അനുബന്ധ ബിസിനസ്സുകളിലേക്കുള്ള കടന്നുകയറ്റം, റിലയന്‍സ് ഇന്‍ഡസ്ട്രീസ് പോലുള്ള കമ്പനികളുമായി മത്സരിക്കുന്നതില്‍ നിന്ന് ഉണ്ടാകുന്ന അപകടസാധ്യതകള്‍,പരിസ്ഥിതി, സാമൂഹിക അപകടസാധ്യതകള്‍ എന്നിങ്ങനെ കുറേ ആശങ്കകള്‍ റിപ്പോര്‍ട്ടില്‍ ഉന്നയിക്കുന്നുണ്ട്.
അതേസമയം, അദാനി ഗ്രൂപ്പിന്റെ എല്ലാ വ്യാപാര സ്ഥാപനങ്ങളും വിപുലീകരിക്കുകയാണെന്നും നിലവിലുള്ള ബിസിനസ്സുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.കഴിഞ്ഞ അഞ്ച് വര്‍ഷമായി എയര്‍പോര്‍ട്ടുകള്‍, സിമന്റ്, കോപ്പര്‍ റിഫൈനിംഗ്, ഡാറ്റാ സെന്ററുകള്‍, ഗ്രീന്‍ ഹൈഡ്രജന്‍, പെട്രോകെമിക്കല്‍ റിഫൈനിംഗ്, റോഡുകള്‍, സോളാര്‍ സെല്‍ നിര്‍മ്മാണം എന്നിവ ഉള്‍പ്പെടുന്ന പുതിയ മേഖലകളില്‍ കമ്പനി വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.
എന്നാല്‍ പ്രതിസന്ധികള്‍ക്കിടയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ഇന്ത്യയിലെ ബാങ്കുകളുമായും അദാനിക്കുള്ള ശക്തമായ ബന്ധമാണ് ഗ്രൂപ്പിന് ശുഭപ്രതീക്ഷ നല്‍കുന്നതെന്നും ക്രെഡിറ്റ് സൈറ്റ്സ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.അദാനി ഗ്രൂപ്പ് റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല.ചൊവ്വാഴ്ച ഓഹരിവിപണിയില്‍ അദാനിഗ്രൂപ്പിന് അഞ്ചുശതമാനം വരെ ഇടിവുണ്ടായി.
മുന്‍ പരിചയമോ വൈദഗ്ധ്യമോ ഇല്ലാത്ത കോപ്പര്‍ റിഫൈനിംഗ്, പെട്രോകെമിക്കല്‍സ്, ഡാറ്റാ സെന്ററുകള്‍, സമീപകാലത്തായി ടെലികോം, അലുമിനിയം ഉല്‍പ്പാദനം തുടങ്ങിയ മേഖലകളിലേക്ക് കടക്കാനും ഗ്രൂപ്പ് പദ്ധതിയിടുന്നുണ്ട്.10.5 ബില്യണ്‍ ഡോളറിന് അംബുജ സിമന്റിലും എസിസി ലിമിറ്റഡിലും ഹോള്‍സിമിന്റെ നിയന്ത്രണത്തിലുള്ള ഓഹരികള്‍ സ്വന്തമാക്കിയതിലൂടെ അദാനി ഗ്രൂപ്പ് രണ്ടാമത്തെ വലിയ സിമന്റ് നിര്‍മ്മാതാവായി മാറിയെന്നും ക്രെഡിറ്റ് സൈറ്റ്‌സ് ചൂണ്ടിക്കാട്ടുന്നു.
റിലയന്‍സ്, ടാറ്റ ഗ്രൂപ്പുകള്‍ക്ക് ശേഷം, 2022 ആഗസ്റ്റ് വരെ മൊത്തം 200 ബില്യണ്‍ ഡോളറിന്റെ മൊത്തം വിപണി മൂലധനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ മൂന്നാമത്തെ വലിയ കമ്പനിയാണ് അദാനി ഗ്രൂപ്പ്. ഊര്‍ജ്ജം, യൂട്ടിലിറ്റികള്‍, ഗതാഗതം തുടങ്ങിയ പ്രധാന വ്യവസായ മേഖലകളിലുടനീളം ഗ്രൂപ്പ് അതിവേഗം വികസിച്ചു. ഗ്രൂപ്പിന് അദാനി എന്റര്‍പ്രൈസസ് , അദാനി ഗ്രീന്‍ എനര്‍ജി , അദാനി പോര്‍ട്ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ , അദാനി പവര്‍, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ട്രാന്‍സ്മിഷന്‍ എന്നിങ്ങനെ ആറ് ലിസ്റ്റഡ് സ്ഥാപനങ്ങളുണ്ട്.