സംസ്ഥാനത്തെ ബാങ്കുകളിലെ നിക്ഷേപത്തുക 5 ലക്ഷം കോടിക്കടുത്ത്: നിക്ഷേപത്തില്‍ 40 ശതമാനത്തോളവും പ്രവാസിപ്പണം

By Online Desk .02 07 2019

imran-azhar

 

 

തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകളിലെ മൊത്തം നിക്ഷേപത്തുക 5 ലക്ഷം കോടിക്കടുത്തെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെക്കാള്‍ 10% വര്‍ദ്ധിച്ച് 4,93,562 കോടി രൂപയാണ് 2018-19ല്‍ നിക്ഷേപം. ഇതില്‍ 1,90,055 കോടി രൂപയും വിദേശമലയാളികളുടെ നിക്ഷേപമാണ്. പ്രവാസിപ്പണത്തില്‍ മുന്‍കൊല്ലത്തെക്കാള്‍ 12% വര്‍ദ്ധനയുണ്ട്.


ഓണ്‍ലൈന്‍ ഇടപാടുകള്‍ വര്‍ദ്ധിച്ചതോടെ എടിഎമ്മുകള്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 129 എണ്ണം കുറഞ്ഞ് 9011 ആയി. പൊതു- സ്വകാര്യ-സഹകരണ ബാങ്കിംഗ്് മേഖലകളിലെ മൊത്തം കണക്കാണിത്. ജനസംഖ്യാനുപാതികമായി കണക്കാക്കിയാല്‍ 3688 പേര്‍ക്ക് ഒരു എടിഎം.ബാങ്ക് ശാഖകള്‍ 7421. 5220 േപര്‍ക്ക് ഒരു ബ്രാഞ്ച്. എത്രത്തോളം ഡിജിറ്റല്‍ ബാങ്കിംഗ്് ഇടപാടുകള്‍ നടന്നുവെന്നതിന്റെയോ ഇപ്പോള്‍ നടക്കുന്നുവെന്നതിന്റെയോ കണക്കുകള്‍ സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിക്കു വെളിപ്പെടുത്താനായില്ല. ബാങ്കിംഗ് തട്ടിപ്പുകള്‍ വഴി എത്ര പേരുടെ പണം നഷ്ടമായെന്നോ എത്ര രൂപയാണ് ആകെ നഷ്ടമായതെന്നോ ഉള്ള കണക്കുകളും കയ്യിലില്ല.


കാര്‍ഷിക മേഖലയില്‍ മുന്‍വര്‍ഷത്തെക്കാള്‍ 17% അധികം വായ്പ നല്‍കിയെന്നാണ് പൊതുമേഖലാ -സ്വകാര്യ ബാങ്കുകളുടെ മാത്രം കണക്ക്. 80,803 കോടി രൂപ കാര്‍ഷിക വായ്പയായി നല്‍കിയതില്‍ 62 ശതമാനവും സ്വര്‍ണം പണയം വച്ചുള്ള കാര്‍ഷിക വായ്പയാണ്. 50,169 കോടിയാണ് ഇത്തരത്തില്‍ നല്‍കിയത്. ചെറുകിട വ്യവസായ വായ്പയില്‍ 15% വര്‍ധന്നു. 54,446 കോടിയാണ് ഈ കണക്കില്‍ 2018-19ല്‍ വായ്പ നല്‍കിയിട്ടുള്ളത്. മലയാളിയുടെ ആഡംബരവീടു ഭ്രമം കുറഞ്ഞതായാണ് വിലയിരുത്തല്‍. 2017-18 സാമ്പത്തിക വര്‍ഷത്തെക്കാള്‍ 15% കുറച്ച് തുകയാണ് 2018-19 ല്‍ ഭവനവായ്പയായി നല്‍കിയത്. 2018ലെക്കാള്‍ അപേക്ഷകരുണ്ടായിരുന്നെങ്കിലും അപേക്ഷകര്‍ക്ക് വായ്പത്തുക കുറച്ചുമതിയെന്നതായിരുന്നു 2019 സാമ്പത്തിക വര്‍ഷത്തെ പ്രത്യേകത. 2018ല്‍ 7,06,736 അപേക്ഷകര്‍ക്ക് 39,829 കോടി രൂപ ഭവനവായ്പ നല്‍കി. 2019 മാര്‍ച്ച് വരെയാകട്ടെ, 7,51,634 അപേക്ഷകര്‍ക്കായി 36,025 കോടി രൂപയാണു നല്‍കിയത്. വിദ്യാഭ്യാസ വായ്പ 2018ല്‍ 3,44,879 അപേക്ഷകര്‍ക്ക് 10,174 കോടിയായിരുന്നു നല്‍കിയതെങ്കില്‍ 2019 മാര്‍ച്ചില്‍ അവസാനിച്ച വര്‍ഷത്തില്‍ 3,32,432 അപേക്ഷകര്‍ക്കായി 9,896 കോടിയാണു വായ്പ നല്‍കിയത്. വിദ്യാഭ്യാസ വായ്പ നല്‍കാന്‍ ബാങ്കുകള്‍ മടിക്കുന്നെന്ന ആരോപണം നിലനില്‍ക്കുമ്പോള്‍ എസ്എല്‍ബിസിയുടെ വിലയിരുത്തല്‍ അങ്ങനെയല്ല.


എന്‍ജിനിയറിംഗ് കോളേജുകള്‍ പൂട്ടുന്നു, സര്‍ക്കാരിന്റെയും കോടതിയുടെയും ഇടപെടല്‍ മൂലം ഫീസ് കുറയുന്നു എന്നിവയാണു വായ്പവിതരണം കുറയാന്‍ കാരണമെന്നു ബാങ്കുകള്‍ പറയുന്നു.വിദ്യാഭ്യാസ വായ്പ നല്‍കിയതില്‍ കിട്ടാക്കടത്തിന്റെ കണക്കു കുറഞ്ഞിട്ടുണ്ട്- 2018ല്‍ 1706 കോടി രൂപ കിട്ടാക്കടമുണ്ടായിരുന്നത് 1346 കോടിയായി കുറഞ്ഞു.