ബി.എസ്.എന്‍.എല്‍ കേരള സര്‍ക്കിളും നഷ്ടത്തില്‍: 140 ടവറുകള്‍ പ്രവര്‍ത്തനം നിലച്ചതിന്റെ പിന്നാലെ നഷ്ടത്തിന്റെ കണക്കുകളും

By online desk.27 06 2019

imran-azhar

 

 

തിരുവനന്തപുരം: രാജ്യത്ത് ലാഭത്തിലുണ്ടായിരുന്ന ബി.എസ്.എന്‍.എല്‍ കേരള സര്‍ക്കിളും നഷ്ടത്തില്‍. 250 കോടിയാണ് കേരളത്തില്‍ കമ്പനിയുടെ നഷ്ടം. ഒരിക്കല്‍പ്പോലും നഷ്ടമുണ്ടാക്കാതിരുന്ന കേരള സര്‍ക്കിള്‍ ഇതാദ്യമായാണ് നഷ്ടത്തിലാവുന്നത്.സാമ്പത്തിക നഷ്ടം കാരണം അഞ്ച് മാസമായി ബി.എസ്.എന്‍.എല്‍ കേരള സര്‍ക്കിളിലുള്ള കരാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്‍, നഷ്ടത്തെ തുടര്‍ന്ന് ജീവനക്കാരെ ഒഴിവാക്കുന്നതിന്റെ മുന്നോടിയായാണ് കരാര്‍ ജീവനക്കാരുടെ ശമ്പളം നല്‍കാത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.


വാടക പ്രശ്നങ്ങള്‍ കാരണവും സാങ്കേതിക തകരാര്‍ പരിഹരിക്കാത്തത് കാരണവും സംസ്ഥാനത്ത് 140 ടവറുകള്‍ നിശ്ചലമാണെന്നാണ് അനൗദ്യോഗിക കണക്കുകള്‍. സ്വകാര്യ കമ്പനികള്‍ക്കായി 25 കോടിയാണ് സംസ്ഥാന ബി.എസ്.എന്‍.എല്‍ നല്‍കേണ്ടത്. പലയിടത്തും കേടായ ടവറുകള്‍ നന്നാക്കാന്‍ കരാറുകാര്‍ തയ്യാറാവുന്നില്ല. ചിലയിടത്ത് ജനറേറ്ററുകളും പ്രവര്‍ത്തിക്കുന്നില്ല. ടവറുകള്‍ പ്രവര്‍ത്തിക്കാതിരുന്നാല്‍ ആ ഭാഗത്ത് സിഗ്നലുകള്‍ കിട്ടില്ല. ഉള്‍പ്രദേശങ്ങളിലാണ് കൂടുതലും തകരാറിലായ ടവറുകള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

മോദി സര്‍ക്കാര്‍ പിന്തുടരുന്ന കോര്‍പറേറ്റ് അനുകൂല നയമാണ് ബി.എസ്.എന്‍.എല്ലിനെ തകര്‍ത്തതെന്ന് ബി.എസ്.എന്‍.എല്‍ എംപ്ലോയീസ് യൂണിയന്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സി. ചെല്ലപ്പ പറഞ്ഞു. 'കഴിഞ്ഞ 18 വര്‍ഷക്കാലമായി ബി.എസ്.എന്‍.എല്ലിന് യാതൊരു തടസവുമില്ലാതെ തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കാന്‍ കഴിഞ്ഞിരുന്നു. എന്നാലിപ്പോള്‍ ബി.എസ്.എന്‍.എല്‍ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. എങ്ങനെയാണ് ഈ സാമ്പത്തിക പ്രതിസന്ധി വന്നതെന്നതാണ് ചോദ്യം. ടെലികോം മേഖലയില്‍ നാല് വലിയ ടെലികോം സേവനദാതാക്കളാണുണ്ടായിരുന്നത്. പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്‍. റിലയന്‍സ് ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ എന്നിവയാണ് മറ്റുള്ളത്.


2014 വരെ ബി.എസ്.എന്‍.എല്‍ ലാഭം നേടിയിരുന്നു. എന്നാല്‍ 2016 മുതല്‍ ബി.എസ്.എന്‍.എല്‍ നഷ്ടത്തിലേക്ക് പോയി. ബി.എസ്.എന്‍.എല്‍ മാത്രമല്ല, എയര്‍ടെല്ലും വോഡഫോണും നഷ്ടത്തിലായി. കാരണം റിലയന്‍സ് ജിയോയുടെ കടന്നുവരവാണ്. റിലയന്‍സ് ജിയോ എന്ന ഒരു കമ്പനി കടന്നുവരികയും മോദി സര്‍ക്കാറിന്റെ സഹായത്തോടെ അത് ഉപഭോക്താക്കളെ മുഴുവന്‍ കൈപ്പിടിയിലാക്കുകയും ചെയ്തു. മോദി സര്‍ക്കാറില്‍ നിന്നും അവര്‍ക്ക് എല്ലാ പിന്തുണയും ലഭിച്ചു. ഇക്കാരണം കൊണ്ടാണ് കഴിഞ്ഞ അഞ്ചുവര്‍ഷമായി ബി.എസ്.എന്‍.എല്‍ നഷ്ടത്തിലേക്ക് പോയത്.' അദ്ദേഹം വിശദീകരിക്കുന്നു.31000 കോടിയോളം രൂപയുടെ നഷ്ടമാണ് കമ്പനിക്ക് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.

OTHER SECTIONS