ഇന്ത്യയിലെ നൂറ് സമ്പന്നരില്‍ പയ്യന്‍ ബൈജു രവീന്ദ്രന്‍

By online desk.14 10 2019

imran-azharമുംബൈ: ഫോബ്‌സ് മാഗസില്‍ പുറത്തിറക്കിയ ഇന്ത്യയിലെ നൂറു സമ്പന്നരില്‍ ഏറ്റവും പ്രായം കുറഞ്ഞ ധനികന്‍ മലയാളി. ബൈജൂസ് ആപ്പിന്റെ ശില്‍പി ബൈജു രവീന്ദ്രന്‍ എന്ന കണ്ണൂരുകാരനാണ് പ്രായം കുറഞ്ഞ സമ്പന്നന്‍. 190.1 കോടി ഡോളറാണ് ബൈജുവിന്റെ ആസ്തി. ഇന്ത്യയിലെ നൂറു ധനികരുടെ പട്ടികയില്‍ 72ാം സ്ഥാനത്താണ് ബൈജു.
ഇന്ന് വിദ്യാര്‍ത്ഥികളുടെ പഠനസഹായിയും അദ്ധ്യാപകനുമാണ് ബൈജൂസ് ആപ്പ്. ബൈജു രവീന്ദ്രന്‍ സ്ഥാപിച്ച എഡ്യുക്കേഷന്‍ ടെക്‌നോളജി കമ്പനിയായ 'ബൈജൂസ്' ലോകത്തിലെ ഏറ്റവും മൂല്യമുള്ള എഡ്യുക്കേഷന്‍ ടെക് (എഡ്‌ടെക്) കമ്പനിയാണ്. 2015ലാണ് ബൈജു രവീന്ദ്രന്‍ ബൈജൂസ് ലേണിങ് ആപ്പ് സ്ഥാപിക്കുന്നത്. സുഹൃത്തുക്കള്‍ക്ക് എന്‍ട്രന്‍സ് പരിശീലനം നടത്തിത്തുടങ്ങിയ യാത്രയാണ് ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ പഠനസഹായി എന്ന ബൈജൂസ് ആപ്പിന്റെ തലവനായി ബൈജുവിനെ എത്തിച്ചത്. ഫേസ്ബുക്ക് ഏഷ്യയില്‍ ആദ്യമായി നിക്ഷേപം നടത്തിയ സംരംഭം എന്ന നിലയിലും ബൈജൂസ് ശ്രദ്ധേയമാണ്. കിന്‍ഡര്‍ഗാര്‍ട്ടന്‍ മുതല്‍ 12-ാം ക്‌ളാസ് വരെയുള്ള കുട്ടികളുടെ പഠനം ലളിതമാക്കാന്‍ ലക്ഷ്യമിട്ടുള്ള ആപ്പിന് ഇന്ത്യയില്‍ വന്‍സ്വീകാര്യതയാണ് .
ഏതു വിഷയമാണെങ്കിലും അത് ലളിതമായി മറ്റുള്ളവരെ പറഞ്ഞുമനസിലാക്കാനുള്ള കഴിവാണ് ബൈജുവിന് തുണയായത്. ഈ കഴിവ് ബൈജുവിന് പകര്‍ന്നുനല്‍കിയതാകട്ടെ അദ്ധ്യാപകരായ മാതാപിതാക്കളും. അഴീക്കോട്ടെ സാധാരണ സ്‌കൂളില്‍ സര്‍ക്കാര്‍ സിലബസിലാണ് ബൈജു പഠിച്ചതും വളര്‍ന്നതും. സ്‌കൂള്‍ കാലയളവില്‍ ബൈജുവിന് കൂടുതല്‍ കമ്പം കായികമേഖലയോടായിരുന്നു. ബൈജുവിനെ പഠിപ്പിക്കാന്‍ വേണ്ടി മാതാപിതാക്കള്‍ കണ്ടെത്തിയ രീതി ബൈജൂസ് ആപ്പിന് വേണ്ടി പരിഷ്‌കരിക്കുക മാത്രമാണ് ചെയ്തത്.

പഠിക്കുന്ന കാലത്ത് മിക്കവരേയും പോലെ എന്‍ജിനീയറാകുക എന്ന ആഗ്രഹമായിരുന്നു ബൈജുവിനുമുണ്ടായിരുന്നത്. അതിനായി പരിശ്രമിക്കുകയും ലക്ഷ്യം കാണുകയും ചെയ്തു. ജോലിയും ലഭിച്ചു. വിദേശത്ത് നിന്ന് അവധിക്കാലത്ത് ബംഗളുരുവിലെത്തിയപ്പോള്‍ ചില സുഹൃത്തുക്കളെ ഐ.ഐ.എം പ്രവേശന പരീക്ഷയ്ക്ക് പഠിക്കാന്‍ സഹായിച്ചു. ബൈജുവിന്റെ പഠനരീതി പിന്തുടര്‍ന്ന സുഹൃത്തുക്കള്‍ ഉന്നത വിജയം നേടി. ഇതോടെയാണ് ബൈജു തന്റെ വഴി തിരിച്ചറിഞ്ഞത്. രണ്ടു വര്‍ഷത്തിന് ശേഷം തന്റെ വഴി ഇതാണെന്ന് ഉറപ്പിച്ച് ബൈജു തിരിച്ചെത്തി. കാറ്റ് പരീക്ഷാ പരിശീലനം നല്‍കിത്തുടങ്ങി.
തന്റെ പരിശീലന ക്ലാസുകള്‍ വന്‍ വിജയമായതോടെ ബൈജുവിനെ തേടി രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ആവശ്യക്കാരെത്തി. ഇതോടെ നിരന്തരം യാത്രകള്‍ ബൈജുവിന് വേണ്ടിവന്നു. ഈ യാത്രകള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് തന്റെ ക്ലാസുകള്‍ റെക്കോര്‍ഡ് ചെയ്ത് മറ്റിടങ്ങളില്‍ പ്രദര്‍ശിപ്പിക്കാന്‍ ബൈജു തീരുമാനിച്ചത്. ഇവിടെ നിന്നാണ് ക്ലാസുകള്‍ സ്മാര്‍ട്ടാക്കാനുള്ള ബൈജുവിന്റെ വഴി തെളിഞ്ഞത്. ഒടുവിലത് ബൈജൂസ് ആപ്പില്‍ എത്തി നില്‍ക്കുന്നു.

 

OTHER SECTIONS