കഫേ കോഫി ഡേ ആസ്തികള്‍ വില്‍ക്കുന്നു

ബംഗളൂരു: കഫേ കോഫി ഡേ എന്റര്‍പ്രൈസസിന്റെ (സിഡിഇഎല്‍.) ഉടമസ്ഥതയില്‍ ബംഗളൂരുവിലുള്ള ഗ്ലോബല്‍ ടെക് പാര്‍ക്ക് വില്‍ക്കുന്നു.

author-image
online desk
New Update
കഫേ കോഫി ഡേ ആസ്തികള്‍ വില്‍ക്കുന്നു

ബംഗളൂരു: കഫേ കോഫി ഡേ എന്റര്‍പ്രൈസസിന്റെ (സിഡിഇഎല്‍.) ഉടമസ്ഥതയില്‍ ബംഗളൂരുവിലുള്ള ഗ്ലോബല്‍ ടെക് പാര്‍ക്ക് വില്‍ക്കുന്നു. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഇക്വിറ്റി സംരംഭമായ ബ്ലാക്സ്റ്റോണിനാണ് ഗ്ലോബല്‍ ടെക് പാര്‍ക്ക് കൈമാറുന്നത്. 2,600-3,000 കോടി രൂപയുടേതാണ് വില്പന കരാര്‍.

കടബാധ്യത കുറയ്ക്കുന്നതിനു വേണ്ടിയാണ് കഫേ കോഫി ഡേ ബംഗളൂരുവിലെ പ്രത്യേക സാമ്പത്തിക മേഖലയില്‍ 90 ഏക്കറിലായി പരന്നുകിടക്കുന്ന ടെക് പാര്‍ക്ക് വില്‍ക്കുന്നത്. ഗ്ലോബല്‍ വില്ലേജ് ടെക് പാര്‍ക്കിന്റെ ഓഹരികള്‍ വിറ്റഴിക്കുന്നതിന് കോഫി ഡേ ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കിക്കഴിഞ്ഞു. കോഫി ഡേയുടെ പ്രവര്‍ത്തനം നിര്‍ത്തിയ അനുബന്ധ സ്ഥാപനമായ ആല്‍ഫ ഗ്രെപ് സെക്യൂരിറ്റീസിന്റെയും ഓഹരി വില്പനയ്ക്ക് ബോര്‍ഡ് അംഗീകാരം നല്‍കിയിട്ടുണ്ട്. ഏകദേശം രണ്ട് മാസത്തിനുള്ളില്‍ വില്പന പൂര്‍ത്തീകരിക്കാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

മാര്‍ച്ച് 31ലെ കണക്ക് പ്രകാരം കോഫി ഡേയുടെ കടബാധ്യത 7,653 കോടിയാണ്. 11,259 കോടിയാണ് ഗ്രൂപ്പിന്റെ മൊത്തം ആസ്തി. കഫേ കോഫി ഡേ സ്ഥാപകന്‍ വി.ജി. സിദ്ധാര്‍ത്ഥയുടെ മരണത്തോടെയാണ് കമ്പനിയുടെ കടബാധ്യത സംബന്ധിച്ച വിവരങ്ങള്‍ പുറംലോകം അറിയുന്നത്. ഇതേത്തുടര്‍ന്ന്, കടം തീര്‍ക്കാനുള്ള തിരക്കിട്ട നീക്കങ്ങളാണ് കമ്പനിക്കകത്ത് നടക്കുന്നത്. ബ്ലാക്സ്റ്റോണുമായുള്ള ഇടപാട് വിജയിച്ചാല്‍ കോഫി ഡേയുടെ കടത്തില്‍ പകുതിയോളം കുറവുണ്ടാകും. സിദ്ധാര്‍ത്ഥയുടെ മരണത്തോടെ ഓഹരി വിപണിയില്‍ കനത്ത നഷ്ടമാണ് കോഫി ഡേയ്ക്കുണ്ടായത്. ഈ ഇടിവ് തുടരുകയാണ്.

cafe coffee day selling share