പ്രധാന കമ്പനികളുടെ ഓഹരികള്‍ ഇടിയുന്നു

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ വ്യാപാര സമ്മര്‍ദ്ദം ദിവസങ്ങള്‍ പിന്നിടുന്തോറും വര്‍ദ്ധിക്കുകയാണ്.

author-image
online desk
New Update
പ്രധാന കമ്പനികളുടെ ഓഹരികള്‍ ഇടിയുന്നു

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ വ്യാപാര സമ്മര്‍ദ്ദം ദിവസങ്ങള്‍ പിന്നിടുന്തോറും വര്‍ദ്ധിക്കുകയാണ്. ടാറ്റാ മോട്ടോഴ്‌സ്, ഒഎന്‍ജിസി (ഓയില്‍ ആന്‍ഡ് നാഷ്വറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍, കോള്‍ ഇന്ത്യ, സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ (സെയില്‍) തുടങ്ങിയ ഓഹരികള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ്. മുംബൈ ഓഹരി വിപണിയിലെ എല്ലാ ക്യാപ്പുകളിലും വന്‍ ഇടിവ് പ്രകടമാണ്. 103 സ്റ്റോക്കുകളില്‍ വില്‍പ്പന സമ്മര്‍ദ്ദം അതിശക്തമാണ്. ഡിഎല്‍എഫ്, ടാറ്റാ സ്റ്റീല്‍, ഐടിസി, ഇന്ത്യാ സിമന്റ്്‌സ്, എന്‍ബിസിസി, ബിഎഎസ്എഫ് ഇന്ത്യ, ജിഐസി ഹൗസിംഗ് ഫിനാന്‍സ്, റെയ്മണ്ട് തുടങ്ങിയ ഓഹരികള്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണെന്ന് ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തത്.

ജൂലായ് അഞ്ചിലെ കേന്ദ്ര ബജറ്റിന് ശേഷമാണ് ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പന സമ്മര്‍ദ്ദം ശക്തമായത്. ജൂണ്‍ പാദത്തില്‍ കോര്‍പ്പറേറ്റ് ആദായത്തില്‍ ഇടിവുണ്ടായതും വിപണിയില്‍ പ്രതിസന്ധി വര്‍ധിക്കാനിടയാക്കി. 'ഇപ്പോഴുളള വെല്ലുവിളി നിറഞ്ഞ വളര്‍ച്ച അന്തരീക്ഷം ഞങ്ങള്‍ അംഗീകരിക്കുമ്പോള്‍ തന്നെ കഴിഞ്ഞ ബജറ്റ് ദിനം മുതലാണ് കാര്യങ്ങള്‍ ശുഭാപ്തി വിശ്വാസമില്ലാത്ത അവസ്ഥയിലേക്ക് മാറിയത്' ഐസിഐസിഐ സെക്യൂരിറ്റീസ് ഉദ്യോഗസ്ഥന്‍ വിനോദ് കാര്‍കി വ്യക്തമാക്കുന്നു. വിപണി നേരിടുന്ന പ്രതിസന്ധി ദിവസം കഴിയുന്തോറും രൂക്ഷമാകുകയാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.

ഇപ്പോഴുളള മാന്ദ്യം കണക്കിലെടുക്കുമ്പോള്‍, അടുത്ത ചില പാദങ്ങളില്‍ കൂടി കോര്‍പ്പറേറ്റ് വരുമാനത്തില്‍ വന്‍ ഇടിവ് ഉണ്ടാകുമെന്ന് വിപണി നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 50 തിന്റെ മാര്‍ച്ച് 2020 ലെ പ്രതീക്ഷിത നേട്ടം നൊമുറ വെട്ടിക്കുറച്ചു. നേരത്തെ നിഫ്റ്റി 2020 മാര്‍ച്ച് ആകുമ്പോഴേക്കും 12,900 ലേക്ക് ഉയരുമെന്നാണ് നൊമുറ പ്രവചിച്ചിരുന്നത്. എന്നാല്‍ അത് 8.5 ശതമാന ഉയര്‍ന്ന് 11,800 ലേക്ക് മാത്രമേ എത്തൂ എന്നാണ് നൊമുറയുടെ പുതിയ നിഗമനം.

ആഗസ്റ്റ് മാസത്തിന്റെ ആദ്യപകുതിയില്‍ ഇന്ത്യന്‍ മൂലധന വിപണിയില്‍ നിന്നും വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) പിന്‍വലിച്ചത് 10,416.25 കോടി. ആഗസ്റ്റ് ഒന്ന് മുതല്‍ 16 വരെയുളള കണക്കുകള്‍ പ്രകാരമാണിത്. പ്രധാനമായും ആഗോള പ്രതിസന്ധികളും ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ എഫ്പിഐ നികുതിയുമാണ് വന്‍ തോതില്‍ നിക്ഷേപം പിന്‍വലിക്കുന്ന അവസ്ഥയിലേക്ക് നിക്ഷേപകരെ എത്തിച്ചത്. ഇക്കാലയിളവില്‍ ഇന്ത്യന്‍ മൂലധന വിപണിയില്‍ നിക്ഷേപമായി എത്തിയത് 2,096.38 കോടി രൂപ മാത്രവും.

companies share declines