പ്രളയവും കോവിഡും; പൂട്ടിപ്പോയത് അയ്യായിരത്തോളം കച്ചവട സ്ഥാപനങ്ങള്‍

By priya.09 08 2022

imran-azhar

 


കൊച്ചി: പ്രളയവും കോവിഡും മുലമുണ്ടായ പ്രതിസന്ധിയില്‍ സംസ്ഥാനത്ത് അയ്യായിരത്തോളം കച്ചവട സ്ഥാപനങ്ങളാണ് പൂട്ടിക്കെട്ടിയത്.രണ്ട് വര്‍ഷം ഉണ്ടായ പ്രളയത്തില്‍ ആയിരത്തോളം കടകളാണ് പൂട്ടിപ്പോയത്. കോവിഡ് മഹാമാരി കൂടി എത്തിയതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കി.ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് 4,000 വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ടി വന്നിട്ടുണ്ടെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് (സി.എ.ഐ.ടി.) കേരള ഘടകവും പറയുന്നു.


കൂടാതെ സംസ്ഥാനത്ത് റോഡ് വികസന പ്രവര്‍ത്തനങ്ങളുടെ പേരിലും വ്യാപാരികള്‍ കുടിയൊഴിപ്പിക്കപ്പെട്ടിട്ടുമുണ്ട്. വ്യാപാരി അസോസിയേഷനുകളുടെ കണക്ക് അനുസരിച്ച് 2018-2022 കാലയളവില്‍ രണ്ടായിരത്തോളം കടകളാണ് ഒഴിപ്പിച്ചിരിക്കുന്നത്. ഇവരില്‍ ചുരുക്കം വ്യാപാര സ്ഥാപനങ്ങള്‍ക്ക് മാത്രമേ മറ്റിടങ്ങളിലേക്ക് മാറി പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ സാധിച്ചിട്ടുള്ളൂ.

 

കൊച്ചിയില്‍ വികസനത്തിന്റെ പേരില്‍ പ്രതാപം കുറഞ്ഞ ഇടങ്ങളുടെ പട്ടികയില്‍ ഒരുകാലത്ത് വ്യാപാര സ്ഥാപനങ്ങളുടെ കേന്ദ്രമായിരുന്ന എം.ജി. റോഡുമുണ്ട്. ഇവിടെ നിരവധി വ്യാപാര സ്ഥാപനങ്ങളാണ് കച്ചവടം നിര്‍ത്തി 'വില്പനയ്ക്ക്', 'പാട്ടത്തിന്', 'വാടകയ്ക്ക്' എന്നിങ്ങനെ ബോര്‍ഡുകളെഴുതി ഒഴിച്ചിട്ടിരിക്കുന്നത്.

 

മെട്രോയുടെയും അതോടനുബന്ധിച്ച വികസന പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ട് എം.ജി. റോഡ് പരിസരത്ത് ഉണ്ടായിരുന്ന മിക്ക കടകളിലും വ്യാപാരം കുറഞ്ഞു. പാര്‍ക്കിങ് സൗകര്യമുള്ള കടകളില്‍ മാത്രം ആളുകള്‍ കയറുന്ന അവസ്ഥയാണ്. കോവിഡ് ലോക്ഡൗണും കോര്‍പ്പറേഷന്‍ നികുതിയും വാടകയുമെല്ലാം താങ്ങാന്‍ കഴിയാതിരുന്നതോടെയാണ് പലരും കടകളൊഴിഞ്ഞു പോകാന്‍ നിര്‍ബന്ധിതരായത്.

 

 

 

 

OTHER SECTIONS