ഡെബിറ്റ് കാര്‍ഡുകളുടെ എണ്ണത്തില്‍ വന്‍ ഇടിവ്

മാഗ്‌നറ്റിക് സ്ട്രിപ്പ് കാര്‍ഡുകളില്‍ നിന്ന് പുതിയ ഇഎംവി ചിപ്പ് അധിഷ്ഠിത കാര്‍ഡുകളിലേക്ക് മാറിയത് ഡെബിറ്റ് കാര്‍ഡുകളുടെ എണ്ണം കുറയാന്‍ ഒരു കാരണമായി.

author-image
online desk
New Update
ഡെബിറ്റ് കാര്‍ഡുകളുടെ എണ്ണത്തില്‍ വന്‍ ഇടിവ്

രാജ്യത്ത് ഡെബിറ്റ് കാര്‍ഡുകളുടെ എണ്ണം കുറയുന്നു. 2018 ഒക്ടോബറില്‍ ഇന്ത്യയിലെ ഡെബിറ്റ് കാര്‍ഡുകളുടെ എണ്ണം ഒരു ബില്ല്യണിന് അടുത്ത് എത്തിയിരുന്നു. 998 മില്ല്യണ്‍ ഡെബിറ്റ് കാര്‍ഡുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ കാര്‍ഡുകളുടെ എണ്ണത്തില്‍ 15 ശതമാനമാണ് ഇടിവ് സംഭവിച്ചത്. മാഗ്‌നറ്റിക് സ്ട്രിപ്പ് കാര്‍ഡുകളില്‍ നിന്ന് പുതിയ ഇഎംവി ചിപ്പ് അധിഷ്ഠിത കാര്‍ഡുകളിലേക്ക് മാറിയത് ഡെബിറ്റ് കാര്‍ഡുകളുടെ എണ്ണം കുറയാന്‍ ഒരു കാരണമായി.

വിപണിയില്‍ നിന്ന് ഏകദേശം 155 ദശലക്ഷം കാര്‍ഡുകള്‍ ഇതിനെത്തുടര്‍ന്ന് പുറത്ത് പോയതായി ബാങ്കുകള്‍ വ്യക്തമാക്കുന്നു. ഇനിയും ധാരാളം ഉപഭോക്താക്കള്‍ ഇഎംവി ചിപ്പ് കാര്‍ഡുകളിലേക്ക് മാറാനുണ്ടെന്നാണ് സൂചന. കൂടാതെ വളരെ കാലമായി ഇടപാടുകളൊന്നും നടത്താതെയുള്ള സേവിംഗ്‌സ് അക്കൗണ്ടുകളുടെ ഡെബിറ്റ് കാര്‍ഡുകള്‍ ബാങ്കുകള്‍ നിര്‍ത്താലാക്കുന്നതും ഡെബിറ്റ് കാര്‍ഡുകളുടെ എണ്ണത്തില്‍ കുറവ് വരാന്‍ കാരണമാവുന്നുണ്ട്.

ഇഎംവി ചിപ്പ് കാര്‍ഡുകള്‍ കൂടുതല്‍ സുരക്ഷിതമായതിനാലാണ് ആര്‍ബിഐയുടെ നിര്‍ദ്ദേശപ്രകാരം ബാങ്കുകള്‍ ഇതിലേക്ക് മാറിയത്. ഈ വര്‍ഷത്തോടെയാണ് മിക്ക സ്വകാര്യ ബാങ്കുകളും പൊതുമേഖലാ ബാങ്കുകളും പുതിയ ഇഎംവി ചിപ്പ് കാര്‍ഡുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയത്. കൂടാതെ മാഗ്‌നറ്റിക് സ്ടിപ് കാര്‍ഡുകള്‍ ബ്ലോക്കുചെയ്യുകയും ചെയ്തു. എന്നാല്‍ ഇതോടെ ഡെബിറ്റ് കാര്‍ഡുകളുടെ എണ്ണത്തില്‍ കുറവുണ്ടായി. അതേസമയം രാജ്യത്തെ ജന്‍ധന്‍ അക്കൗണ്ടുകള്‍ വഴി വിതരണം ചെയ്യുന്ന റൂപേ കാര്‍ഡുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ജന്‍ധന്‍ അക്കൗണ്ട് ഉടമകളുടെ കാര്‍ഡ് ഉപയോഗത്തില്‍ പ്രതിവര്‍ഷം 13 ശതമാനമാണ് വര്‍ദ്ധനവ് രേഖപ്പെടുത്തിയത്.

debit cards