ആഗോളതലത്തില്‍ വ്യക്തിമുദ്ര പതിപ്പിക്കുന്ന പ്രവാസി ഇന്ത്യക്കാരുടെ പട്ടികയില്‍ ഡോ.ഷംഷീര്‍ വയലിലും തോമസ് കുര്യനും

By online desk.15 07 2019

imran-azhar

 

ന്യൂഡല്‍ഹി : ആഗോള തലത്തില്‍ തിളങ്ങി നില്‍ക്കുന്നതും ഭാവിയില്‍ നിര്‍ണ്ണായക നേട്ടങ്ങള്‍ കൈവരിക്കാന്‍ ശേഷിയുള്ളതുമായ പ്രവാസി ഇന്ത്യക്കാരുടെ പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ് രണ്ടു മലയാളികള്‍. വി.പി.എസ് ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ: ഷംഷീര്‍ വയലിലും ഗൂഗിള്‍ ക്ലൗഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ തോമസ് കുര്യനും.

 

വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച 14 പേരുടെ പട്ടിക ഇക്കണോമിക് ടൈംസ് മാഗസിനാണ് തയ്യാറാക്കിയത്. 42കാരനായ ഡോ: ഷംഷീര്‍ വയലിന്റെ ആസ്തി 2019 ജൂണിലെ ഫോബ്‌സ് റിപ്പോര്‍ട്ട് പ്രകാരം 1.4 ബില്യന്‍ ഡോളര്‍. എന്നാല്‍ സമ്പത്തിനേക്കാള്‍ ഡോ: ഷംസീറിന്റെ സാമൂഹ്യ ഇടപെടലുകളാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നതെന്ന് ഇക്കണോമിക് ടൈംസ് മാഗസിന്‍ വിലയിരുത്തുന്നു.

 

രാജ്യ വികസനത്തിന് നിര്‍ണായക സംഭാവന നല്‍കുന്ന പ്രവാസികള്‍ക്ക് അവരുടെ തൊഴിലിടത്തു നിന്നു തന്നെ വോട്ട് ചെയ്യാന്‍ അനുമതി തേടി 2013ലാണ് ഡോ: ഷംഷീര്‍ സുപ്രീംകോടതിയില്‍ പൊതു താത്പര്യ ഹര്‍ജി നല്‍കിയത്. കോടതി ഇടപെടലിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഇതിനായി ബില്‍ കൊണ്ടുവന്നു. ബില്‍ 2017ല്‍ ലോക്സഭ പാസാക്കി. വൈകാതെ രാജ്യസഭ പാസാക്കുമെന്ന പ്രതീക്ഷയിലാണ് ഡോ ഷംഷീര്‍.

 

യുഎഇയില്‍ സ്ഥിരതാമസത്തിന് അനുമതി നല്‍കുന്ന ഗോള്‍ഡ് കാര്‍ഡ് ഡോ ഷംഷീറിന് യുഎഇ സര്‍ക്കാര്‍ നല്‍കിയിരുന്നു. കോഴിക്കോട് സ്വദേശിയായ ഷംഷീര്‍ ചെന്നൈയില്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് ശേഷം റേഡിയോളജിസ്റ്റായാണ് യുഎഇയില്‍ എത്തുന്നത്. 2007 എല്‍എല്‍എച്ച് ആശുപത്രി അബുദാബിയില്‍ സ്ഥാപിച്ചു.

 

യുഎഇയും ഇന്ത്യയും അടക്കം ആറു രാജ്യങ്ങളിലെ 23 ആശുപത്രികളും 125 ഹെല്‍ത്ത് സെന്ററുകളും യുഎഇയിലെ ഏറ്റവും വലിയ ഔഷധ നിര്‍മ്മാണശാലയും അടങ്ങുന്നതാണ് ഡോ: ഷംഷീറിന്റെ വിപിഎസ് ഹെല്‍ത്ത് കെയര്‍. സ്വപ്ന പദ്ധതിയായ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി അബുദാബിയിലെ മുഹമ്മദ് ബിന്‍ സയ്യിദ് സിറ്റിയില്‍ ഈ വര്‍ഷം പ്രവര്‍ത്തനം തുടങ്ങും.

 

സാമൂഹ്യ സേവന രംഗത്ത് ഡോ:ഷംഷീര്‍ നടത്തിയ പ്രവര്‍ത്തനങ്ങളും മാഗസിന്‍ എടുത്തു പറയുന്നു. കേരളത്തിലെ പ്രളയ പുനര്‍ നിര്‍മ്മാണത്തിനും സിറിയന്‍ അഭയാര്‍ഥികള്‍ക്കും നല്‍കിയ സഹായങ്ങളും സൗജന്യ ഹൃദയ ശസ്ത്രക്രിയ സഹായവുമാണ് ഇതില്‍ പ്രധാനം.

 

ഗൂഗിള്‍ ക്ലൗഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ തോമസ് കുര്യന്‍ (50) സാങ്കേതിക രംഗത്തു മലയാളിയുടെ അഭിമാനമാണ്. 22 വര്‍ഷം ഒറാക്കിളില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം 32 രാജ്യങ്ങളിലെ കമ്ബനിയുടെ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയിരുന്നു. 35,000 സാങ്കേതിക വിദഗ്ദരാണ് അദ്ദേഹത്തിന് കീഴില്‍ പ്രവര്‍ച്ചിരുന്നത്. കഴിഞ്ഞ നവംബറിലാണ് തോമസ് കുര്യന്‍ ഗൂഗിള്‍ ക്ലൗഡ് സിഇഒ ആയി ചുമതലയേറ്റത്.

 

മക് കിന്‍സെയില്‍ ബിസിനസ് അനലിസ്റ്റ്, എന്‍ഗേജ്‌മെന്റ് മാനേജര്‍ പദവികള്‍ അദ്ദേഹം വച്ചിരിക്കുന്നു. പാമ്ബാടി സ്വദേശിയായ കുര്യന്‍ സ്റ്റാന്‍ഫോഡ് സര്‍വകലാശാലയില്‍ നിന്നാണ് എംബിഎ നേടിയത്. സ്ഥാന്‍ഫോര്‍ഡ് ഗ്രാജുവേറ്റ് സ്‌കൂള്‍ ഓഫ് ബിസിനസ് അഡൈ്വസറി കൗണ്സില്‍, പ്രിന്‍സ്റ്റന്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് അഡൈ്വസറി കൗണ്സില്‍ അംഗമാണ് അദ്ദേഹം.

 

വിമിയോ സി.ഇ.ഒ അഞ്ജലി സൂദ്, മിന്നിയപോളിസ് ഫെഡറല്‍ റിസര്‍വ് ബാങ്ക് പ്രസിഡന്റും സിഇഒയുമായ നീല്‍ കഷ്‌കാരി, യുഎസ് ഇക്കണോമിക് ആന്‍ഡ് റിസ്‌ക് അനാലിസിസ് ഡിവിഷന്‍ ചീഫ് എക്കണോമിക്സ്റ്റ് എസ്പി കോത്താരി, ജനറൽ മോട്ടോഴ്‌സ് ഡയറക്ടര്‍ ദിവ്യ സൂര്യദേവ്ര, ബിഡ്കോ ആഫ്രിക്ക ചെയര്‍മാന്‍ വിമല്‍ ഷാ, തുടങ്ങിയവരാണ് പട്ടികയില്‍ ഇടം നേടിയ മറ്റ് പ്രമുഖര്‍.

 

 

 

 

 

 

 

OTHER SECTIONS