സ്വര്‍ണ വില കുറയുന്നു; പലിശ നിരക്ക് 9 ശതമാനത്തിനും താഴെ

43,280 രൂപയിലാണ് സ്വര്‍ണ വില എത്തിയിരിക്കുന്നത്. ഒരാഴ്ചയ്ക്കിടെ 440 രൂപയാണ് സ്വര്‍ണ വിലയില്‍ കുറഞ്ഞത്.

author-image
Greeshma Rakesh
New Update
സ്വര്‍ണ വില കുറയുന്നു; പലിശ നിരക്ക് 9 ശതമാനത്തിനും താഴെ

തിരുവനന്തപുരം: പെട്ടന്ന് പണത്തിന് ആവശ്യം വന്നാല്‍ പലരും തിരഞ്ഞെടുക്കുന്നൊരു മാര്‍ഗം കയ്യിലുള്ള സ്വര്‍ണം പണയം വെയ്ക്കുക എന്നതാണ്.ഞൊടിയിടയില്‍ പണം ലഭിക്കുമെന്നതാണ് സ്വര്‍ണ പണയ വായ്പകളുടെ പ്രസക്തി. സ്വര്‍ണാഭരണങ്ങളോ നാണയങ്ങളോ പണയം നല്‍കിയാല്‍ മാന്യമായ നിരക്കിലുള്ള പലിശയില്‍ ബാങ്കുകളോ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളോ വായ്പ നല്‍കുന്നുണ്ട്.

സ്വര്‍ണ വില കുറയുകയാണ്. 43,280 രൂപയിലാണ് സ്വര്‍ണ വില എത്തിയിരിക്കുന്നത്. ഒരാഴ്ചയ്ക്കിടെ 440 രൂപയാണ് സ്വര്‍ണ വിലയില്‍ കുറഞ്ഞത്. വില കുറഞ്ഞിരിക്കുമ്പോള്‍ സ്വര്‍ണം പണയം വയ്ക്കുന്നതിന് പല ഘടകങ്ങളും പരിഗണിക്കേണ്ടതുണ്ട്.മറ്റു വായ്പകളെ സംബന്ധിച്ച് എളുപ്പത്തില്‍ ലഭിക്കും എന്നതാണ് സ്വര്‍ണ പണയ വായ്പകളുടെ പ്രധാന നേട്ടം.

സ്വര്‍ണം ഈടായി നല്‍കുന്നതിനാല്‍ സ്വര്‍ണത്തിന്റെ മൂല്യം കണക്കാക്കിയാണ് ബാങ്ക് പണം അനുവദിക്കുന്നത്. ഇവിടെ വായ്പകാരന്റെ ക്രെഡിറ്റ് ചരിത്രം ബാങ്ക് പരിഗണിക്കില്ല. അതിനാല്‍ അത്യാവശ്യ സമയത്ത് വേഗത്തില്‍ പണ ലഭ്യത ഉറപ്പാക്കുന്നു. കുറഞ്ഞ ക്രെഡിറ്റ് സ്‌കോറുള്ള വ്യക്തിക്കും വായ്പ ലഭിക്കും. മികച്ച ക്രെഡിറ്റ് സ്‌കോറാണെങ്കില്‍ പലിശ നിരക്കില്‍ ഇളവ് ആവശ്യപ്പെടാനും സാധിക്കും.

ഈടായി നല്‍കിയിട്ടുള്ള സ്വര്‍ണത്തിന്റെ മൂല്യം അനുസരിച്ചാണ് വായ്പ തുക നിശ്ചയിക്കുന്നത് എന്നതിനാല്‍ സ്വര്‍ണ വില കുറയുന്നത് പണയം വെയ്ക്കുന്ന ആളെ സംബന്ധിച്ച് പ്രതിസന്ധിയാണ്. ഇത് കടം വാങ്ങാനുള്ള ശേഷി പരിമിതപ്പെടുത്തും. സ്വര്‍ണ വില ചാഞ്ചാട്ടുന്ന സ്വഭാവം കാണിക്കുന്നവയാണ്.

വായ്പ കാലയളവില്‍ സ്വര്‍ണത്തിന്റെ മൂല്യം ഗണ്യമായി കുറയുകയാണെങ്കില്‍ ഈടിന്റെ മൂല്യം അപര്യാപ്തമായി വരുമ്പോള്‍ വായ്പ തിരിച്ചടയ്ക്കുന്നതില്‍ കടം വാങ്ങുന്നയാള്‍ക്ക് വെല്ലുവിളികള്‍ നേരിടും.

ബാങ്കുകള്‍ ലോണ്‍-ടു-വാല്യൂ അനുപാതം പരിഗണിച്ച് സ്വര്‍ണത്തിന്റെ മൂല്യത്തിന്റെ നിശ്ചിത ശതമാനം മാത്രമാണ് വായ്പ നല്‍കുന്നത്. അത് സ്വര്‍ണത്തിന്റെ യഥാര്‍ത്ഥ വിപണി മൂല്യത്തേക്കാള്‍ കുറവായിരിക്കാം. വില കുറഞ്ഞിരിക്കുന്ന സമയത്ത് ലഭിക്കുന്ന തുകയെ ഇത് സ്വാധീനിക്കും.

Gold price kerala interest rate Bussiness News