ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുള്ള രത്ന, ആഭരണക്കയറ്റുമതി കുറഞ്ഞു

By Online Desk .13 06 2019

imran-azhar

 

 

ദുബായ്: ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുള്ള രത്ന, ആഭരണ കയറ്റുമതിയില്‍ ഇടിവ്. ഇന്ത്യയുടെ പ്രധാന കയറ്റുമതി ഉല്‍പ്പന്നങ്ങളില്‍ ഒന്നും കഴിഞ്ഞ വര്‍ഷം വരെ മികച്ച വരുമാനം രാജ്യത്തിന് നേടിക്കൊടുത്തതുമായ രത്ന, ആഭരണക്കയറ്റുമതിയില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി തുടര്‍ച്ചയായി ഇടിവ് നേരിടുകയാണെന്ന് കയറ്റുമതിയുമായി ബന്ധപ്പെട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
അന്താരാഷ്ട്ര വിപണിയില്‍ രത്ന, ആഭരണങ്ങളുടെ ആവശ്യകതയിലുണ്ടായ തകര്‍ച്ചയും പണ ലഭ്യതയുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ വിപണി നേരിടുന്ന പ്രശ്നങ്ങളുമാണ് കയറ്റുമതിയില്‍ ഇടിവുണ്ടാകാനുള്ള പ്രധാന കാരണങ്ങളെന്ന് ജൂവല്‍റികളുടെ സംഘടനയായ ഇന്ത്യന്‍ ബുള്ളിയണ്‍ ആന്‍ഡ് ജൂവലേഴ്സ് അസോസിയേഷന്‍(ഐബിജെഎ) സെക്രട്ടറി സുരേഷ് മേത്ത പറഞ്ഞു.
ഈ വര്‍ഷം ഏപ്രിലില്‍ രത്ന, ആഭരണങ്ങളുടെ കയറ്റുമതിയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 13.7 ശതമാനത്തിന്റെ ഇടിവുണ്ടായതായി വാണിജ്യ വകുപ്പില്‍ നിന്നുള്ള കയറ്റുമതി കണക്കുകള്‍ വ്യക്തമാക്കുന്നു. 2019 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ നിന്നുള്ള രത്ന, ആഭരണക്കയറ്റുമതിയില്‍ 3.26 ശതമാനം കുറവ് രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ നിന്നും 41.54 ബില്യണ്‍ ഡോളറിന്റെ രത്ന, ആഭരണങ്ങള്‍ കയറ്റുമതി ചെയ്തപ്പോള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം അത് 40.19 ബില്യണ്‍ ഡോളറായി കുറഞ്ഞു.

 

ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യുന്ന രത്ന, ആഭരണങ്ങളില്‍ 75 ശതമാനവും യുഎഇയിലേക്കാണ്. യുഎഇയില്‍ തന്നെ ദുബായിയാണ് ഇന്ത്യയില്‍ നിന്നുള്ള ഭൂരിഭാഗം സ്വര്‍ണാഭരണങ്ങളും ഇറക്കുമതി ചെയ്യുന്നത്. ആഭരണക്കയറ്റുമതിയില്‍ ഇന്ത്യയുടെ പ്രധാന കയറ്റുമതി വിപണി എന്നതിന് ഉപരിയായി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ജൂവല്‍റി, ടൈറ്റന്‍, കല്യാണ്‍ ജൂവലേഴ്സ് തുടങ്ങി ഇന്ത്യയില്‍ നിന്നുള്ള നിരവധി ആഭരണ റീറ്റെയ്ല്‍ ശൃംഖലകളുടെ കേന്ദ്രം കൂടിയാണ് യുഇഎ. യുഎഇയിലെ പ്രധാന നഗരങ്ങളിലെല്ലാം തന്നെ ഇന്ത്യയില്‍ നിന്നുള്ള ജൂവലറി ഗ്രൂപ്പുകളുടെ സാന്നിദ്ധ്യമുണ്ട്.2018-19 വര്‍ഷത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ആകെ കയറ്റുമതിയില്‍ 12 ശതമാനം രത്ന, ആഭരണ ഉല്‍പ്പന്നങ്ങളായിരുന്നു. എന്നാല്‍ ഇത്തവണ അത് 11 ശതമാനമായി കുറഞ്ഞു.

OTHER SECTIONS