ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് ഡിജിസിഎയുടെ വിലക്ക്

By online desk.27 11 2019

imran-azhar

 

ന്യൂ ഡല്‍ഹി : രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ എയര്‍ബസ് എ320, 321 എന്നിവക്ക് ഡിജിസിഎയുടെ (ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) വിലക്ക്. ടൈറ്റാനിയം ഉപയോഗിച്ച് നിര്‍മിച്ച ടര്‍ബൈനുകളാണ് വിലക്കിന് കാരണം. ഇത് യാത്രാമധ്യേ ആകാശത്ത് വച്ച് അപകടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

 

നിക്കല്‍- ക്രോമിയം അലോയ് ഉപയോഗിച്ച് ടര്‍ബൈന്‍ ബ്ലേഡുകള്‍ പുന: സ്ഥാപിച്ചാല്‍ മാത്രമേ ഇനി ഈ വിമാനങ്ങള്‍ സര്‍വ്വീസ് നടത്താനാവൂ. ഇന്റിഗോയുടെ 110 വിമാനങ്ങളെ ഈ തീരുമാനം തിരിച്ചടിക്കും. പ്രാറ്റ് ആന്റ് വിറ്റ്‌നീ കമ്പനി നിര്‍മിച്ച ഇവയുടെ എന്‍ജിനുകള്‍ 2006ല്‍ ഏറ്റെടുത്ത കാലം മുതല്‍ പ്രശ്‌നക്കാരാണ്. ഇന്ത്യയില്‍ അതിവേഗം വളരുന്ന വിമാനക്കമ്പനിയാണ് ഇന്ന് ഇന്‍ഡിഗോ. എന്നാല്‍, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 13 അപകടങ്ങളാണ് ഇത്തരത്തില്‍ ഉണ്ടായത്. ഇതില്‍ തന്നെ നാലെണ്ണം ഒക്ടോബറില്‍ ഒരൊറ്റ ആഴ്ചയില്‍ ഉണ്ടായതാണ്.

 

പുതിയ വിമാനങ്ങള്‍ എത്തുന്നത് വരെ പുതിയ റൂട്ടുകള്‍ തുറക്കാനും നിലവിലെ റൂട്ടുകളില്‍ വിമാന സര്‍വ്വീസുകളുടെ എണ്ണം കൂട്ടാനും കമ്പനിക്ക് സാധിക്കില്ല. പ്രാറ്റ് ആന്റ് വിറ്റ്‌നി കമ്പനിക്ക് എത്ര വേഗത്തില്‍ എന്‍ജിനുകള്‍ മാറ്റിസ്ഥാപിക്കാന്‍ കഴിയുമെന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഇനി കമ്പനിയുടെ പ്രവര്‍ത്തനം. ഒരു വര്‍ഷത്തേക്കെങ്കിലും കമ്പനിയുടെ വികസന പദ്ധതികള്‍ തടസപ്പെടാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ 98 എ320,321 വിമാനങ്ങളാണ് കമ്പനിക്ക് ഉള്ളത്. ഇതില്‍ 52 എണ്ണത്തിനും മോഡിഫൈഡ് ബ്ലേഡാണെന്നും കമ്പനിയുടെ വക്താവ് പറഞ്ഞു. ഡിജിസിഎ തീരുമാനം സര്‍വ്വീസിനെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

തിങ്കളാഴ്ചയാണ് ഡിജിസിഎ തീരുമാനം ഉണ്ടായത്. 2020 ജനുവരി 31 വരെ കമ്പനിക്ക് എന്‍ജിനുകള്‍ മാറ്റാന്‍ ഡിജിസിഎ നേരത്തെ സമയം അനുവദിച്ചിരുന്നു. എന്നാല്‍, ഇത് സാധ്യമല്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ഈ വിമാനങ്ങള്‍ റദ്ദാക്കാന്‍ തീരുമാനിച്ചത്.

OTHER SECTIONS