ഇന്‍ഫോസിസിന്റെ ഓഹരി വിലയില്‍ 11% ഇടിവ്, വന്‍ തിരിച്ചടി

ഐടി പ്രമുഖരായ ഇന്‍ഫോസിസിന്റെ ഓഹരി വില, 2023 ഏപ്രില്‍ 17 തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോള്‍ അഭൂതപൂര്‍വമായി ഇടിഞ്ഞു.

author-image
Web Desk
New Update
ഇന്‍ഫോസിസിന്റെ ഓഹരി വിലയില്‍ 11% ഇടിവ്, വന്‍ തിരിച്ചടി

മുംബൈ: ഐടി പ്രമുഖരായ ഇന്‍ഫോസിസിന്റെ ഓഹരി വില, 2023 ഏപ്രില്‍ 17 തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോള്‍ അഭൂതപൂര്‍വമായി ഇടിഞ്ഞു. 11% ഇടിഞ്ഞ് താഴ്ന്ന നിലയിലെത്തി. തുടര്‍ന്ന് ഓഹരി വ്യാപാരം കുറച്ചുനേരം നിര്‍ത്തിവച്ചു. എന്‍എസ്ഇയില്‍ ഇന്‍ഫോസിസിന്റെ ഷെയര്‍ 1229.30 രൂപയ്ക്കായിരുന്നു വില്‍പ്പന നടന്നിരുന്നത്. എന്നാല്‍, പിന്നീട് ഓഹരി വിലയില്‍ 160.90 രൂപയുടെ കുറവുണ്ടായി. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഷെയര്‍ വില 1249.75 രൂപയായിരുന്നു. പിന്നീട് വിലയില്‍, തിങ്കളാഴ്ച രാവിലെ 138.85 രൂപയുടെ കുറവാണ് ഉണ്ടായത്.

പ്രതീക്ഷിച്ച വളര്‍ച്ച നേടാനാവാതെ, കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജനുവരി-മാര്‍ച്ച് കാലയളവില്‍ മുന്‍പാദത്തെ അപേക്ഷിച്ച് ഇന്‍ഫോസിസിന്റെ ലാഭം 7 ശതമാനം ഇടിഞ്ഞിരുന്നു. 6,128 കോടി രൂപയാണ് ലാഭം. വരുമാനം 2.3 ശതമാനം ഇടിഞ്ഞ് 38,770 കോടിയിലെത്തി.

ഇന്‍ഫോസിസിന്റെ എതിരാളികളായ ടിസിഎസിനും നാലാം പാദത്തില്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായിരുന്നില്ല.

ഇന്‍ഫോസിസിന്റെ ഉപഭോക്താക്കളായ കമ്പനികള്‍ പ്രോജക്ടുകള്‍ അപ്രതീക്ഷിതമായി കുറച്ചത് വരുമാനത്തെ ബാധിച്ചെന്നാണ് സിഇഒ സലീല്‍ പരേഖ് പറഞ്ഞത്. അതേ സമയം മുന്‍വര്‍ഷം 2022 മര്‍ച്ചില്‍ അവസാനിച്ച ഇതേകാലയളവിനെ അപേക്ഷിച്ച് ലാഭവും വരുമാനവും ഉയര്‍ന്നു. ലാഭം 7.8 ശതമാനവും വരുമാനം 16 ശതമാനവും ആണ് കൂടിയത്.

2022-23 സാമ്പത്തിക വര്‍ഷം 4 പാദങ്ങളിലുമായി 1.46 ട്രില്യണ്‍ രൂപയുടെ വരുമാനം ഇന്‍ഫോസിസ് നേടി. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 20.70 ശതമാനത്തിന്റെ വര്‍ധനവാണിത്. ലാഭം 9 ശതമാനം ഉയര്‍ന്ന് 24,095 കോടി രൂപയായി.

ഓഹരി ഒന്നിന് 17.50 രൂപ നിരക്കില്‍ ലാഭവിഹിതവും ഇന്‍ഫോസിസ് പ്രഖ്യാപിച്ചു. കഴിഞ്ഞ ഒക്ടോബറില്‍ ഇടക്കാല ലാഭവിഹിതമായി 16.50 രൂപയും കമ്പനി നല്‍കിയിരുന്നു. 2022-23 സാമ്പത്തിക വര്‍ഷം നിക്ഷേപകര്‍ക്ക് ആകെ 34 രൂപയാണ് ലാഭവിഹിതമായി ലഭിക്കുന്നത്.

ഇന്‍ഫോസിസ് സ്ഥാപക ചെയര്‍മാന്‍ എന്‍.ആര്‍ നാരായണ മൂര്‍ത്തിയുടെ മകളും ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകിന്റെ ഭാര്യയുമായ അക്ഷത മൂര്‍ത്തിക്ക് 132.4 കോടി രൂപയാണ് ലാഭവിഹിതമായി കിട്ടുക. നാലാംപാദത്തിലെ മാത്രം ലാഭവിഹിതം 68.17 കോടി രൂപ വരും. 3.89 കോടി ഓഹരികളാണ് അക്ഷതയ്ക്ക് ഇന്‍ഫോസിസിലുള്ളത്.

പാദഫലം പുറത്തുവന്നയുടന്‍ ഇന്‍ഫോസിസ് ഓഹരികള്‍ 3.14 ശതമാനം ആണ് ഇടിഞ്ഞിരുന്നു.

business share market infosys