ജിയോ ഉപഭോക്താക്കള്‍ക്ക് വന്‍ തിരിച്ചടി : റിലയന്‍സ് ജിയോ ഫ്രീ വോയ്‌സ് കാള്‍ അവസാനിപ്പിക്കുന്നു

By online desk.10 10 2019

imran-azhar

 

മുംബൈ : രാജ്യത്തെ മുന്‍നിര ടെലികോം സേവന ദാതാക്കളായ റിലയന്‍സ് ജിയോ ഫ്രീ വോയ്സ് കോള്‍ അവസാനിപ്പിക്കുന്നു. റിലയന്‍സിന്റെ പുതിയ തീരുമാനം ജിയോ ഉപഭോക്താക്കള്‍ക്ക് വന്‍ തിരിച്ചടിയായി. ട്രായ് ഐയുസി ചാര്‍ജ്ജിനുള്ള പുതിയ നിബന്ധന കര്‍ശനമാക്കിയതോടെ മറ്റു നെറ്റ് വര്‍ക്കുകളിലേക്കുള്ള കോളുകള്‍ക്ക് മിനിറ്റിന് 6 പൈസ ജിയോ ഉപഭോക്താക്കള്‍ നല്‍കേണ്ടി വരും. എന്നാല്‍ സ്വന്തം നെറ്റ് വര്‍ക്ക് വഴിയുള്ള വോയ്സ് കോളുകള്‍ക്ക് പണം ഈടാക്കുകയില്ല. എതിരാളികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് വോയ്സ് കോളുകള്‍ക്ക് പണം ഈടാക്കാന്‍ ജിയോ നിര്‍ബന്ധിതരായിരിക്കുന്നത്. എന്നാല്‍ വോയ്സ് കോളുകള്‍ക്ക് നഷ്ടപ്പെടുന്ന പണത്തിനു തുല്യ മൂല്യമുള്ള സൗജന്യ ഡേറ്റ ജിയോ ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരമായി നല്‍കും.

 

മറ്റ് ജിയോ ഫോണുകളിലേക്ക് ജിയോ ഉപയോക്താക്കള്‍ നടത്തുന്ന കോളുകള്‍ക്കും ലാന്‍ഡ്‌ലൈന്‍ ഫോണുകള്‍ക്കും വാട്സാപ്, ഫേസ്‌ടൈം, മറ്റ് പ്ലാറ്റ്ഫോമുകള്‍ എന്നിവ ഉപയോഗിച്ച് വിളിക്കുന്നതിനും ഈ നിരക്കുകള്‍ ബാധകമല്ല. എല്ലാ നെറ്റ് വര്‍ക്കുകളില്‍ നിന്നുമുള്ള ഇന്‍കമിംഗ് കോളുകളും സൗജന്യമായി തുടരും.

 

ഒരു ജിയോ ഉപഭോക്താവിന് 124 മിനിറ്റ് ഐയുസി കോള്‍ ചെയ്യാന്‍ 10 രൂപയക്ക് ടോപ് അപ് ചെയ്യേണ്ടി വരും. ഇതിനു പകരമായി 1 ജിബി ഡേറ്റ ഉപഭോക്താവിന് ജിയോ സൗജന്യമായി നല്‍കും. 20 രൂപയ്ക്ക് ടോപ് അപ് ചെയ്യേണ്ടി വന്നാല്‍ 2 ജിബി ഡേറ്റ ലഭിക്കും. ആദ്യമായാണ് ജിയോ ഉപയോക്താക്കള്‍ വോയ്‌സ് കോളുകള്‍ക്ക് പണം നല്‍കേണ്ടി വരുന്നത്. നിലവില്‍, ഡേറ്റയ്ക്ക് മാത്രമാണ് ജിയോ നിരക്ക് ഈടാക്കുന്നത്. കൂടാതെ രാജ്യത്തെവിടെയും ഏത് നെറ്റ് വര്‍ക്കിലേയ്ക്കും വോയ്‌സ് കോളുകള്‍ സൗജന്യമാണ്. ബുധനാഴ്ച മുതല്‍ ജിയോ ഉപഭോക്താക്കള്‍ ചെയ്യുന്ന എല്ലാ റീചാര്‍ജ്ജുകള്‍ക്കും മറ്റ് മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ക്കുള്ള കോളുകള്‍ക്ക് നിലവിലുള്ള ഐയുസി നിരക്കില്‍ മിനിറ്റിന് 6 പൈസ നിരക്കില്‍ ഐയുസി ടോപ്പ്-അപ്പ് വൗച്ചറുകള്‍ വഴി ചാര്‍ജ് ചെയ്യാം.

 

2017 ല്‍ ട്രായ് 14 പൈസയില്‍ നിന്ന് മിനിറ്റിന് 6 പൈസയായി ഇന്റര്‍കണക്ട് യൂസസ് ചാര്‍ജ് (ഐയുസി) വെട്ടിക്കുറച്ചിരുന്നു. ഇത് 2020 ജനുവരിയില്‍ അവസാനിപ്പിക്കുമെന്നും പറഞ്ഞിരുന്നു. ജിയോ നെറ്റ് വര്‍ക്കിലെ വോയ്‌സ് കോളുകള്‍ സൗജന്യമായതിനാല്‍, എതിരാളികളായ ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവയ്ക്ക് നല്‍കിയ 13,500 കോടി ഡോളര്‍ കമ്പനി വഹിക്കേണ്ടിവന്നു.

OTHER SECTIONS