രണ്ട് പുതിയ ടേം അഷ്വറൻസ് പ്ലാനുകൾ അവതരിപ്പിച്ച് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ. ന്യൂ ജീവൻ അമർ, ടെക് ടേം എന്നിവയാണ് പുതിയ പ്ലാനുകൾ. ജീവൻ അമർ, ടെക് ടേം എന്നിവ നോൺ-ലിങ്ക്ഡ്, നോൺ-പാർട്ടിസിപ്പേറ്റിംഗ് പ്ലാനുകളാണ്.നോൺ-ലിങ്ക്ഡ് പ്ലാനുകൾ ഓഹരി വിപണിയുമായി ബന്ധമില്ലാത്ത റിസ്ക് കുറഞ്ഞ ഉൽപ്പന്നങ്ങളാണ്.ഒരു ഉപഭോക്താവിന് ഒറ്റ പ്രീമിയം പേയ്‌മെന്റോ സാധാരണ പ്രീമിയം പേയ്‌മെന്റോ തിരഞ്ഞെടുക്കാം.
പരിമിതമായ പ്രീമിയം പേയ്‌മെന്റ് ഓപ്ഷനും എൽഐസി വാഗ്ദാനം ചെയ്യുന്നു. പുതിയ ജീവൻ അമർ പ്ലാനിന് കീഴിൽ സ്ത്രീകൾക്ക് പ്രത്യേക നിരക്കുകൾ ലഭിക്കും.സിംഗിൾ പ്രീമിയം പ്ലാൻ പ്രകാരം, ഏറ്റവും കുറഞ്ഞ പ്രീമിയം 30,000 രൂപയാണ്.സാധാരണ പ്രീമിയം പേയ്മെന്റ് ഓപ്‌ഷൻ 3,000 രൂപയാണ്.18 മുതൽ 65 വയസ്സുവരെയുള്ള പൗരന്മാർക്ക് പുതിയ ജീവൻ അമർ പോളിസി വാങ്ങാം. പോളിസി കാലാവധി 10 മുതൽ 40 വര്ഷം വരെയാണ്.
അതേസമയം, എൽ ഐ സിയുടെ ലാഭം കുതിച്ചുയർന്നു. പ്രീമിയം വരുമാനം 27 ശതമാനം ഉയർന്നു.അക്കൗണ്ടിങ് നയത്തിൽ വരുത്തിയ കാര്യമായ മാറ്റത്തെ തുടർന്ന് നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനവും വൻ കുതിപ്പുണ്ടാക്കി.ഇതോടെ രണ്ടാം പാദവാർഷികം അവസാനിച്ചപ്പോൾ 15952 കോടി രൂപയാണ് എൽ ഐ സിയുടെ ലാഭം.കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ 1434 കോടി രൂപയായിരുന്നു എൽ ഐ സിയുടെ ലാഭം.