ലഖ്നൗ ലുലു മാള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തു

ഉത്തരേന്ത്യയിലെ ലുലു ഗ്രൂപ്പിന്റെ ആദ്യത്തെ ഷോപ്പിംഗ് മാള്‍ ഉത്തര്‍ പ്രദേശ് തലസ്ഥാനമായ ലഖ്നൗവില്‍ പ്രവര്‍ത്തനമാരംഭിച്ചു.

author-image
Web Desk
New Update
ലഖ്നൗ ലുലു മാള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തു

ലഖ്നൗ: ഉത്തരേന്ത്യയിലെ ലുലു ഗ്രൂപ്പിന്റെ ആദ്യത്തെ ഷോപ്പിംഗ് മാള്‍ ഉത്തര്‍ പ്രദേശ് തലസ്ഥാനമായ ലഖ്നൗവില്‍ പ്രവര്‍ത്തനമാരംഭിച്ചു.

2000 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച മാളിന്റെ ഉദ്ഘാടനം സംസ്ഥാന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിച്ചു. നിയമസഭ സ്പീക്കര്‍ സതീഷ് മഹാന, ഉപമുഖ്യമന്ത്രി ബ്രജേഷ് പാതക്, വ്യവസായ മന്ത്രി നന്ദ് ഗോപാല്‍ ഗുപ്ത, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി എന്നിവര്‍ പങ്കെടുത്തു.

ഉദ്ഘാടനത്തിനു ശേഷം മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും യൂസഫലി ഓടിച്ച ഗോള്‍ഫ് കാര്‍ട്ടില്‍ കയറി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഉള്‍പ്പെടെ മാളിന്റെ സവിശേഷതകള്‍ ചുറ്റിക്കണ്ടു. ഉദ്ഘാടനത്തിനുശേഷം ഒരു മണിക്കൂറിലേറെ സമയം ചിലവഴിച്ചശേഷമാണ് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും മടങ്ങിയത്.

22 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ ലഖ്നൗ വിമാനത്താവളത്തിനടുത്ത് ശഹീദ് പഥിലാണ് രണ്ട് നിലകളിലായുള്ള മാള്‍ നിലനില്‍ക്കുന്നത്. രണ്ടര ലക്ഷം ചതുരശ്രയടിയിലുള്ള ലുലു ഹൈപ്പര്‍ മാര്‍ക്കറ്റാണ് മാളിന്റെ സവിശേഷത. ഇത് കൂടാതെ ലുലു കണക്ട്, ലുലു ഫാഷന്‍, ഫണ്ടുര, മൂന്നുറിലധികം ദേശീയ അന്തര്‍ദേശീയ ബ്രാന്‍ഡുകള്‍, 11 സ്‌ക്രീന്‍ സിനിമ, ഫുഡ് കോര്‍ട്ട് ഉള്‍പ്പെടെ മൂവായിരത്തിലധികം വാഹന പാര്‍ക്കിഗ് സൗകര്യം മാളിന്റെ സവിശേഷതകളാണ്.

ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഒരുക്കത്തിലാണ് ലുലു ഗ്രൂപ്പ്. വിവിധ സംസ്ഥാനങ്ങളില്‍ ഭക്ഷ്യ സംസ്‌കരണ കേന്ദ്രങ്ങളും ഗ്രൂപ്പ് വിഭാവനം ചെയ്യുന്നുണ്ട്. കേരളം, കര്‍ണ്ണാടക എന്നിവിടങ്ങളിലായി നാല് ഷോപ്പിംഗ് മാളുകളാണ് ഗ്രൂപ്പിന്റേതായി പ്രവര്‍ത്തിക്കുന്നത്.

എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം എ അഷ്റഫ് അലി, സി ഇ ഒ സൈഫി രൂപാവാല, ഗ്രൂപ്പ് ഡയറക്ടര്‍മാരായ എം എ സലീം, എം എം അല്‍ത്താഫ്, ഇന്ത്യ ഒമാന്‍ ഡയറക്ടര്‍ ആനന്ദ് റാം, ലുലു ലക്‌നൗ റീജിയണല്‍ ഡയറക്ടര്‍ ജയകുമാര്‍ എന്നിവരും സംബന്ധിച്ചു

 

lulu mall utter pradesh