മില്‍മയുടെ ഫോര്‍ട്ടിഫൈഡ് മില്‍ക്ക് നാളെ മുതല്‍ വിപണിയില്‍

By online desk.02 05 2019

imran-azhar

 

 

തിരുവനന്തപുരം: മില്‍മയുടെ ഫോര്‍ട്ടിഫൈഡ് മില്‍ക്ക് വിപണിയില്‍. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശപ്രകാരം വിറ്റാമിന്‍ എ, ഡി എന്നിവ ചേര്‍ത്ത് പാലിനെ കൂടുതല്‍ പോഷക സമ്പുഷ്ടമാക്കിയാണ് ഫോര്‍ട്ടിഫൈഡ് പാല്‍ തയാറാക്കുന്നത്. തിരുവനന്തപുരത്തും കോഴിക്കോടുമാണ് ഫോര്‍ട്ടിഫൈഡ് മില്‍ക്ക് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. മറ്റ് ജില്ലകളില്‍ ഫോര്‍ട്ടിഫൈഡ് പാല്‍ ഉടന്‍ ലഭ്യമാകുമെന്നതിനാണ് മില്‍മയുടെ നീക്കം. പുതിയതായി രൂപകല്‍പ്പന ചെയ്ത കവറില്‍ വിതരണം ചെയ്യുന്ന ഫോര്‍ട്ടിഫൈഡ് മില്‍ക്കിന്റെ വിലയില്‍ മാറ്റമില്ല.


മില്‍മാ പാലും പാലുത്പന്നങ്ങളും ഇനി മുതല്‍ വീട്ടില്‍ എത്തിക്കാനായി ഊബര്‍ ഈറ്റ്സ് മാതൃകയില്‍ പുതിയ ആപും മില്‍മ തയാറാക്കുന്നുണ്ട്. എഎം നീഡ്സ് എന്ന പേരില്‍ ജൂണ്‍ മുതലാണ് പദ്ധതി ആരംഭിക്കുക. ഇപ്പോള്‍ ഓണ്‍ലൈന്‍ ഫുഡ് വിതരണമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെകൂടി ഉള്‍പ്പെടുത്തിയാണ് എഎം നീഡ്സ് പ്രാവര്‍ത്തികമാക്കുക. രാവിലെ അഞ്ച് മുതല്‍ എട്ട് വരെയും വൈകുന്നേരവും മില്‍മാ പാലും പാലുത്പന്നങ്ങളും വീട്ടില്‍ എത്തിക്കാനാണ് ഇതിലൂടെ ലക്ഷമിടുന്നത്. ഇതിനായി പ്രത്യേക മൊബൈല്‍ ആപ് തയാറായിവരുന്നു.


ആപ് ഉപയോഗിക്കാന്‍ സാധിക്കാത്തവര്‍ക്കായി ഫോണ്‍ വഴി ഓര്‍ഡര്‍ ചെയ്യുന്ന സംവിധാനവും ഒരുക്കും. ഓര്‍ഡര്‍ ചെയ്യുന്നതനുസരിച്ച് ഓണ്‍ലൈന്‍ ഫുഡ് വിതരണക്കാര്‍ക്ക് വിവരം ലഭിക്കും. തുടര്‍ന്ന് ഇവര്‍ തൊട്ടടുത്തുള്ള മില്‍മയുടെ ഷോപ്പില്‍ നിന്നും സാധനങ്ങള്‍ ശേഖരിച്ച് ഉപഭോക്താവിന്റെ വീട്ടിലെത്തിക്കുന്ന തരത്തിലാണ് എഎം നീഡ്സിന്റെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.


90 ദിവസംവരെ സാധാരണ ഊഷ്മാവില്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയുന്ന ലോങ് ലൈഫ് മില്‍ക്ക് എന്ന പാല്‍ കണ്ണൂര്‍ ശ്രീകണ്ഠാപുരം ഡയറിയില്‍ നിന്ന് ഉടന്‍ പുറത്തിറക്കും. പ്രളയബാധിതരായ കര്‍ഷകരെ സഹായിക്കാനായി മില്‍മ തയാറാക്കിയ പദ്ധതി വഴി 44 കോടി രൂപയുടെ കേന്ദ്രസഹായം ലഭിച്ചിട്ടുണ്ടെന്നും മില്‍മ ചെയര്‍മാന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ചാല്‍ ഈ പദ്ധതിവഴിയുള്ള സഹായം ക്ഷീരകര്‍ഷകര്‍ക്ക് ലഭ്യമാക്കും

OTHER SECTIONS