ലക്ഷത്തിന്റെ തിളക്കത്തില്‍ എംആര്‍എഫ്; 45% നേട്ടം

വിപണിയില്‍ ആദ്യമായി ഒരു ലക്ഷം രൂപ മറികടന്ന് എംആര്‍എഫ് ടയേഴ്സ്. രാജ്യത്ത് ആദ്യമായാണ് ഒരു സ്റ്റോക്കിന്റെ മൂല്യം ഒരു ലക്ഷം രൂപയിലേക്കെത്തുന്നത്

author-image
Web Desk
New Update
ലക്ഷത്തിന്റെ തിളക്കത്തില്‍ എംആര്‍എഫ്; 45% നേട്ടം

മുംബൈ: വിപണിയില്‍ ആദ്യമായി ഒരു ലക്ഷം രൂപ മറികടന്ന് എംആര്‍എഫ് ടയേഴ്സ്. രാജ്യത്ത് ആദ്യമായാണ് ഒരു സ്റ്റോക്കിന്റെ മൂല്യം ഒരു ലക്ഷം രൂപയിലേക്കെത്തുന്നത്. വിപണിയില്‍ ഒരു ഓഹരിക്ക് 99,500ന് വ്യാപാരം ആരംഭിച്ച സ്റ്റോക്ക് ആദ്യഘട്ട വ്യാപാരത്തില്‍ 1,00,439.95 രൂപ വരെ മുന്നേറി.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മികച്ച നേട്ടമാണ് ഓഹരി നടത്തിയത്. വിപണിയില്‍ സെന്‍സെക്സ് 19% മുന്നേറ്റം നടത്തിയപ്പോള്‍ എംആര്‍എഫ് 45% നേട്ടമുണ്ടാക്കി. 2020 മാര്‍ച്ച് 24നാണ് ഓഹരി ഏറ്റവും താഴ്ന്ന നിലയിലേക്കെത്തിയത്. അന്ന് 55,000 രൂപയില്‍ വ്യാപാരം ആരംഭിച്ച ഓഹരി പിന്നീട് 49,915.5 രൂപ വരെയെത്തി. 2020 നവംബറില്‍ 90,000 കടന്ന ഓഹരി 2022 ജൂണ്‍ ആയപ്പോഴേക്കും വീണ്ടും 67,000 രൂപയിലേക്കെത്തി.

മാര്‍ക്കറ്റിലെ എംആര്‍എഫിന്റെ മൂല്യം നിലവില്‍ 42,257 കോടി രൂപയാണ്. മദ്രാസ് റബ്ബര്‍ ഫാക്ടറി എന്ന കമ്പനിയുടെ ചുരുക്കപ്പേരാണ് എംആര്‍എഫ്. 10 രൂപ മുഖവിലയോടെ 1993 ഏപ്രില്‍ 27നാണ് കമ്പനി വിപണിയില്‍ ലിസ്റ്റു ചെയ്തത്. 11 രൂപയില്‍ ആരംഭിച്ച ഓഹരി 30 വര്‍ഷം കൊണ്ടാണ് ഒരു ലക്ഷം രൂപയിലേക്കെത്തുന്നത്. അന്ന് ഒരു ലക്ഷം രൂപയുടെ നിക്ഷേപം കമ്പനിയില്‍ നടത്തിയ നിക്ഷേപകനു 30 വര്‍ഷം കൊണ്ട് 100 കോടിയാണ് ഇന്നത്തെ വിലയനുസരിച്ചുള്ള റിട്ടേണ്‍. മേയ് 2009നും 2019നും ഇടയിലുള്ള 10 വര്‍ഷകാലം കൊണ്ട് ഓഹരിയിലുണ്ടായ വളര്‍ച്ച 2000 ശതമാനത്തിലധികമാണ്. കഴിഞ്ഞ 5 വര്‍ഷമായി നിക്ഷേപകര്‍ക്ക് ഓഹരി നേട്ടം മാത്രമാണ് നല്‍കുന്നത്.

കഴിഞ്ഞ ഒരാഴ്ചയില്‍ മാത്രം സ്റ്റോക്ക് 3.16%വും മൂന്നു മാസത്തില്‍ 20%വും ഉയര്‍ന്നു. മൂന്നു വര്‍ഷമായി സ്റ്റോക്ക് കൈവശമുള്ള നിക്ഷേപകന് നിലവില്‍ 56.43% നേട്ടം സ്റ്റോക്കിലുണ്ടായിട്ടുണ്ട്. 2020 കമ്പനിയുടെ ലാഭം 1422 കോടിയായിരുന്നു. 2023 ആയപ്പോഴേക്കും ഇത് 768 കോടിയായി ചുരുങ്ങി. കമ്പനിയുടെ ഇപിഎസ്(ഏര്‍ണിങ്സ്/ഷെയര്‍) നിലവില്‍ 1813.1 രൂപയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇപിഎസും മെച്ചപ്പെട്ടിട്ടുണ്ട്.

 

business stock market mrf