അസംസ്‌കൃത എണ്ണവില ആറു മാസത്തെ ഉയരത്തില്‍

By online desk.24 04 2019

imran-azhar


കൊച്ചി: ഇറാനില്‍ നിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള എട്ട് രാജ്യങ്ങള്‍ക്ക് അനുവദിച്ചിരുന്ന ഇളവ് എടുത്തുകളയാന്‍ അമേരിക്ക ഒരുങ്ങുന്നു എന്ന് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയര്‍ന്നു . ബ്രെന്റ് ഇനത്തിലുള്ള ക്രൂഡിന്റെ വില വീപ്പയ്ക്ക് 74.31 ഡോളറായാണ് ഉയര്‍ന്നത്. ആറു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇത്. ഈ വര്‍ഷം ഇതുവരെ വിലയില്‍ 44 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായത്.

 


മേയ് രണ്ടോടെ ഇളവ് എടുത്തുകളയുമൊണ് സൂചന. ഇറാനിയന്‍ എണ്ണയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളായ ചൈനയെയും ഇത് ബാധിക്കും. ചൈനയ്ക്കും ഇന്ത്യക്കും പുറമെ ജപ്പാന്‍, ദക്ഷിണ കൊറിയ, ഇറ്റലി, ഗ്രീസ്, തുര്‍ക്കി, തായ്വാന്‍ എന്നീ രാജ്യങ്ങളാണ് ഇറാനില്‍നിന്നുള്ള ക്രൂഡ് ഇറക്കുമതി ചെയ്യുന്നത്. ഇറാനിയന്‍ ക്രൂഡിന്റെ ലഭ്യത ഇല്ലാതെയാകുന്നതോടെ വിലയില്‍ ഇനിയും വര്‍ധനയുണ്ടാകുമൊണ് കണക്കാക്കുന്നത്.

 

അമേരിക്കയുടെ നിയമം ലംഘിച്ചാല്‍ അത് വ്യാപാരത്തര്‍ക്കങ്ങള്‍ക്ക് ഇടയാക്കുമെന്നതിനാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അതിന് മുതിരില്ല. ഉയരുന്ന എണ്ണവില ഇന്ത്യയുടെ ധനക്കമ്മിയും കറന്റ് അക്കൗണ്ട് കമ്മിയും ഉയരാന്‍ ഇടയാക്കും. പണപ്പെരുപ്പത്തിലൂടെ വിലക്കയറ്റത്തിനും അതു കാരണമാകും.

OTHER SECTIONS