ഇന്ധനവിലയില്‍ വന്‍ വര്‍ധനവിന് സാധ്യത

ആഗോളവിപണിയില്‍ ക്രൂഡോയില്‍ വില ബാരലിന് 130 ഡോളര്‍ വരെ എത്തി.

author-image
Haritha Shaji
New Update
ഇന്ധനവിലയില്‍ വന്‍ വര്‍ധനവിന് സാധ്യത

ദില്ലി. ഇന്ധന വിലയില്‍ വര്‍്ധനവിനു സാധ്യത. അന്താരാഷ്ട്ര തലത്തില്‍ ക്രൂഡോയില്‍ വില കുത്തനെ ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ വോട്ടിംഗ് കഴിഞ്ഞാലുടന്‍ ഇന്ധനവില ഉയരും എന്നാണ് വിലയിരുത്തല്‍. ആഗോളവിപണിയില്‍ ക്രൂഡോയില്‍ വില ബാരലിന് 130 ഡോളര്‍ വരെ എത്തി.

5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് അവസാനിക്കാനിരിക്കെ ഇന്ധനവിലയില്‍ കാര്യമായ മാറ്റമാണ് പ്രതീക്ഷിക്കുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 130 ഡോളര്‍ വരെ ഉയര്‍ന്നു. 13 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഒറ്റ ദിവസം കൊണ്ട് ക്രൂഡ് ഓയില്‍ വില ഒന്‍പത് ശതമാനമാണ് ഉയര്‍ന്നത്. റഷ്യയില്‍ നിന്നുള്ള എണ്ണയ്ക്ക് യൂറോപ്യന്‍ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ക്രൂഡ് ഓയില്‍ വില ഉയര്‍ന്നത്.

നൂറിലേറെ ദിവസമായി ഇന്ത്യയില്‍ മാറ്റമില്ലാതെ തുടരുന്ന പെട്രോള്‍ - ഡീസല്‍ വിലയിലും കാര്യമായ വാര്‍ധനവുണ്ടാകുമെന്നാണ് വിവരം. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് വില 85 ഡോളറില്‍ നില്‍ക്കുമ്പോഴാണ് അവസാനമായി ഇന്ത്യയില്‍ പെട്രോള്‍ ഡീസല്‍ വില ഉയര്‍ന്നത്. രാജ്യത്ത് പെട്രോള്‍ വിലയില്‍ ഒറ്റയടിക്ക് 25 രൂപ വരെ ഉയര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍.

ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെടുപ്പിന്റെ അവസാനഘട്ടമാണ് ഇന്ന്. ഈ സാഹചര്യത്തില്‍ വോട്ടെടുപ്പ് കഴിഞ്ഞാലുടന്‍ രാജ്യത്തെ എണ്ണക്കമ്പനികള്‍ പെട്രോള്‍ ഡീസല്‍ വില ഉയര്‍ത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഷ്യയുടെ സൈനികനീക്കങ്ങള്‍ ആഗോള തലത്തില്‍ തന്നെ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ആഗോള എണ്ണ വിപണിയില്‍ റഷ്യ ഒറ്റപ്പെട്ട സ്ഥിതിയിലാണ്. റഷ്യയില്‍ ഉല്‍പ്പാദനം നടക്കുന്നുണ്ടെങ്കിലും എണ്ണ വില്‍പ്പന സാധ്യമാകുന്നില്ല. ആഗോള ബാങ്കിങ് ഇടപാടുകള്‍ ക്കുള്ള ഉപരോധവും ചരക്കു നീക്കത്തിലെ തടസ്സവുമാണ് റഷ്യയ്ക്ക് വലിയ തിരിച്ചടിയായിരിക്കുന്നത്.

റഷ്യയില്‍ നിന്നുള്ള എണ്ണ കയറ്റുമതിയില്‍ ഇതുവരെ ഒരു രാജ്യവും ഉപരോധം ഏര്‍പ്പെടുത്തിയിട്ടില്ല. എങ്കിലും ഇപ്പോള്‍ ദിവസം 10 ലക്ഷം ബാരല്‍ നഷ്ടം റഷ്യയില്‍ നിന്നുള്ള എണ്ണ കയറ്റുമതിക്ക് ഉണ്ട്.

റഷ്യയില്‍ നിന്നുള്ള എണ്ണ കയറ്റുമതിയുടെ മുക്കാല്‍ഭാഗവും തടസ്സപ്പെട്ടിരിക്കുകയാണ്. ക്രൂഡോയില്‍ വിലയ്ക്ക് പുറമേ വാതക വിലയും റെക്കോര്‍ഡ് ഉയരത്തില്‍ ആണ്.

 

petrol kalakaumudi disel pricehike kaumudiplus