ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയില്‍ ആശങ്കയെന്ന് രഘുറാം രാജന്‍

By online desk.15 10 2019

imran-azhar

 

ന്യൂ ഡല്‍ഹി : ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയില്‍ ആശങ്കയുണ്ടെന്ന മുന്നറിയിപ്പുമായി മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. സര്‍ക്കാര്‍ രാജ്യത്തിന്റെ ധനക്കമ്മി വളരെയധികം മറച്ചു വയ്ക്കുകയും ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യയെ ഉയര്‍ത്തി കാട്ടുകയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 2016ന്റെ ആദ്യ പാദത്തില്‍ ഒമ്പത് ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതില്‍ നിന്നാണ് പിന്നീടുള്ള ഓരോ വര്‍ഷവും വളര്‍ച്ച ഗണ്യമായി കുറഞ്ഞത്. ബ്രൗണ്‍ സര്‍വകലാശാലയില്‍ പ്രഭാഷണം നടത്തുന്നതിനിടെയാണ് രഘുറാം രാജന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഒക്ടോബര്‍ 11 ന് സര്‍ക്കാര്‍ പുറത്തുവിട്ട ഇന്‍ഡക്‌സ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊഡക്ഷന്‍ (ഐഐപി) കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ വ്യാവസായിക ഉല്‍പാദനം ഓഗസ്റ്റില്‍ പ്രതിമാസം 1.1 ശതമാനമായി ചുരുങ്ങി.സെപ്റ്റംബര്‍ രണ്ടിന് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കല്‍ക്കരി, ക്രൂഡ് ഓയില്‍, പ്രകൃതിവാതകം, റിഫൈനറി ഉല്‍പന്നങ്ങള്‍ എന്നിവയുടെ ഉല്‍പാദനം ജൂലായില്‍ മോശമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ജൂലായില്‍ ഇത് 2.1 ശതമാനമായി കുറഞ്ഞു. ഒക്ടോബര്‍ 10ന് മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസ് ഇന്ത്യയുടെ 2019-20 സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ചാ പ്രവചനം 6.2 ശതമാനത്തില്‍ നിന്ന് 5.8 ശതമാനമായി കുറച്ചിരുന്നു. റിസര്‍വ് ബാങ്കും ജിഡിപി വളര്‍ച്ചാ പ്രവചനം 6.9 ശതമാനത്തില്‍ നിന്ന് 6.1 ശതമാനമായി കുറച്ചിട്ടുണ്ട്.

 

രാജ്യം വളര്‍ച്ചയുടെ പുതിയ സ്രോതസുകള്‍ കണ്ടെത്തിയിട്ടില്ലെന്നും നിലവിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടിട്ടില്ലെന്നും രഘുറാം രാജന്‍ ചൂണ്ടിക്കാട്ടി. ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളുടെ (എന്‍ബിഎഫ്സി) പണലഭ്യത പ്രതിസന്ധിയ്ക്കൊപ്പം നിക്ഷേപ മാന്ദ്യം എന്നിവയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. നോട്ട് നിരോധനവും ജിഎസ്ടി നടപ്പാക്കലും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിച്ചതായും അദ്ദേഹം ആരോപിച്ചു.

OTHER SECTIONS