വ്യോമയാനരംഗത്ത് നോട്ടമിട്ട് റിലയന്‍സ്

By uthara.22 04 2019

imran-azhar

 

മുംബയ്: രാജ്യത്തെ പ്രമുഖ വിമാന കമ്പനികള്‍ പ്രതിസന്ധിയിലായിരിക്കെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് വ്യോമയാനരംഗത്തേക്ക് ചുവടുവെയ്ക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് . പൊതുമേഖലയിലെ എയര്‍ ഇന്ത്യ കടത്തിന്റെ നിലയില്ലാക്കയത്തിലാണ്. ഇടയ്ക്കിടെ ഗവമെന്റ് കുറേ കടം ഏറ്റെടുത്താണ് കമ്പനിയെ നിലനിര്‍ത്തുന്നത്. രണ്ടു വര്‍ഷം മുമ്പ് 48,781 കോടി രൂപയായിരുന്നു എയര്‍ ഇന്ത്യയുടെ കടം. തുടര്‍ന്നുമാണ് കമ്പനി വലിയ നഷ്ടമാണ് വരുത്തിയത്. എയര്‍ ഇന്ത്യയിലെ സര്‍ക്കാര്‍ ഓഹരിയില്‍ 76 ശതമാനം വില്‍ക്കാനുള്ള നീക്കം ഇപ്പോള്‍ മരവിച്ചിരിക്കുകയാണ്.

 

സ്വകാര്യമേഖലയിലെ ജെറ്റ് എയര്‍വേസ് ദിവസങ്ങളായി പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുന്നു . 124 വിമാനങ്ങള്‍ ഉണ്ടായിരുന്ന കമ്പനിക്ക് ഇപ്പോള്‍ അഞ്ചെണ്ണമേ ഉള്ളൂ. ബാങ്കുകള്‍ക്ക് 8800 കോടി രൂപ അടക്കം 15,000 കോടിയോളം രൂപയുടെ ബാധ്യതയിലാണ് ജെറ്റ്. ജെറ്റിനെ വില്‍ക്കാന്‍ ബാങ്കുകള്‍ താത്പര്യപത്രം ക്ഷണിച്ചെങ്കിലും ആവേശകരമായ പ്രതികരണം ഉണ്ടായിട്ടില്ല.യുഎഇയിലെ എത്തിഹാദ് എയര്‍വേസുമായി ചേര്‍ന്ന് ജെറ്റിനെ വാങ്ങാനും പിന്നീട് എയര്‍ ഇന്ത്യയെ കൈവശപ്പെടുത്താനുമാണ് റിലയന്‍സ് ഉദ്ദേശിക്കുന്നതെന്ന് ഒരു ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു. എത്തിഹാദ്, ജെറ്റിനെ വാങ്ങാന്‍ താത്പര്യപത്രം നല്‍കിയിട്ടുണ്ട്.

 

എത്തിഹാദിന് ഇപ്പോള്‍ ജെറ്റില്‍ 24 ശതമാനം ഓഹരിയുണ്ട്. 49 ശതമാനം ഓഹരിവരെ എടുക്കാന്‍ പ്രത്യേക അനുവാദം വേണ്ട. പ്രവാസി ഇന്ത്യക്കാര്‍ക്കാണെങ്കില്‍ വിമാനകമ്പനിയില്‍ 100 ശതമാനം ഓഹരി എടുക്കാന്‍ പ്രത്യേക അനുമതി വേണ്ട. ബാങ്കുകാര്‍ തങ്ങള്‍ക്കു കിട്ടാനുള്ള പണത്തില്‍ എത്ര പങ്ക് ഒഴിവാക്കും എതിനെ ആശ്രയിച്ചിരിക്കും റിലയന്‍സിന്റെ നീക്കം. മേയ് പത്തിനകം വില്പനക്കാര്യത്തില്‍ തീരുമാനമെടുക്കാനാണു ബാങ്കുകള്‍ ഉദ്ദേശിക്കുന്നത്. വ്യോമയാന രംഗത്തേക്കു കടക്കുന്നതിനെപ്പറ്റി റിലയന്‍സ് ഇതുവരെ ഔപചാരികമായി ഒന്നും പറഞ്ഞിട്ടില്ല. ഏറ്റവും സമ്പന്ന ഇന്ത്യക്കാരനായ മുകേഷ് അംബാനിയുടെ കമ്പനിയായ റിലയന്‍സ് വ്യോമയാനത്തില്‍ നല്ല ബിസിനസ് ഭാവി കാണുന്നതായി റിലയന്‍സുമായി അടുപ്പമുള്ള ചിലര്‍ വ്യക്തമാക്കി.

OTHER SECTIONS