കോവിഡ് സാഹചര്യത്തിൽ പ്രമുഖ കമ്പനി റബ്ബർ വാങ്ങൽ നാട്ടിലാക്കി, വിപണി ഉണർന്നു

By sisira.18 02 2021

imran-azhar


ആലപ്പുഴ: കോവിഡ് സാഹചര്യം കണക്കിലെടുത്ത് പ്രമുഖകമ്പനി പതിവുവിട്ട് നാട്ടിൽനിന്ന് കാര്യമായി റബ്ബർ വാങ്ങിത്തുടങ്ങിയതോടെ വിപണി ഉണർന്നു.

 

157 രൂപയാണ്ബുധനാഴ്ചത്തെ വില. ഇപ്പോഴുള്ള അനുകൂലസാഹചര്യങ്ങൾ തുടർന്നാൽ വില അല്പംകൂടി ഉയർന്നേക്കും.

 

ആവശ്യമായ ബ്ലോക്ക് റബ്ബറിന്റെ 90 ശതമാനത്തോളം ഇറക്കുമതിചെയ്തിരുന്ന കമ്പനി ഏതാനുംമാസമായി നാട്ടിൽനിന്ന് റബ്ബർ വാങ്ങുന്നതാണു വിപണിയിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ ഒരുകാരണം.

 

ബ്ലോക്ക് റബ്ബറിന്റെ വിലയും ആർ.എസ്.എസ്.-5 ഇനം റബ്ബറും തമ്മിലുണ്ടായിരുന്ന വ്യത്യാസം കുറഞ്ഞിട്ടുണ്ട്. 20-30 രൂപയുണ്ടായിരുന്ന വ്യത്യാസം 5-10 രൂപയായി. ബ്ലോക്ക്‌ റബ്ബറിന്റെ വില കൂടുന്നത് ഒട്ടുപാൽ പോലുള്ളവയുടെ വിലയുംകൂട്ടും. ബാങ്കോക്ക് വിപണിയിൽ രണ്ടാഴ്ചയ്ക്കിടെ 14 രൂപയോളം വില കൂടിയതും ആഭ്യന്തരവിപണിക്ക്‌ നേട്ടമായി.

 

ചൈനീസ് പുതുവത്സര അവധികഴിഞ്ഞ് അവിടത്തെ വിപണികൾ വ്യാഴാഴ്ച തുറക്കുകയാണ്. ഇതോടെ ചൈനയും കൂടുതലായി റബ്ബർ വാങ്ങിത്തുടങ്ങിയേക്കും. ടോക്കിയോ ഉൾപ്പെടെയുള്ള മറ്റു ഫ്യൂച്ചർ വിപണികളിൽ പോസിറ്റീവ് പ്രവണതയാണ്.

 

പൊതുവേ വിലകൂടുന്ന പ്രവണതയുള്ളതിനാൽ കൈയിലുള്ളതു വിൽക്കാതെ ആളുകൾ സൂക്ഷിക്കുന്നു. വിപണിയിലെ ലഭ്യതക്കുറവിനിത് കാരണമായി. ഫെബ്രുവരിയിൽ റബ്ബറിന്റെ സീസൺ കഴിയും.

 

ഇപ്പോൾത്തന്നെ ടാപ്പിങ് നിർത്തിയവരുണ്ട്. എന്നാൽ, ഭേദപ്പെട്ട വിലയുള്ളതിനാൽ ഇടയ്ക്കാരു മഴകിട്ടിയാൽ ഇവർ വീണ്ടും ടാപ്പിംഗ് തുടങ്ങും.

OTHER SECTIONS