കര്‍ഷകരെ പ്രതിസന്ധിയിലാക്കി റബര്‍ ഷീറ്റിനു പിന്നാലെ ഒട്ടുപാലിനും വിലയിടിവ്

By online desk.20 07 2019

imran-azhar

 

 

കോട്ടയം: ഒട്ടുപാലിനും മഴക്കാലത്ത് റബര്‍ ഷീറ്റിന്റെ ഗതി തന്നെ. വില കിലോയ്ക്ക് 87.90 നിരക്ക്. റബറിന് നല്ല കാലം വന്നപ്പോള്‍ കിലോയ്ക്ക് 130 രൂപ വരെ ഉയര്‍ന്നുനിന്ന ഒട്ടുപാല്‍വില സമീപവര്‍ഷങ്ങളില്‍ 70 രൂപ വരെ താഴ്ന്നു. കഴിഞ്ഞ വര്‍ഷം കിലോയ്ക്ക് 80 രൂപയായിരുന്നു ശരാശരി വില. ഡിആര്‍സി അടിസ്ഥാനമാക്കിയാണ് റബര്‍ ബോര്‍ഡ് ഒട്ടുപാലിന് വില പ്രഖ്യാപിക്കുന്നതെങ്കിലും അതൊന്നും ശാസ്ത്രീയവും കൃത്യവുമല്ലെന്നാണ് കര്‍ഷകരുടെ പക്ഷം. മാര്‍ക്കറ്റില്‍ ചരക്കിന് ക്ഷാമമുള്ള സീസണിലും വില ഉയരാത്തതിനെതിരേ അടുത്തയിടെ കടുത്ത പ്രതിഷേധം ഉയര്‍ന്നപ്പോള്‍ നിരക്ക് 95 രൂപ വരെ കയറി.


നിലവില്‍ കിലോഗ്രാമിന് 110 രൂപയെങ്കിലും ലഭിച്ചാലേ ഒട്ടുപാല്‍ സംസ്‌കരണം മുതലാകൂ എന്നു കര്‍ഷകര്‍ പറയുന്നു. മഴക്കാലത്ത് റബര്‍ ചിരട്ടയില്‍നിന്ന് ലംപ് അഥവ ചണ്ടിപ്പാല്‍ (പിണ്ടിപ്പാല്‍) ശേഖരിച്ച് പുകപ്പുരയിലോ ചിമ്മിനിയിലോ ഉണക്കിയെടുക്കുക ക്ലേശകരമാണ്.ഒട്ടുപാല്‍ പ്രധാനമായും ക്രീപ്പും ക്രംബും നിര്‍മ്മിക്കാനാണ് ഉപയോഗിക്കുന്നത്. ടയര്‍ ഉള്‍പ്പെടെയുള്ള റബര്‍ വ്യവസായത്തില്‍ ക്രിപ്പിനും ക്രംബിനും ഉയര്‍ന്ന തോതില്‍ ഡിമാന്‍ഡ് ഉണ്ട്. വീടുകള്‍ കേന്ദ്രീകരിച്ച് വ്യാപാരം നടത്തുന്ന ഒരു വിഭാഗം വില താഴ്ത്തി വാങ്ങുന്നതിനാല്‍ പലപ്പോഴും കര്‍ഷകര്‍ക്ക് ഒട്ടുപാലിന് ന്യായമായ വില ലഭിക്കാറുമില്ല.
വിദേശത്ത് 108 രൂപയ്ക്കു ലഭ്യമായ ക്രംബ് നികുതി അടച്ച് 136 രൂപ നിരക്കില്‍ ടയര്‍ കന്പനികള്‍ വലിയ അളവില്‍ ഇപ്പോല്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. തായ്ലന്‍ഡ്, വിയറ്റ്‌നാം, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍നിന്നാണ് ക്രംബ് കൂടുതലായി എത്തിക്കുന്നത്.ഷീറ്റ് വില അടുത്തിടെ 159 രൂപ വരെ ഉയര്‍ന്നപ്പോള്‍ ലാറ്റക്‌സ് കപ് ലംപ് അരച്ചുണ്ടാക്കുന്ന വിദേശ ക്രംബിന്റെ ഇറക്കുമതി വലിയ അളവില്‍ വര്‍ദ്ധിച്ചിരുന്നു. തന്നെയുമല്ല സെപ്റ്റംബര്‍ വരെയുള്ള ഇറക്കുമതി കരാറുകളും നിലവിലിലുണ്ട്. ഇതിനൊപ്പമാണ് നാട്ടിന്‍പുറങ്ങളിലെ ചെറുകിടക്കാര്‍ക്ക് ഒട്ടുപാലും ചണ്ടിപ്പാലും നിസാര വിലയില്‍ വിറ്റഴിക്കേണ്ടിവരുന്നത്.


ഒട്ടുപാല്‍ അരച്ചു ക്രംബും ക്രീപ്പുമാക്കി മാറ്റിയാണ് ആഭ്യന്തരമാര്‍ക്കറ്റില്‍ വിറ്റഴിക്കുന്നത്. മുന്‍കാലങ്ങളില്‍ സഹകരണ മേഖലയില്‍ അന്‍പതോളം ക്രംബ്, ക്രിപ്പ് ഫാക്ടറികള്‍ സംസ്ഥാനത്തുണ്ടായിരുന്നു. അഴിമതിയും കെടുകാര്യസ്ഥതയും ഈ സ്ഥാപനങ്ങളില്‍ വന്നുചേര്‍ന്നതോടെ ഏറെ ഫാക്ടറികളും പൂട്ടിപ്പോയി. പലതും ഭാരിച്ച കടബാധ്യതയിലുമാണ്. കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വിലയില്‍ ഒട്ടുപാല്‍ വിറ്റഴിക്കാനുള്ള സാഹചര്യം നഷ്ടമായത് ഈ ഫാക്ടറികള്‍ക്കുണ്ടായ തകര്‍ച്ചയെത്തുടര്‍ന്നാണ്. ഡിആര്‍സി അടിസ്ഥാനമാക്കി ഈ ഫാക്ടറികളുടെ ഔട്ട്ലെറ്റുകളില്‍ മെച്ചമായ വിലയ്ക്ക് ഒട്ടുപാല്‍ നേരിട്ടുവില്‍ക്കാന്‍ സൗകര്യമുണ്ടായിരുന്നു. സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പല ഫാക്ടറികളും ഇപ്പോഴും ലാഭത്തില്‍ മുന്നേറുമ്പോള്‍ സര്‍ക്കാര്‍, സഹകരണ മേഖലയില്‍ മുന്നേറ്റം കാഴ്ചവയ്ക്കാന്‍ സാധിക്കുന്നില്ല.

OTHER SECTIONS