രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്

യുഎസ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ നിരക്ക് 81 പൈസ കുറഞ്ഞ് 76.98ല്‍ എത്തി.

author-image
Haritha Shaji
New Update
 രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്

മുംബൈ. ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരത്തില്‍. തിങ്കളാഴ്ച വ്യാപാരത്തിന്റെ തുടക്കത്തില്‍,യുഎസ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ നിരക്ക് 81 പൈസ കുറഞ്ഞ് 76.98ല്‍ എത്തി.

യുക്രെയ്‌നില്‍ യുദ്ധം കൊടുമ്പിരിക്കൊണ്ട സാഹചര്യത്തിലും ക്രൂഡ് ഓയില്‍ വില ഉയര്‍ന്ന സാഹചര്യത്തിലുമാണു രൂപയുടെ ഇടിവെന്നു നിരീക്ഷകര്‍ പറയുന്നു.

ഇന്റര്‍ബാങ്ക് ഫോറെക്‌സ് വിപണിയില്‍ രൂപയുടെ വില ഡോളറൊന്നിന് 76.85 നിരക്കിലാണു വ്യാപാരം ആരംഭിച്ചത്. ഒരു ഘട്ടത്തില്‍ വില 76.98 എന്ന നിലവാരത്തിലേക്കു താഴുകയായിരുന്നു. വെള്ളിയാഴ്ച രൂപയുടെ മൂല്യം 23 പൈസ കുറഞ്ഞ് 76.17ലാണ് വ്യാപാരം അവസാനിപ്പിച്ചത്. 2021 ഡിസംബര്‍ 15നു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. അതിലാണു തിങ്കളാഴ്ച വീണ്ടും ഇടിവുണ്ടായി റെക്കോര്‍ഡ് നിലവാരത്തിലേക്കു താഴ്ന്നത്.

അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് ഇന്ന് അവസാനിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് ഇന്ധനവില കുതിച്ചുയരാനുള്ള സാധ്യതയും വിപണിയില്‍ ആശങ്ക പരത്തുന്നു. ഈ വര്‍ഷം ഏഷ്യന്‍ രാജ്യങ്ങളിലെ കറന്‍സികളില്‍ ഏറ്റവും മോശമായ പ്രകടനം രൂപയുടേതാണ്.

ഈ വര്‍ഷം ഇതുവരെ രണ്ടു ശതമാനത്തിലേറെയാണു വിലയിടിവ്. ആര്‍ബിഐയുടെ പിന്തുണയില്‍ ബാങ്കുകള്‍ കനത്ത തോതില്‍ ഡോളര്‍ വിറ്റഴിച്ചു രൂപയുടെ മൂല്യം സംരക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കാര്യക്ഷമമാകുന്നില്ല.

റഷ്യ യുക്രെയ്ന്‍ യുദ്ധത്തിന്റെ പ്രത്യാഘാതമെന്ന നിലയില്‍ അസംസ്‌കൃത എണ്ണ വില കത്തിക്കയറുന്നതു രൂപയുടെ മൂല്യത്തകര്‍ച്ചയെ റെക്കോര്‍ഡ് നിലവാരത്തിലെത്തിച്ചേക്കുമെന്നാണു വിലയിരുത്തല്‍. ഓഹരി വിപണിയിലെ തകര്‍ച്ചയും വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ രാജ്യംവിടുന്നതും രൂപയുടെ മൂല്യമിടിവിന് ആക്കംകൂട്ടി.

മാര്‍ച്ചില്‍ ഇതുവരെ 16,800 കോടി രൂപയുടെ ഓഹരികളാണു വിറ്റൊഴിഞ്ഞത്.

business kalakaumudi rupees crudeoil ukraincrisis