എസ് ബി ഐ ഒരു ലക്ഷം കോടിയുടെ കിട്ടാക്കടം എഴുതിത്തള്ളി

By online desk.15 05 2019

imran-azhar

 

 

മുംബയ്: രാജ്യത്തെ ഏറ്റവും വലിയ വായ് പാദാതാക്കളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) മാര്‍ച്ച് 31വരെയുള്ള രണ്ട് വര്‍ഷങ്ങളില്‍ ഒരു ലക്ഷം കോടി രൂപ മൂല്യമുള്ള വായ് പകള്‍ എഴുതിത്തള്ളി. ഏറെക്കാലമായുള്ള കിട്ടാക്കടമാണ് എഴുതിത്തള്ളിയത്. മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 61,663 കോടി രൂപയുടെ കിട്ടാക്കടമാണ് എഴുതിത്തള്ളിയത്. തൊട്ടു മുന്‍ വര്‍ഷം 40,809 കോടി രൂപയുടെ കിട്ടാക്കടമാണ് എഴുതിത്തള്ളിയത്. ഇതോടെ ആകെ 1.02 കോടി രൂപയുടെ കിട്ടാക്കടമാണ് എഴുതിത്തള്ളിയത്. ഇതിന് മുമ്പുള്ള മൂന്ന് സാമ്പത്തിക വര്‍ഷങ്ങളില്‍ 57,646 കോടിയാണ് എഴുതിത്തള്ളിയത്.

2019 സാമ്പത്തിക വര്‍ഷത്തില്‍ വലിയ തോതില്‍ കിട്ടാക്കടം എഴുതിത്തള്ളിയതോടെ എസ് ബി ഐയുടെ നിഷ്‌ക്രിയ ആസ്തി വര്‍ഷാവര്‍ഷം 23 ശതമാനം കുറഞ്ഞ് 1.72 ലക്ഷം കോടിയായി.അതേസമയം എസ് ബി ഐ നല്‍കിയ വായ് പകളിലെ തിരിച്ചടവും കിട്ടാതിരുന്ന പലിശ വീണ്ടും കിട്ടി തുടങ്ങിയതും കൂടി ആകെ 31,512 കോടി രൂപ ലഭിച്ചിട്ടുണ്ട്. കിട്ടാക്കടം എഴുതിത്തള്ളിയത് വര്‍ദ്ധിച്ചത് പോലെ വായ് പാതുക തിരികെ ഈടാക്കുന്നതിന്റെ തോതും അധികരിച്ചിട്ടുണ്ട്.

2017 മാര്‍ച്ച് 31ന് അവസാനിച്ച മൂന്ന് വര്‍ഷങ്ങളില്‍ ബാങ്ക് 28,632 കോടി രൂപ വായ് പ നല്‍കിയ ഇനത്തില്‍ തിരിച്ചീടാക്കി. ഇതില്‍ തിരിച്ചടവ് മുടങ്ങിക്കിടന്ന വായ് പകളും ഉള്‍പ്പെടുന്നു. അതേസമയം, കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ 45,429 കോടി രൂപ തിരിച്ചു പിടിച്ചു.

തിരിച്ചു പിടിക്കാന്‍ കഴിയില്ലെന്നുറപ്പായ കിട്ടാക്കടങ്ങളാണ് ബാങ്കുകള്‍ എഴുതിത്തള്ളുന്നത്. റിസര്‍വ് ബാങ്കിന്റെ നിബന്ധനകളുടെ അടിസ്ഥാനത്തില്‍ മാത്രമേ കിട്ടാക്കടം എഴുതിത്തള്ളാനാകൂ.

കിട്ടാക്കടം എഴുതിത്തള്ളിയാലും ബാങ്കുകള്‍ തങ്ങളുടെ നില ഭദ്രമാക്കി മറ്റ് വരുമാന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നു. കിട്ടാക്കടം എഴുതിത്തള്ളുന്നത് സാധാരണ ബാങ്ക് നടപടിയാണെന്ന് 2019 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പുറത്തുവിട്ടു കൊണ്ട് എസ് ബി ഐ ചെയര്‍മാന്‍ രജനീഷ് കുമാര്‍ പറഞ്ഞു.

 

 

 

 

 

 

 

 

OTHER SECTIONS