എസ്.ബി.ഐ.യുടെ പ്രവര്‍ത്തന ലാഭത്തില്‍ 3.50 ശതമാനം വര്‍ധനവ്

By Raji Mejo.10 Feb, 2018

imran-azhar

കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഒന്‍പതു മാസങ്ങളില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പ്രവര്‍ത്തന ലാഭത്തില്‍ 3.50 ശതമാനം നേട്ടമുണ്ടാക്കി. ഉയര്‍ന്ന തോതിലെ വായ്പാ നഷ്ട വകയിരുത്തലിന്റേയും നിക്ഷേപ തേയ്മാനത്തിന്റേയും അടിസ്ഥാനത്തില്‍ അറ്റാദായത്തിന്റെ കാര്യത്തില്‍ ഇതേ കാലയളവില്‍ 28.48 ശതമാനം കുറവും രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രവര്‍ത്തന ചെലവിലെ വര്‍ധനവ് 0.96 ശതമാനമായി പിടിച്ചു നിര്‍ത്താനും കഴിഞ്ഞിട്ടുണ്ട്. മുന്‍ അസോസ്സിയേറ്റ് ബാങ്കുകള്‍, ഭാരതീയ മഹിളാ ബാങ്ക്, എസ്.ബി.ഐ. എന്നിവയുടെ കണക്കുകള്‍ കൂട്ടിച്ചേര്‍ത്താണ് ഇത്തവണത്തെ താരതമ്യങ്ങള്‍ നടത്തിയിരിക്കുന്നത്. അറ്റ പലിശ വരുമാനത്തിന്റെ കാര്യത്തില്‍ 5.56 ശതമാനം വര്‍ധനവോടെ 32,106 കോടി രൂപ എന്ന നിലയില്‍ എത്താനായിട്ടുണ്ട്. 1,172 കോടി രൂപയാണ് നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒന്‍പതു മാസങ്ങളിലെ ബാങ്കിന്റെ അറ്റാദായം. പ്രവര്‍ത്തന ലാഭമാകട്ടെ 43,628 കോടി രൂപയും.

ജീവനക്കാര്‍ക്കു വേണ്ടിയുള്ള ചെലവ് 4,53 ശതമാനം കുറച്ച് 23,925 കോടി രൂപയിലെത്തിക്കാനും ബാങ്കിനായിട്ടുണ്ട്. ബാങ്കിന്റെ ആകെ നിക്ഷേപങ്ങള്‍ 1.86 ശതമാനം വര്‍ധിച്ച് 26,51,240 കോടി രൂപയിലെത്തിയിട്ടുണ്ട്. കറണ്ട് സേവിങ്സ് അക്കൗണ്ട് നിക്ഷേപങ്ങള്‍ 1.18 ശതമാനം വര്‍ധിച്ച് 11,48,138 കോടി രൂപയിലും എത്തിയിട്ടുണ്ട്.

 

 

OTHER SECTIONS