സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 12 ലക്ഷം വരെ സഹായം; ഇപ്പോള്‍ അപേക്ഷിക്കാം

മുമ്പ് ഐഡിയ ഗ്രാന്റ് ലഭിച്ചിട്ടുള്ളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അന്തിമ ഉത്പന്നങ്ങള്‍ പുറത്തിറക്കാന്‍ തയ്യാറെടുത്തിരിക്കുന്നവര്‍ക്ക് ഏഴ് ലക്ഷം രൂപയുടെ പ്രോഡക്ടൈസേഷന്‍ ഗ്രാന്റിന് അപേക്ഷിക്കാം.

author-image
Preethi Pippi
New Update
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 12 ലക്ഷം വരെ സഹായം; ഇപ്പോള്‍ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഇന്നൊവേഷന്‍ ഗ്രാന്റ് പദ്ധതിയിലേക്ക് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ അപേക്ഷ ക്ഷണിച്ചു. പദ്ധതിയുടെ ഭാഗമായി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 12 ലക്ഷം രൂപ വരെ ധനസഹായം ലഭിക്കും. നൂതനാശയങ്ങളെ മികച്ച സംരംഭങ്ങളാക്കി മാറ്റുന്നതിന് സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും സാമ്പത്തികസഹായം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഐഡിയ ഗ്രാന്റ്, പ്രോഡക്ടൈസേഷന്‍ ഗ്രാന്റ്, സ്‌കെയില്‍അപ്പ് ഗ്രാന്റ് എന്നിങ്ങനെയാണ് വിവിധ ഘട്ടങ്ങളിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായം നല്‍കുന്നത്. ഐഡിയ ഗ്രാന്റിന് ഒഴികെ മറ്റ് ഗ്രാന്റുകള്‍ക്ക് അപേക്ഷിക്കുന്നതിന് സ്റ്റാര്‍ട്ടപ്പ് മിഷന്റെ യുണീക്ക് ഐ.ഡി. നിര്‍ബന്ധമാണ്.

മികച്ച ആശയങ്ങളെ ആദ്യ രൂപത്തിലാക്കുന്നതിനാണ് രണ്ട് ലക്ഷം രൂപയുടെ ഐഡിയ ഗ്രാന്റ് നല്‍കുന്നത്.

മുമ്പ് ഐഡിയ ഗ്രാന്റ് ലഭിച്ചിട്ടുള്ളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അന്തിമ ഉത്പന്നങ്ങള്‍ പുറത്തിറക്കാന്‍ തയ്യാറെടുത്തിരിക്കുന്നവര്‍ക്ക് ഏഴ്  ലക്ഷം രൂപയുടെ പ്രോഡക്ടൈസേഷന്‍ ഗ്രാന്റിന് അപേക്ഷിക്കാം.

വളര്‍ച്ചയുടെ ഘട്ടത്തില്‍ കൂടുതല്‍ നിക്ഷേപവും ഉത്പന്ന വികസനവും വരുമാനവും ആഗ്രഹിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് 12 ലക്ഷം രൂപവരെ ലഭ്യമാക്കുന്ന സ്‌കെയില്‍ അപ്പ് ഗ്രാന്റിന് അപേക്ഷിക്കാവുന്നത്. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 30. വിശദ വിവരങ്ങള്‍ക്ക് https://bit.ly/InnovationGrant2021 എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കണം.

business smartup