സ്റ്റാർട്ടപ്പിൽ കേരളത്തിളക്കം ; രണ്ടാം തവണയും കേന്ദ്രസർക്കാരിന്റെ പുരസ്‌ക്കാരത്തിനർഹരായി

By online desk .12 09 2020

imran-azhar

 


ന്യൂഡൽഹി: സ്റ്റാർട്ടപ്പ് മേഖലയിലെ മികച്ച പ്രകടനത്തിനുള്ള കേന്ദ്രസർക്കാരിന്റെ സ്റ്റാർട്ടപ്പ് പുരസ്‌ക്കാരത്തിന് തുടർച്ചയായി രണ്ടാം വർഷവും അർഹരായി കേരളം .സ്റ്റാർട്ടപ്പുകൾക്കു പിന്തുണ നൽകുന്ന സംസ്ഥാനങ്ങളുടെ റാങ്കിങ്ങിൽ കേരളവും കർണാടകയും വിജയകരമായി പ്രവർത്തനം കാഴ്ചവെച്ച സംസ്ഥാനങ്ങൾ ആവുകയും ചെയ്തു. കൂടാതെ റാങ്കിങ്ങിൽ മികച്ച കേന്ദ്ര ഭരണപ്രദേശമായി ആൻഡമാൻ നിക്കോബാറിനെയും തിരഞ്ഞെടുത്തു.

 

ദീർഘ വീക്ഷണമുള്ള നേതൃത്വം, തന്ത്രപരമായ സമീപനങ്ങൾ, മികച്ച നൂതന സ്വഭാവം, സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കൽ, അനുയോജ്യമായ അന്തരീക്ഷം എന്നിവയെല്ലാമാണ് കേരളത്തെ പുരസ്‌ക്കാരത്തിലേക്ക് നയിച്ചത് . കേന്ദ്ര വ്യവസായ ആഭ്യന്തര വാണിജ്യ പ്രോത്സാഹന വകുപ്പ് തയ്യാറാക്കിയ ദേശീയ റാങ്കിങ്ങിന്റെ അഞ്ചു വിഭാഗങ്ങളിലായുള്ള പുരസ്‌ക്കാരങ്ങളാണ് ഇന്നലെ പ്രഖ്യാപിച്ചത്. കഴിഞ്ഞ തവണ നാല് സംസ്ഥാനങ്ങളുടെ കൂടെയായിരുന്നു കേരളം എന്നാൽ ഇത്തവണ കേരളം കർണാടകയുമായി പുരസ്ക്കാരം പങ്കിടുകയായിരുന്നു. സ്റ്റാർട്ടപ് നയത്തിലൂടെ സംരംഭങ്ങൾക്ക് നൽകുന്ന പിന്തുണ, എല്ലാ ജില്ലകളിലും സംരംഭക സെല്ലുകൾ, സ്റ്റാർട്ടപ്പുകൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനുള്ള ഫണ്ട് മുതലായവയുടെ കേരളം കാഴ്ചവെച്ച മികച്ച പ്രകടനമാണ് റാങ്കിംഗിൽ എടുത്തുപറഞ്ഞിരിക്കുന്നത് .

 

വിവിധ സംസ്ഥാനങ്ങളിലെ സ്റ്റാർട്ടപ്പുകൾക്ക് നൽകുന്ന പിന്തുണയും സാഹചര്യങ്ങളും വിലയിരുത്തിയാണ് കഴിഞ്ഞവർഷം മുതൽ റാങ്കിങ് നടത്തിത്തുടങ്ങിയത്. റാങ്കിങ്ങിൽ പ്രചോദനാത്മകമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച സംസ്ഥാനങ്ങളിൽ പഞ്ചാബ്, തെലങ്കാന, ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, ഹരിയാന എന്നിവയും ഉൾപ്പെടുന്നു . റാങ്കിങിനായി 22 സംസ്ഥാനങ്ങളെയും മൂന്നു കേന്ദ്രഭരണ പ്രദേശങ്ങളെയുമാണ് പരിഗണിച്ചത് .

OTHER SECTIONS