ടെലികോം കമ്പനികള്‍ പൂട്ടേണ്ടി വരില്ല: ധനമന്ത്രി

By online desk .17 11 2019

imran-azhar

 

ന്യൂ ഡല്‍ഹി : സാമ്പത്തിക അസ്ഥിരത കാരണം ഒരുടെലികോം കമ്പനിയും പ്രവര്‍ത്തനം അവസാനിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. മൊബൈല്‍ ടെലികോം സേവനദാതാക്കളായ വോഡഫോണ്‍ ഐഡിയയെയും ഭാരതി എയര്‍ടെല്ലിനെയും കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ധനമന്ത്രി.

 

സുപ്രീംകോടതി ഉത്തരവുപ്രകാരം സര്‍ക്കാരിന് ലൈസന്‍സ്, സ്‌പെക്ട്രം ഫീസ് കുടിശിക നല്‍കാനായി വന്‍ തുക നീക്കി വയ്‌ക്കേണ്ടി വന്നതോടെയാണ് എയര്‍ടെലും വോഡഫോണ്‍ ഐഡിയയും ജൂലായ് സെപ്റ്റംബര്‍ ത്രൈമാസത്തില്‍ ഭീമമായ നഷ്ടം രേഖപ്പെടുത്തിയത്.

 

'ഒരു കമ്പനിയും പ്രവര്‍ത്തനം അവസാനിപ്പിക്കരുതെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. എല്ലാവരും അഭിവൃദ്ധി പ്രാപിക്കണമെന്നാണ് സര്‍ക്കാരിന്റെ താല്‍പര്യം. മേഖലയിലെ സാമ്പത്തിക സമ്മര്‍ദം ലഘൂകരിക്കാനുള്ള നടപടികള്‍ക്കായി നിയോഗിച്ച സെക്രട്ടറിമാരുടെ സമിതി ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല'- ധനമന്ത്രി പറഞ്ഞു.

 

കമ്പനികള്‍ ടെലികോം ഇതര വരുമാനം കൂടി കണക്കിലെടുത്തുള്ള മൊത്തം വരുമാനത്തിന്റെ നിശ്ചിത ശതമാനമാണു സര്‍ക്കാരിനു ഫീസായി നല്‍കേണ്ടതെന്നു സുപ്രീംകോടതി കഴിഞ്ഞ മാസമാണ് ഉത്തരവിട്ടത്. ദീര്‍ഘകാലമായുള്ള കേസില്‍ വിധി വന്നതോടെ കുടിശികയും അതിനുള്ള പിഴയും പലിശയുമായി എയര്‍ടെല്‍ 62,187.73 കോടി, വോഡഫോണ്‍ ഐഡിയ 54,183.9 കോടി, ബിഎസ്എന്‍എല്‍എംടിഎന്‍എല്‍ 10,675.18 കോടി എന്നിങ്ങനെ നല്‍കേണ്ടി വരുമെന്നാണു ടെലികോം വകുപ്പിന്റെ കണക്ക്.

 

ഇന്ത്യയിലെ ടെലികോം ബിസിനസ് അന്തരീക്ഷം വളരെ ഗുരുതരാവസ്ഥയിലാണെന്നും ഇവിടെ തുടരാന്‍ പ്രയാസമാണെന്നും വോഡഫോണ്‍ ആഗോള മേധാവി നിക് റീഡ് പറഞ്ഞതായി വാര്‍ത്തകള്‍ വന്നതു വിവാദമായി. സര്‍ക്കാര്‍ എതിര്‍പ്പു രേഖപ്പെടുത്തിയതോടെ, തന്റെ വാക്കുകള്‍ മാദ്ധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്നു നിക് റീഡ് പ്രധാനമന്ത്രിയെ അറിയിച്ചു. ഇന്ത്യയില്‍ ബിസിനസ് തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

OTHER SECTIONS