/kalakaumudi/media/post_banners/5ba26cefdeb7daac97955b57dccce2fa5d2254c017cd5627700b7f5f31366fcf.png)
കൊച്ചി: പാലക്കാട് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ലോജിസ്റ്റിക് കമ്പനിയായ സിറ്റിക്സ് ലോജിസ്റ്റിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ന്യൂഡൽഹി ആസ്‌ഥാനമായ കോൾഡ് ചെയിൻ, വിതരണ കമ്പനിയായ ഉദ്‌ഗം ലോജിസ്റ്റിക്സിനെ ഏറ്റെടുത്തു. കോവിഡ് ഉയർത്തിയ വെല്ലുവിളികളെ അതിജീവിച്ചാണ് സിറ്റിക്സ് ലോജിസ്റ്റിക് വിജയപാതയിൽ ഒരു ചുവട് കൂടി മുന്നോട്ട് വച്ചത്. മൂന്ന് മാസം മുൻപ് നൂതന ലോജിസ്റ്റിക്സ് സ്റ്റാർട്ടപ് ആയ ക്വിഫേഴ്‌സിനെ സിറ്റിക്സ് ഏറ്റെടുത്തിരുന്നു. മൂന്ന് മാസത്തിനുള്ളിൽ രണ്ടാമത്തെ കമ്പനിയെയാണ് സിറ്റിക്സ് ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.
ആഗോള 3 പി എൽ വിപണിയിൽ ഉയരങ്ങൾ കീഴടക്കുവാനും 25 ബില്യൺ ഡോളർ കോൾഡ് ചെയിൻ വിപണിയിലേക്ക് കടക്കുവാനും ഉദ്‌ഗം ലോജിസ്റ്റിക്സിന്റെ ഏറ്റെടുക്കൽ സിറ്റിക്സിനെ സഹായിക്കും. ഉദ്ഗമിന്റെ അത്യാധുനിക താപനില നിയന്ത്രിത (കോൾഡ് ചെയിൻ) പരിഹാരങ്ങളുള്ള മാർക്കറ്റ് പൊസിഷനിംഗ്, സിറ്റിക്സ് സൊല്യൂഷൻസിനു പുതിയ വിപണിയിലേക്ക് ചുവടു വയ്ക്കാൻ സഹായിക്കും. ഈ സ്ഥാപനങ്ങളുടെ സംയുക്ത പ്രവർത്തനങ്ങളിലൂടെ ഇരു കമ്പനികൾക്കും വലിയ അവസരങ്ങൾ തുറന്നു കിട്ടും.
കൊച്ചി ആസ്ഥാനമായുള്ള ബാക്ക്‌വാട്ടർ ക്യാപിറ്റൽ എന്ന സ്ഥാപനമാണ് ഇടപാടിന്റെ ഉപദേഷ്ടാക്കൾ. ലോജിസ്റ്റിക് മേഖലയിലുടനീളം സാന്നിധ്യം ഉറപ്പിക്കുക എന്ന ലക്‌ഷ്യം പിന്തുടരുന്നതിനാൽ , ഈ ഏറ്റെടുക്കൽ പുതിയ വിഭാഗങ്ങളെ ലക്ഷ്യമിടാനും ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകാനും സിറ്റിക്സിനെ സഹായിക്കുമെന്ന് സിറ്റിക്സ് ലോജിസ്റ്റിക് സൊല്യൂഷൻസ് സ്‌ഥാപകനും സി.ഇ.ഒയുമായ എ.എം.സിക്കന്ദർ പറഞ്ഞു.
ഫാർമ, ക്യുഎസ്ആർ, ഹോറേക്ക, കൃഷി, ഡയറി, മറൈൻ തുടങ്ങിയ മേഖലകൾ അതിവേഗം വളരുകയും ലോകോത്തര കോൾഡ് ചെയ്ൻ കമ്പനികൾ അനിവാര്യമായി മാറുകയും ചെയ്യുന്ന സാഹചര്യത്തിൽ ഉദ്ഗമിന്റെ വൈദഗ്ദ്ധ്യം, അനുഭവം, പ്രവർത്തന മികവ് എന്നിവയിലൂടെ മെച്ചപ്പെട്ട സേവനം നല്കാൻ കഴിയും. അത്യാധുനിക സവിശേഷതകളും സേവനങ്ങളും വാഗ്ദാനം ചെയ്യാൻ ഇത് കമ്പനിയെ സജ്ജമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിറ്റിക്സുമായുള്ള ഉദ്ഗമിന്റെ കൂടിച്ചേരൽ കോൾഡ് ചെയ്ൻ മേഖലയിലും ലോജിസ്റ്റിക് മേഖലയിലും സവിശേഷവും നൂതനവുമായ സേവനം നൽകാൻ പ്രചോദനമേകുന്നതാണെന്ന് ഉദ്‌ഗം ലോജിസ്റ്റിക്സ് സ്‌ഥാപകനും ഡയറക്ടറുമായ രാഹുൽ മാത്തൂർ അഭിപ്രായപ്പെട്ടു. ദക്ഷിണ പൂർവേഷ്യ, യൂറോപ്പ്, ആസ്‌ട്രേലിയ, യു എസ് എന്നിവിടങ്ങളിലായി ലോജിസ്റ്റിക്സ് സാങ്കേതികവിദ്യ, ഇ-കൊമേഴ്‌സ്, വെയർഹൗസിംഗ്, സി & എഫ് ഓപ്പറേഷൻസ് മേഖലകളിലെ സിറ്റിക്സിന്റെ പരിചയസമ്പത്തും വൈദഗ്‌ധ്യവും ദേശീയ തലത്തിലും ആഗോളതലത്തിലും മുതൽക്കൂട്ടാകുമെന്നും മികച്ച സേവനം ഗുണമേന്മയോടെ നല്കാൻ പ്രാപ്തരാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഫാർമസ്യൂട്ടിക്കൽ, ക്യുഎസ്ആർ, അഗ്രികൾച്ചർ, ഡയറി, എഫ് & വി, മറൈൻ മേഖലയിലെ ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകാൻ രണ്ട് സ്‌ഥാപനങ്ങളുടെയും സംയുക്ത ശക്തി ഉപകാരപ്രദമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.