വലോറം കൊച്ചി സ്മാര്‍ട്ട്‌സിറ്റിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

By raji.09 Feb, 2018

imran-azhar

കൊച്ചി: മൈക്രോസോഫ്റ്റിന്റെ അമേരിക്കന്‍ പങ്കാളിയായ ഡിജിറ്റല്‍-ക്ലൗഡ് സൊല്യൂഷന്‍സ് കമ്പനിയായ വലോറം, കൊച്ചി സ്മാര്‍ട്ട്‌സിറ്റിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. വലോറമിന്റെ ഇന്ത്യയിലെ ഒരേയൊരു സെന്റര്‍ സംസ്ഥാന ഐടി സെക്രട്ടറി എം. ശിവശങ്കര്‍ ഉദ്ഘാടനം ചെയ്്്തു.

മനുഷ്യ വിഭവങ്ങളുടെ ശരിയായ സംഘാടനമാണ് ഏതൊരു കമ്പനിയുടെയും വിജയമെന്ന് അദ്ദേഹം പറഞ്ഞു. വിജയ പരാജയങ്ങള്‍ കണക്കാക്കാതെ ഏതൊരു പരീക്ഷണത്തെയും നൂറ് ശതമാനം പ്രതിബദ്ധതയോടെ നേരിടുകയെന്നത് കേരളീയരുടെ പ്രത്യേകതയാണെന്നും അത് മുതലാക്കാന്‍ വലോറമിന് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. മാനേജ്‌മെന്റ് തലത്തില്‍ ഈയിടെയുണ്ടായ മാറ്റങ്ങളെ തുടര്‍ന്ന് സ്മാര്‍ട്‌സിറ്റി വമ്പിച്ച വികസനത്തിന് സാക്ഷ്യം വഹിക്കുകയാണെന്നും ശിവശങ്കര്‍ കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര കമ്പനികള്‍ ഇന്ത്യയിലെ ബിസിനസ് വ്യാപനത്തിന് ആദ്യ പരിഗണന കേരളത്തിന് പ്രത്യേകിച്ച് കൊച്ചിക്ക് നല്‍കാന്‍ തുടങ്ങിയതായി സ്മാര്‍ട്‌സിറ്റി സിഇഒ മനോജ് നായര്‍ പറഞ്ഞു.

മികച്ച അടിസ്ഥാനസൗകര്യങ്ങളുടെയും പ്രതിബദ്ധതയും കഴിവുമുള്ള മനുഷ്യ വിഭവങ്ങളുടെയും ലഭ്യതയാണ് ഇതിന് പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു. വലോറം ഇന്ത്യയിലെ തങ്ങളുടെ ആദ്യ കേന്ദ്രം സ്മാര്‍ട്‌സിറ്റിയില്‍ ആരംഭിച്ചത് ഏറെ പ്രോത്സാഹനജനകമാണെന്നും മനോജ് നായര്‍ കൂട്ടിച്ചേര്‍ത്തു. വലോറം പ്രസിഡന്റ് ജസ്റ്റിന്‍ ജാക്‌സണ്‍, ഗ്ലോബല്‍ ഓപ്പറേഷന്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് ബാംബി ജോര്‍ജ്, ഗ്ലോബല്‍ ഡെലിവറി വൈസ് പ്രസിഡന്റ് ജോബി ജോയ് തുടങ്ങിയവര്‍ സംസാരിച്ചു.

 

OTHER SECTIONS