രൂപയെ ആര്‍ക്കും വേണ്ടാതാവുമോ? എക്കാലത്തെയും വലിയമൂല്യത്തകര്‍ച്ചയില്‍ ഇന്ത്യന്‍ രൂപ

By online desk.27 11 2019

imran-azhar

 

മുംബൈ : രൂപയുടെ മൂല്യം നടപ്പു സാമ്പത്തികപാദത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍. ഏഷ്യയിലെ മുന്‍നിര കറന്‍സികള്‍ പരിഗണിക്കമ്പോള്‍ മൂല്യത്തകര്‍ച്ചയില്‍ ദുര്‍ബലതലത്തിലേക്ക് കൂപ്പു കുത്തുകയാണ് ഇന്ത്യന്‍ രൂപ. ജൂലൈയില്‍അഞ്ച് ശതമാനത്തോളം ഇടിവാണ് രൂപയുടെ മൂല്യത്തില്‍ ഉണ്ടായിരിക്കുന്നത്.

 

വളര്‍ച്ചാ നിരക്കിന്റെ മാന്ദ്യത്തിന് പിന്നാലെ റേറ്റിങ് എജന്‍സിയായ മൂഡീസ് ഇന്‍വെസ്റ്റേഴസും കൊറിയിട്ടതോടെ കരകയറാനാവാത്ത നിലയിലാണ് ഇന്ത്യന്‍ രൂപ. മൂഡീസ് ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ് 'നെഗറ്റീവ്' ആണെന്നാണ ് രേഖപ്പെടുത്തിയത് അത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച കുറവായത് കണക്കിലെടുത്താണ് ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ് ഈ മാസമാദ്യം 'നെഗറ്റീവ്' ആയത്. വായ്പയ്ക്ക് എത്രമാത്രം അര്‍ഹതയുണ്ടെന്നത് നിര്‍ണയിക്കുന്ന ഈ റേറ്റിങ് നെഗറ്റീവായതും രൂപയുടെ വിലയിടിവിന് ആക്കം കൂട്ടി.

 

ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെയുള്‍പ്പെടെ കിട്ടാക്കടം വര്‍ധിക്കുന്നതും ഉത്പാദനം ഇടിയുന്നതും ഒക്കെ രൂപയ്ക്ക് തിരിച്ചടിയായി. ഈ പാദത്തില്‍ കനത്ത വില്‍പ്പന സമ്മര്‍ദ്ദത്തിലാണ് രൂപ. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ആറു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് ഈ ആഴ്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിനു പിന്നാലെയാണ് രൂപയുടെ ഇടിവ് കൂടുതല്‍ പ്രകടമായത്. പൊതു കടത്തിന്റെ തോത് വര്‍ദ്ധിച്ചതും രൂപയുടെ മൂല്യം കുറയാന്‍ കാരണമായി വിലയിരുത്തപ്പെടുന്നു. വളര്‍ച്ചാ നിരക്ക് കുറയുന്നത് മൂലധനനിക്ഷേപത്തിന്റെ തോത് കുറയ്ക്കുമെന്നതിനാല്‍ രൂപയുടെ മൂല്യതകര്‍ച്ച ഇനിയും വര്‍ദ്ധിക്കുമെന്നാണ് സൂചന.

 

ഇന്നലെ വ്യാപാരം ആരംഭിച്ചപ്പോള്‍ ഡോളറിനെതിരെ രണ്ടു പൈസ ഇടിവോടെ 71.73 എന്ന തലത്തിലായിരുന്നു രൂപ. തുടര്‍ന്ന് 3 പൈസ ഇടിവോടെ 71.74 എന്ന തലത്തിലെത്തി. ബാങ്കുകളും ഇറക്കുമതിക്കാരും ഡോളര്‍ വാങ്ങിക്കൂട്ടിയതാണ് രൂപയുടെ വിലയിടിവിന് ഇടയാക്കിയതെന്നാണ് സൂചന.ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം കഴിഞ്ഞ പാദത്തില്‍ 4.6 ശതമാനമായി കുറഞ്ഞിരുന്നു. ഇത് 2013 ലെ ആദ്യ മൂന്ന് മാസത്തിനുശേഷം ഏറ്റവും താഴ്ന്നതാണെന്ന് ബ്ലൂംബെര്‍ഗ് സര്‍വേയിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രവചിക്കുന്നത് രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് 4.2 ശതമാനമായി കുറയുമെന്നാണ്.

OTHER SECTIONS