അതിക്രൂരമീ പൊലീസ് നടപടി

By online desk .28 10 2020

imran-azhar

 

 

കോവിഡ് മഹമാരിയെത്തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ സമൂഹത്തില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഏറെ ബുദ്ധിമുട്ടുകളുണ്ടാക്കിയിരുന്നു. ലോക്ക് ഡൗണ്‍ കാലമായ കഴിഞ്ഞ ജൂണ്‍ 18 -ന്, വൈകിട്ട് കട അടയ്ക്കാന്‍ വൈകിയതുമായി ബന്ധപ്പെട്ട്് പൊലീസുമായി ഉണ്ടായ ഒരു തര്‍ക്കത്തിനൊടുവില്‍ തമിഴ്‌നാട്ടില്‍ രണ്ട് കച്ചവടക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം വലിയ വിവാദങ്ങളാണുണ്ടാക്കിയത്. തൂത്തുക്കുടിയ്ക്കടുത്ത് സാത്താന്‍കുളം ടൗണിലെ പി ജയരാജ്(59), ബെനിക്‌സ്(31) എന്ന് പേരായ രണ്ട് വ്യാപാരികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത്, ലോക്കപ്പിലിട്ട മര്‍ദ്ദിച്ചുകൊലപ്പെടുത്തിയത്.

 

അച്ഛനെയും മകനെയും പൂര്‍ണ്ണ നഗ്‌നരാക്കി ലോക്കപ്പില്‍ തള്ളി, അടിച്ച് കാല്‍മുട്ടിന്റെ ചിരട്ട തകര്‍ത്ത്, പുറം പൊളിച്ച്, സ്റ്റീല്‍ ടിപ്പ്ഡ് ലാത്തി ഇരുവരുടെയും ഗുദത്തിലേക്ക് പലവട്ടം കയറ്റിയിറക്കിയാണ് പൊലീസ് കൊന്നത്. ആദ്യം പ്രാദേശിക തലത്തില്‍ അന്വേഷിച്ച ഈ കേസ് പിന്നീട് പൊതുജന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സിബിഐക്ക് കൈമാറി. രാജ്യത്തെ ഞെട്ടിച്ച ഈ കേസില്‍ പൊലീസുകാര്‍ക്കെതിരെ ഗുരുതരമായ കുറ്റാരോപണങ്ങള്‍ അടങ്ങിയ ഒരു ചാര്‍ജ്ഷീറ്റ് ഇപ്പോള്‍ സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു. സാത്താന്‍കുളം സ്റ്റേഷനിലെ എസ്ഐമാരായ ശ്രീധര്‍, ബാലകൃഷ്ണന്‍, രഘു ഗണേഷ്, കോണ്‍സ്റ്റബിള്‍മാരായ മുരുകന്‍, മുത്തുരാജാ, ബാല്‍ദുരൈ എന്നിവരടക്കം പത്തുപേര്‍ക്കെതിരെയാണ് സിബിഐ കുറ്റപത്രം.കുറ്റപത്രത്തിലെ വിവരങ്ങള്‍ ആരെയും ഞെട്ടിക്കുന്നതാണ്.


ഈ സംഭവത്തില്‍ ആദ്യഘട്ട മര്‍ദ്ദനം-കൊലപാതകം എന്നിവയിലും രണ്ടാം ഘട്ടത്തില്‍ അത് മറച്ചുവയ്ക്കാന്‍ നടത്തിയ തെളിവ് നശിപ്പിക്കലിലും സാത്താന്‍കുളം പൊലീസ് സ്റ്റേഷനിലെ ഓഫീസര്‍മാരും കോണ്‍സ്റ്റബിള്‍മാരും ഒക്കെ ചേര്‍ന്ന് നടത്തിയ ക്രിമിനല്‍ ഗൂഢാലോചനയും കൊലപാതകവും സിബിഐ അന്വേഷണത്തില്‍ നിസ്സംശയം തെളിഞ്ഞിട്ടുണ്ടെന്ന് കുറ്റപത്രം പറയുന്നു. ജൂണ്‍ 19 -ന് രാത്രി ഏഴരയോടെയാണ് ഇന്‍സ്പെക്ടര്‍ കെ ബാലകൃഷ്ണന്‍, എസ് ശ്രീധര്‍, കോണ്‍സ്റ്റബിള്‍ മുത്തുരാജാ എന്നിവരടങ്ങുന്ന സംഘം ബെനിക്‌സിന്റെ അച്ഛന്‍ ജയരാജിനെ കാമരാജര്‍ ചൗക്കിലുള്ള കടയില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തത്. തങ്ങളുടെ ടാറ്റ സുമോ വണ്ടിയില്‍ കയറ്റി അവര്‍ ജയരാജിനെ സ്റ്റേഷനില്‍ എത്തിച്ചു. വിവരമറിഞ്ഞ് അപ്പോള്‍ തന്നെ മകന്‍ ബെനിക്‌സ് സ്റ്റേഷന്‍ എസ്എച്ച്ഒ കൂടിയായ ശ്രീധറിനോട് എന്തിനാണ് അച്ഛനെ കൊണ്ടുപോകുന്നത് എന്ന് ചോദിക്കുന്നുണ്ട്. എന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്‍ സ്റ്റേഷനിലേക്ക് വാ... എന്നായിരുന്നു ഇന്‍സ്പെക്ടര്‍ ബെനിക്‌സിന് അപ്പോള്‍ നല്‍കിയ മറുപടി.


ബെനിക്‌സ് തന്റെ സുഹൃത്തായ രവിശങ്കറിനൊപ്പം ഒരു ബൈക്കില്‍ പൊലീസ് ജീപ്പിന് പിന്നാലെ സ്റ്റേഷനിലെത്തി. സ്റ്റേഷനകത്ത് ചെന്ന ബെനിക്‌സ് കാണുന്നത് തന്റെ അച്ഛനെ എസ്ഐ ബാലകൃഷ്ണന്‍ മര്‍ദ്ദിക്കുന്നതാണ്. ബെനിക്‌സ് എസ്‌ഐയുടെ കൈക്ക് പിടിച്ച് അച്ഛനെ അടിക്കുന്നത് തടയുന്നു. 'എന്തിനാണ് ഇങ്ങനെ അച്ഛനെ തല്ലുന്നത്...' എന്ന് ചോദിക്കുകയും ചെയ്തു ബെനിക്‌സ്. ആ ഇടപെടല്‍ എസ്ഐ ബാലകൃഷ്ണന് അപമാനകരമായി തോന്നി. തുടര്‍ന്ന് ഇരുവരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തന്നെ പിടിക്കാന്‍ വന്ന മുത്തുരാജയെ ബെനിക്‌സ് തള്ളി മാറ്റി. അതുകണ്ട എസ്ഐ ബാലകൃഷ്ണന്‍ ബെനിക്‌സിന് നേര്‍ക്ക് പാഞ്ഞടുക്കുന്നു. അതിനിടെ ബാലന്‍സ് തെറ്റി ബാലകൃഷ്ണന്‍ നിലത്ത് വീണു. അതോടെ അപമാനബോധം ഇരട്ടിച്ച എസ്ഐ സ്റ്റേഷനിലെ മറ്റു പൊലീസുകാര്‍ക്കൊപ്പം ചേര്‍ന്ന് അച്ഛനെയും മകനെയും കെട്ടിയിട്ട് തുടരെ ലാത്തികൊണ്ട് പ്രഹരിക്കുന്നു.


ഈ മര്‍ദ്ദനം തുടരുന്നതിനിടെയാണ് അതുവരെ സ്ഥലത്തില്ലാതിരുന്ന ശ്രീധര്‍ എന്ന എസ്എച്ച്ഒ എത്തുന്നത്. അയാളും മര്‍ദ്ദനത്തില്‍ പങ്കുചേര്‍ന്നു. മര്‍ദ്ദിച്ചതിന് പുറമെ, സ്റ്റേഷനിലെ പൊലീസുകാരെ പറഞ്ഞ് ഇളക്കി വിട്ട് കൂടുതല്‍ മര്‍ദ്ദനങ്ങള്‍ക്ക് പ്രേരിപ്പിച്ചു എന്ന കുറ്റവും എസ് ഐ ശ്രീധറിനുമേല്‍ കുറ്റപത്രത്തില്‍ സിബിഐ ചുമത്തിയിട്ടുണ്ട്. പ്രതികളെ നഗ്‌നരാക്കി മര്‍ദ്ദിക്കാന്‍ ആവശ്യപ്പെട്ടത് ശ്രീധര്‍ ആണ്. സ്റ്റേഷനിലെ മേശപ്പുറത്ത് കൈകള്‍ വെച്ച് കാലുകള്‍ അകത്തിവെച്ച്, കൈകാലുകള്‍ നാലുപൊലീസുകാര്‍ ചേര്‍ന്ന് ബലമായി പിടിച്ചുവച്ച് അഞ്ചാമതൊരു പൊലീസുകാരനായിരുന്നു അടിച്ചിരുന്നത്. സ്റ്റേഷനിലെ പൊലീസുകാര്‍ മാറിമാറി മണിക്കൂറുകളോളം അച്ഛനെയും മകനെയും ഇങ്ങനെ മാറിമാറി മര്‍ദ്ദിച്ചുകൊണ്ടിരുന്നു. ഇരുവരുടെയും ഗുദത്തിലൂടെ പൊലീസുകാര്‍ നിരവധി തവണ ഇരുമ്പുചുറ്റിയ ലാത്തി കയറ്റിയിറക്കി അവരെ ഉപദ്രവിച്ചു.


കുറ്റാരോപിതരായ എസ് ഐ ബാലകൃഷ്ണന്‍, രഘു ഗണേഷ്, മുരുകന്‍, മുത്തുരാജാ, ശ്രീധര്‍ എന്നിവരോട് താനൊരു രക്താതിസമ്മര്‍ദ്ദരോഗിയാണെന്നും ഇങ്ങനെ തല്ലിയാല്‍ താന്‍ ചത്തുപോകും എന്നും ജയരാജ് കരഞ്ഞ്് പറഞ്ഞിരുന്നു എങ്കിലും പൊലീസുകാര്‍ അതൊന്നും ചെവിക്കൊള്ളാതെ മര്‍ദ്ദനം തുടര്‍ന്നു. അടുത്ത രണ്ട് ദിവസം തുടര്‍ച്ചയായി അവര്‍ മര്‍ദ്ദനങ്ങള്‍ക്ക് വിധേയരായി. ഈ സമയം ജയരാജനും ബെനിക്‌സിനും എതിരെ നിരവധി ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കള്ളക്കേസും ചാര്‍ജ് ചെയ്തു. 


ജയരാജോ ബെനിക്‌സോ യാതൊരു വിധത്തിലുള്ള ലോക്ക് ഡൗണ്‍ ചട്ട ലംഘനങ്ങളും നടത്തിയില്ലെന്ന് സിബിഐ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. സ്റ്റേഷന്‍ ലോക്കപ്പിനുള്ളിലെ നിരന്തരമര്‍ദ്ദനങ്ങള്‍ ജയരാജിന്റെയും ബെനിക്‌സിന്റെയും പൃഷ്ഠഭാഗത്തു നിന്ന് കടുത്ത രക്തസ്രാവം ഉണ്ടാകാന്‍ കാരണമായി. അത് സ്വന്തം അടിവസ്ത്രം ഊരി തുടച്ചുമാറ്റാന്‍ അവരെ കുറ്റാരോപിതരായ പൊലീസുകാര്‍ നിര്‍ബന്ധിച്ചു എന്നാണ് കുറ്റപത്രത്തില്‍. അടുത്ത ദിവസം പൊലീസ് സ്റ്റേഷനിലെ ശുചീകരണ തൊഴിലാളിയെക്കൊണ്ടും ചോരപുരണ്ട പ്രതലങ്ങളെല്ലാം തുടച്ച് വൃത്തിയാക്കി തെളിവുകള്‍ നശിപ്പിച്ചു. ജൂണ്‍ 20 -ന് ജയിലേയ്ക്ക് റിമാന്റിന് അയക്കും മുമ്പ് സാത്താന്‍കുളം ഗവ. ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. വിനിലയ്ക്ക് മുന്നില്‍ പൊലീസുകാര്‍ ഈ രണ്ട് പ്രതികളെയും ഹാജരാക്കി.

 

ഏറെ മുറിവുകളും നിലയ്ക്കാത്ത ര്ക്തപ്രവാഹവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഒക്കെ ഉണ്ടായിരുന്നിട്ടും മരണാസന്നരായിക്കഴിഞ്ഞിരുന്ന അച്ഛനെയും മകനെയും ആ ഡോക്ടര്‍ ജയിലിലേയ്ക്ക് പറഞ്ഞയക്കാന്‍ ആരോഗ്യമുള്ളവരാണ് എന്ന സര്‍ട്ടിഫിക്കറ്റ് നല്‍കി പൊലീസുകാര്‍ക്കൊപ്പം അയച്ചു. മെഡിക്കല്‍ ചെക്കപ്പിന് ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പുതന്നെ രണ്ടുവട്ടം രക്തത്തില്‍ കുതിര്‍ന്നു പോയതിന്റെ പേരില്‍ ഇരുവരുടെയും വസ്ത്രങ്ങള്‍ മാറ്റേണ്ടി വന്നിരുന്നു പൊലീസിന്. ആശുപത്രിയില്‍ നിന്ന് കോടതിയിലേയ്ക്ക് കൊണ്ടുപോകും വഴി ഒരിക്കല്‍ കൂടി ചോരയില്‍ കുതിര്‍ന്ന ലുങ്കി മാറ്റി വേറെയുടുപ്പിച്ചു പൊലീസ്. ഇങ്ങനെ മാറ്റിയ ലുങ്കികള്‍ സ്റ്റേഷന് മുന്നിലെ ചവറുകൂനയിലേക്ക് വലിച്ചെറിഞ്ഞത് പിന്നീട് സിബിഐ സംഘം കണ്ടെടുത്തിരുന്നു.

 


ജൂണ്‍ 19 -ന് പൊലീസ് അറസ്റ്റുചെയ്യുമ്പോള്‍ ജയരാജിനോ മകന്‍ ബെനിക്‌സിനോ യാതൊരു വിധ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല എന്നും കുറ്റപത്രത്തില്‍ പറയുന്നു. വളരെ മോശപ്പെട്ട ആരോഗ്യാവസ്ഥയില്‍ കോവില്‍പെട്ടി ജയിലില്‍ അടക്കപ്പെട്ട ഇരുവരും കടുത്ത പനിയും ശ്വാസം മുട്ടലും കാരണം മരിക്കുകയായിരുന്നു. പൊലീസിന്റെ പീഡനങ്ങള്‍ കുറ്റ പത്രത്തില്‍ എണ്ണിയെണ്ണി പറഞ്ഞിട്ടുണ്ട്.

 

OTHER SECTIONS