പ്രണയബന്ധം എതിര്‍ത്തു; വളര്‍ത്തമ്മയെ 12 വയസ്സുകാരിയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി

By Anju N P.28 Dec, 2017

imran-azhar

 

ഫത്തേപ്പുര്‍(ഉത്തര്‍പ്രദേശ്): പ്രണയം എതിര്‍ത്തതിന് വളര്‍ത്തമ്മയെ കൊലപ്പെടുത്തിയ 12 വയസ്സുകാരിയെയും കാമുകനായ 15 കാരനെയും അറസ്റ്റ് ചെയ്തു. സ്‌കൂളില്‍ രണ്ട് വര്‍ഷം സീനിയറായ സുഹൃത്തുമായി പെണ്‍കുട്ടി പ്രണയത്തിലായതിനെ വളര്‍ത്തമ്മ എതിര്‍ത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഉത്തര്‍പ്രേദശിലെ ഫത്തേപ്പുരിലാണ് സംഭവം.

 

രണ്ടുപേരെയും അറസ്റ്റ് ചെയ്ത് ജുവനൈല്‍ ഹോമിലേക്ക് മാറ്റിയതായി പോലീസ് സൂപ്രണ്ട് ശ്രീപര്‍ണ ഗാംഗുലി പറഞ്ഞു. മൂന്നുമാസം പ്രായമുള്ളപ്പോഴാണ് പെണ്‍കുട്ടിയെ വളര്‍ത്തമ്മ ദത്തെടുത്തത്. പ്രണയബന്ധത്തെ എതിര്‍ത്തത് തന്നോട് അമ്മയ്ക്ക് സ്നേഹമില്ലാത്തതിനാലാണെന്നുള്ള പെണ്‍കുട്ടിയുടെ തെറ്റിദ്ധരണയാണ് അവരെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

 

സംഭവദിവസം ആണ്‍കുട്ടി വീട്ടില്‍വന്നതിനെ വളര്‍ത്തമ്മ ചോദ്യം ചെയ്തിരുന്നു. പെണ്‍കുട്ടിയെ തല്ലുകയും ചെയ്തു. അന്ന് രാത്രിയില്‍ ആണ്‍കുട്ടിയെ വീണ്ടും വിളിച്ചുവരുത്തിയശേഷം ഇരുവരും ചേര്‍ന്ന് ഉറങ്ങിക്കിടന്ന സ്ത്രീയെ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വീട് വിട്ട് പുറത്തുപോയ ഇവര്‍ പിറ്റേ ദിവസം രാവിലെയാണ് തിരിച്ചെത്തിയത്. ഇതിനോടകം രണ്ടുപേരുടെയും മൊബൈല്‍ ഫോണുകള്‍ നശിപ്പിക്കുകയും ചെയ്തു.

 

അമ്മയ്ക്ക് സുഖമില്ലെന്നും വിളിച്ചിട്ട് മിണ്ടുന്നില്ലെന്നും പറഞ്ഞ് പെണ്‍കുട്ടി അയല്‍വീട്ടുകാരെ സമീപിച്ചു. ദിവസങ്ങളായി അമ്മ അസുഖബാധിതയായിരുന്നെന്നും ആശുപത്രിയില്‍ പോവാത്തത് സ്ഥിതി വഷളാക്കിയെന്നും അവരെ ധരിപ്പിച്ചു. കുട്ടിയുടെ വാക്കുകള്‍ അയല്‍വാസികള്‍ വിശ്വസിക്കുകയും മുംബൈയിലുള്ള വളര്‍ത്തച്ഛനെ വിവരമറിയിക്കുകയും ചെയ്തു. സംസ്‌കാരസമയത്ത് അയല്‍വാസികളിലൊരാള്‍ സംശയം തോന്നി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി കൊലനടത്തിയതായി സമ്മതിച്ചു. തുടര്‍ന്ന് സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 

OTHER SECTIONS