ലൈംഗിക തൊഴിലാളിയായ സ്ത്രീയെ കുത്തിക്കൊന്നു: തയ്യല്‍ തൊഴിലാളി അറസ്റ്റില്‍

By Anju N P.08 Mar, 2018

imran-azhar

 

മുംബൈ: ലൈംഗിക തൊഴിലാളിയായ സ്ത്രീയെ കുത്തിക്കൊന്ന 22കാരന്‍ പിടിയില്‍. ഛത്രപതി ശിവജി ടെര്‍മിനസ് റയില്‍വേ സ്റ്റേഷന് സമീപമായിരുന്നു സംഭവം. അബ്ദുള്‍ ഹമീദ് അന്‍സാരി എന്ന യുവാവാണ് പിടിയിലായത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ അന്‍സാരിയെ താമസ സ്ഥലത്തിന് സമീപത്തു നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

 

കൊല്ലപ്പെട്ട സ്ത്രീ റയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വെച്ച് പ്രതിയായ അന്‍സാരിയുടെ 9000 രൂപ അടങ്ങിയ പേഴ്സ് മോഷ്ടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് തുടങ്ങിയ വാക്കേറ്റം കൊലപാതകത്തില്‍ അവസാനിക്കുകയായിരുന്നു. തയ്യല്‍ തൊഴിലാളിയാണ് അന്‍സാരി. കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും തന്റെ പണം തിരിച്ചു കിട്ടാന്‍ ഭയപ്പെടുത്താന്‍ ചെയ്തതാണെന്നും ഇയാള്‍ മൊഴി നല്‍കി.

 

റയില്‍വേ സ്റ്റേഷന്‍ പരിസരത്ത് സ്ത്രീ കുത്തേറ്റ് കിടക്കുന്നതായി പോലീസിന് വിവരം ലഭിക്കുകയായിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതിയാരാണെന്ന യാതൊരു സൂചനയും പോലീസിന് ലഭിച്ചില്ല. ഇതിനിടെ സംഭവം നടന്ന സ്ഥലത്തിന് 200 മീറ്റര്‍ അകലെ ഒരാള്‍ കത്തി വലിച്ചെറിഞ്ഞ ശേഷം ടാക്സിയില്‍ കയറി പോകുന്നതായി ഒരു ദൃക്സാക്ഷി പറഞ്ഞതോടെ ഇതു കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ അന്‍സാരിയെ പിടികൂടുകയായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.