72 മണിക്കൂറിനിടെ 3 സുരക്ഷാജീവനക്കാരെ തലയ്ക്കടിച്ചു കൊന്നു; പിന്നില്‍ സീരിയല്‍ കില്ലര്‍?

By Shyma Mohan.01 09 2022

imran-azhar

 

ഭോപ്പാല്‍: കഴിഞ്ഞ 72 മണിക്കൂറിനിടെ മധ്യപ്രദേശിലെ സാഗറില്‍ കൊല്ലപ്പെട്ടത് മൂന്ന് സുരക്ഷാ ജീവനക്കാര്‍. കൊലപാതകങ്ങള്‍ക്ക് പിന്നില്‍ സീരിയല്‍ കില്ലറാണെന്നാണ് പ്രാഥമിക നിഗമനം.

 

കാന്റ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഓഗസ്റ്റ് 28ന് രാത്രിയായിരുന്നു ആദ്യ കൊലപാതകം നടന്നത്. ഒരു ഫാക്ടറിയിലെ സുരക്ഷാ ജീവനക്കാരനായിരുന്ന കല്യാണ്‍ ലോധി(50)യെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു കണ്ടത്. ഓഗസ്റ്റ് 29ന് രാത്രി സിവില്‍ ലൈന്‍സ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ആര്‍ട്‌സ് ആന്റ് കോമേഴ്‌സ് കോളേജില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു സുരക്ഷാ ജീവനക്കാരന്‍ കൊല്ലപ്പെട്ടു. തലയ്ക്കടിച്ചായിരുന്നു കൊലപാതകം. ശംഭു നാരായണ്‍ ദുബെ എന്ന 60കാരനെയാണ് തല തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്. 30ന് രാത്രി മോത്തിനഗറില്‍ ഒരു വീട്ടിലെ സുരക്ഷാ ജീവനക്കാരനായിരുന്ന മംഗള്‍ അഹിര്‍വാറിനെയും കൊലപ്പെടുത്തി. വടി കൊണ്ട് അടിച്ചായിരുന്നു മംഗള്‍ അഹിര്‍വാറിനെ കൊലപ്പെടുത്തിയത്.

 

കല്യാണ്‍ ലോധിയെയും ശംഭു നാരായണ്‍ ദുബെയെയും കൊലപ്പെടുത്തിയത് ഒരേ വ്യക്തിയാണെന്നാണ് പോലീസ് നിഗമനം. കൊലയാളിയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. സിസിടിവി ദൃശ്യങ്ങളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തില്‍ കൊലയാളിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. പ്രതിയെ പിടികൂടുന്നതായി പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.

 

OTHER SECTIONS