തട്ടിപ്പ് നടത്തിയ ജീവനക്കാരിക്ക് ബിവറേജസില്‍ തട്ടിപ്പ് കണ്ടുപിടിക്കാന്‍ ചുമതല

By Shyma Mohan.26 09 2022

imran-azhar

 

തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷനില്‍ തട്ടിപ്പിന് രണ്ടുതവണ പിടിയിലായ ജീവനക്കാരിക്ക് സ്ഥാനക്കയറ്റം. തട്ടിപ്പ് കണ്ടുപിടിക്കേണ്ട ഓഡിറ്റ് വിഭാഗത്തിലാണ് സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നത്.

 

തിരുവനന്തപുരത്തെ 1035ാം നമ്പര്‍ വിദേശ മദ്യക്കടയില്‍ ഉപഭോക്താക്കളില്‍ നിന്ന് കൂടുതല്‍ തുക ഈടാക്കുന്നുണ്ടെന്ന് പരാതിയെ തുടര്‍ന്നാണ് ഈ വര്‍ഷം ഫെബ്രുവരിയില്‍ ഓഡിറ്റ് വിഭാഗം ജീവനക്കാരിയെ പിടികൂടിയത്. ഒരാളില്‍ നിന്ന് 160 രൂപയാണ് അധികമായി ഈടാക്കിയത്. ജൂണിലും സമാന തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു. അന്ന് 120 രൂപയാണ് അധികമായി വാങ്ങിയത്.

 

തട്ടിപ്പ് പിടികൂടിയെങ്കിലും പ്രത്യേക പരിഗണന നല്‍കി പിഴയടപ്പിച്ച് തുടര്‍ നടപടികളില്‍ നിന്ന് ഇവരെ ഒഴിവാക്കുകയാണുണ്ടായത്. 160 രൂപയുടെ തട്ടിപ്പ് പിടികൂടിയതിന് 300 ഇരട്ടിയായ 48000 രൂപ പിഴയടപ്പിച്ചു. 120 രൂപ പിടികൂടിയപ്പോള്‍ 36000 രൂപയുമാണ് പിഴയീടാക്കിയത്. ക്രമക്കേട് നടത്തിയതായി കണ്ടെത്തിയാല്‍ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കുകയാണ് പതിവെങ്കിലും ഇവിടെ പിഴ അടപ്പിച്ച് കുറ്റവിമുക്തയാക്കുകയായിരുന്നു.

 

പിഴ ഒടുക്കിയാലും ശമ്പളം വെട്ടിക്കുറയ്ക്കല്‍, സ്ഥലംമാറ്റം അടക്കമുള്ള നടപടികളും നേരിടേണ്ടി വരുന്നിടത്താണ് ജീവനക്കാരിക്ക് സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നത്. മറ്റ് ജീവനക്കാര്‍ ഇക്കാര്യം മുന്‍ മാനേജിംഗ് ഡയറക്ടര്‍ ശ്യാംസുന്ദറിന്റെ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ ജീവനക്കാരിയെ മണ്ണാര്‍ക്കാട്ടേക്ക് സ്ഥലംമാറ്റി. തുടര്‍ന്ന് അവര്‍ അവധിയെടുക്കുകയും ഉടന്‍ തന്നെ തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തുകയുമാണുണ്ടായത്.

OTHER SECTIONS