എന്‍സൈക്ലോപീഡിയ കൊണ്ട് വെടിയുണ്ട തടയാന്‍ ശ്രമിക്കുന്ന സാഹസിക പ്രകനടത്തിനിടെ യുവാവ് മരിച്ച കേസില്‍ കാമുകിക്ക് ജയില്‍ ശിക്ഷ

By Anju N P.22 Dec, 2017

imran-azhar

 

 

ചിക്കാഗോ: ചീറിപ്പായുന്ന വെടിയുണ്ടയെ എന്‍സൈക്ലോപീഡിയ ബുക്ക് കൊണ്ട് തടഞ്ഞ് നിര്‍ത്തുന്ന സാഹസിക പ്രകടനം ഷൂട്ട് ചെയ്യുന്നതിനിടെ യുവാവ് വെടിയേറ്റ് മരിച്ച കേസില്‍ കാമുകിക്ക് തടവ് ശിക്ഷ. സംഭവത്തില്‍ യുവാവിന് നേര്‍ക്ക് വെടിയുതിര്‍ത്ത കാമുകി മൊണാലിസ പെരെസിന് ആറു മാസത്തെ തടവ് അമേരിക്കയിലെ മിനിസോട്ടയിലെ കോടതി വിധിച്ചു.

 


തടിയന്‍ എന്‍സൈക്ലോപീഡിയ കൊണ്ട് പാഞ്ഞുവരുന്ന വെടിയുണ്ടയെ തടുക്കുന്നത് ഷൂട്ട് ചെയ്ത് അത് യൂട്യൂബില്‍ പോസ്റ്റ് ചെയ്യാനുമായിരുന്നു പെട്രോ റൂയിസിന്റെയും കാമുകി മൊണാലിസയുടെയും ശ്രമം. എന്നാല്‍ പിസ്റ്റളില്‍ നിന്ന് ഉതിര്‍ത്ത വെടിയുണ്ട ബുക്കുകള്‍ക്ക് തടയാനാകാതെ കൃത്യം റൂയിസിന്റെ നെഞ്ചിലാണ് തറച്ചത്. 22 വയസുകാരനായ റൂയിസ് സംഭവസ്ഥലത്ത് തന്നെ മരിച്ചുവീണു. ഈ വര്‍ഷം ജൂണിലായിരുന്നു സംഭവം.

 

വിവരമറിഞ്ഞെത്തിയ പൊലീസ് സമീപത്ത് നിന്ന് സംഭവങ്ങള്‍ റെക്കോര്‍ഡ് ചെയ്ത മൊബൈല്‍ ക്യാമറ കണ്ടെത്തിയിരുന്നു. ഫോണില്‍ ഉണ്ടായിരുന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഏറെ വൈറലായി സോഷ്യല്‍ മീഡിയയില്‍ പിന്നീട് പ്രചരിച്ചിരുന്നു.

 

കേസ് പരിഗണിച്ച കോടതിയില്‍ തെറ്റ് സമ്മതിച്ച മൊണാലിസ പിന്നില്‍ കാമുകന്റെ വിവേകമില്ലായ്മയാണെന്ന് വ്യക്തമാക്കി. പ്രോസിക്യൂഷന്‍ പരമാവധി ശിക്ഷ നല്‍കണമെന്ന് വാദിച്ചെങ്കിലും മനപ്പൂര്‍വമല്ലാത്തെ രണ്ടാം ഗ്രേഡ് കൊലപാതകകേസ് ചുമത്തി ആറുമാസത്തെ തടവ് ശിക്ഷമാത്രമാണ് കോടതി വിധിച്ചത്. ഇതില്‍ ആദ്യത്തെ മൂന്നുമാസം മാത്രം ജയിലില്‍ കിടന്നാല്‍ മതിയാകും. ബാക്കി മൂന്ന് മാസം വീട്ടുതടങ്കലിലായിരിക്കും. രണ്ട് കുട്ടികളുടെ മാതാവ് കൂടിയായ മൊണാലിസ, സംഭവം നടക്കുമ്പോള്‍ ഒരു കുട്ടിയെ ഗര്‍ഭം ധരിച്ചിരിക്കുകയായിരുന്നു. മൊണാലിസയുടെ തടവ് ശിക്ഷ അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് ആരംഭിക്കുക.

 

OTHER SECTIONS