വില്‍ക്കാന്‍ കൊണ്ട്‌പോയ സ്വര്‍ണം തട്ടിയെടുത്തു , ജൂവലറി ഉടമയുടെ വന്‍ തിരക്കഥ ഉടമയും സഹായിയും പിടിയില്‍

By Ameena Shirin s.17 06 2022

imran-azhar

 മഞ്ചേരിയിലെ സ്വര്‍ണാഭരണ നിര്‍മാണശാലയില്‍നിന്ന് ജൂവലറികളിലേക്ക് സ്‌കൂട്ടറില്‍ വിതരണത്തിനായി കൊണ്ടുപോവുകയായിരുന്ന 456 ഗ്രാം തൂക്കംവരുന്ന സ്വര്‍ണാഭരണങ്ങളാണ് ഇവര്‍ തട്ടിയെടുത്തത്.

 

മഞ്ചേരിയില്‍ സ്വര്‍ണവ്യാപാരം നടത്തുന്ന പോത്തുകല്‍ സ്വദേശി വായാടന്‍ പ്രദീഷ് വിവിധ ജൂവലറികളിലേക്കായി വിതരണത്തിനു കൊണ്ടുവന്ന സ്വര്‍ണാഭരണമായിരുന്നു ഇത്. സംഭവത്തില്‍ ജൂവലറി ഉടമയും കൂട്ടാളിയും മണിക്കൂറുകള്‍ക്കകം പിടിയിലായി.

 

മഞ്ചേരി കാരക്കുന്നിലെ ജൂവലറിയില്‍ പങ്കാളിത്തമുള്ള വഴിക്കടവ് കുന്നുമ്മല്‍പൊട്ടി മൊല്ലപ്പടി സ്വദേശി ചെമ്പന്‍ ഫര്‍സാന്‍ (മുന്ന -26) സഹായി കുന്നുമ്മല്‍പൊട്ടി പറമ്പന്‍ മുഹമ്മദ് ഷിബിലി (ഷാലു -22) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്.

 

മഞ്ചേരി കാരക്കുന്നിലെ സ്വര്‍ണക്കടയിലെ പങ്കാളിയായ ഫര്‍സാന് സ്വര്‍ണ മൊത്തവ്യാപാരിയായ പ്രദീഷുമായി സ്വര്‍ണമിടപാടില്‍ മുന്‍പരിചയമുണ്ടായിരുന്നു. ഫര്‍സാന്റെ കടയിലും സ്വര്‍ണമെത്തിച്ചിരുന്നത് പ്രദീഷായിരുന്നു. പ്രദീഷ് സ്വര്‍ണം വിതരണംചെയ്യുന്ന രീതി മനസ്സിലാക്കിയ ഫര്‍സാന്‍ സ്വര്‍ണം തട്ടിയെടുക്കാന്‍ പദ്ധതി തയ്യാറാക്കി.

 

രണ്ടുദിവസം മുന്‍പ് പ്രദീഷിന്റെ കടയിലെത്തി താത്കാലികാവശ്യത്തിനെന്ന് പറഞ്ഞ് സ്‌കൂട്ടര്‍ വാങ്ങി. ഇതിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉണ്ടാക്കിയതിനു ശേഷമാണ് സ്‌കൂട്ടര്‍ മടക്കിക്കൊടുത്തത്.

 

സുഹൃത്തായ മുഹമ്മദ് ഷിബിലിയെ കണ്ട് അടവു തെറ്റിയ വാഹനം പിടിച്ചു കൊടുത്താല്‍ പണം ലഭിക്കുമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കൂടെക്കൂട്ടി. ഫര്‍സാന്‍ ജൂണ്‍ ഏഴിന് രാവിലെ മഞ്ചേരിയിലെത്തി സ്‌കൂട്ടറില്‍ സ്വര്‍ണവിതരണത്തിന് പോവുകയായിരുന്ന പ്രദീഷിനെ ഷിബിലിക്ക് കാണിച്ചു കൊടുത്തു. പ്രദീഷ് അറിയാതെ ഇരുവരും ഫര്‍സാന്റെ ബുള്ളറ്റ് ബൈക്കില്‍ പിന്തുടര്‍ന്നു.

 

ഉച്ചയോടെ പൂക്കോട്ടുംപാടത്തെ ജൂവലറിയില്‍ സ്വര്‍ണമിടപാട് നടത്തുകയായിരുന്ന പ്രദീഷിനെ ഫര്‍സാന്‍ ഫോണില്‍ വിളിച്ച് താന്‍ സഹോദരന്റെ ഭാര്യയെ കാളികാവിലെ വീട്ടിലാക്കി തിരിച്ചു വരുന്നുണ്ടെന്നും പൂക്കോട്ടുംപാടത്ത് വെച്ച് കാണണമെന്നും അറിയിച്ചു.

 

അല്‍പ്പസമയത്തിന് ശേഷം ഫര്‍സാന്‍ ഫോണില്‍ വിളിച്ച് ജ്യൂസ് കുടിക്കാന്‍ ക്ഷണിച്ചു. ജ്യൂസ് കുടിക്കുന്ന സമയത്ത് ഷിബിലി ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് സ്വര്‍ണമടങ്ങിയ സ്‌കൂട്ടറുമായി കടന്നു. പുറത്തിറങ്ങിയ പ്രദീഷ് സ്‌കൂട്ടര്‍ കാണാതെ പരിഭ്രമിച്ചപ്പോള്‍ പരിസരങ്ങളില്‍ അന്വേഷിക്കാമെന്നു പറഞ്ഞ് ഫര്‍സാന്‍ പോലീസ് സ്റ്റേഷനില്‍ പോകാതെ പ്രദീഷിനെ പിന്തിരിപ്പിച്ചു.

 

സ്വര്‍ണവ്യാപാരത്തില്‍ പങ്കാളിയായ ബന്ധുവിനെ പ്രദീഷ് വിവരം അറിയിച്ചു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ഫര്‍സാനെയും കൂട്ടി പോലീസ് സ്റ്റേഷനിലെത്തി. നിലമ്പൂര്‍ ഡിവൈ.എസ്.പി. സാജു കെ. അബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം ഇരുവരെയും ചോദ്യംചെയ്തു. സി.സി.ടി.വി. ദൃശ്യങ്ങള്‍സഹിതം നടത്തിയ ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

 

ഷിബിലിനെ ഫോണ്‍ചെയ്ത് പൂക്കോട്ടുംപാടത്ത് എത്തിച്ച് പോലീസ് കസ്റ്റഡിയില്‍ എടുത്തു. മോഷ്ടിച്ച സ്‌കൂട്ടര്‍ സ്വര്‍ണാഭരണങ്ങള്‍ സഹിതം ഫര്‍സാന്റെ വീടിനു സമീപമുള്ള ഒഴിഞ്ഞ പറമ്പില്‍നിന്ന് കണ്ടെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.

 

പൂക്കോട്ടുംപാടം പോലീസ് ഇന്‍സ്പെക്ടര്‍ സി.എന്‍ സുകുമാരന്‍, എസ്.എ. ജയകൃഷ്ണന്‍, ബിനുകുമാര്‍, സി. അജീഷ്, സക്കീര്‍ ഹുസൈന്‍ പ്രത്യേക അന്വേഷണസംഘത്തിലെ എസ്.ഐ. എം. അസൈനാര്‍, എന്‍.പി. സുനില്‍, കെ.ടി. ആഷിഫ് അലി, ടി. നിബിന്‍ദാസ്, ജിയോ ജേക്കബ് എന്നിവരങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.

 

 

 

OTHER SECTIONS