By Shyma Mohan.01 08 2022
ചണ്ഡീഗഡ്: അമൃത്സര്‍ ജയിലില്‍ വെച്ച് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് പീഡിപ്പിച്ചതായി യുവതിയുടെ ആരോപണം. ഹരിയാന സ്വദേശിയായ യുവതിയാണ് 2016ല്‍ കസ്റ്റഡിയില്‍ കഴിയവേ പോലീസ് ഉദ്യോഗസ്ഥന് പീഡിപ്പിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
മൊഹാലിയിലെ ഒരു പോലീസ് സ്റ്റേഷനില്‍ വെച്ചും ഓടുന്ന വാഹനത്തില്‍ വെച്ചും ബലാത്സംഗത്തിനിരയാക്കിയതായി യുവതി ആരോപിച്ചു. ഗര്‍ഭിണിയായതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥന് ജയിലില്‍ വെച്ച് തന്നെ വിവാഹം കഴിക്കുകയും ജാമ്യം ലഭിക്കാന്‍ സഹായിക്കുകയും ചെയ്തതായും യുവതി പറയുന്നു.
നിലവില്‍ പത്താന്‍കോട്ടിലെ ഫോര്‍ത്ത് ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്റെ കമാന്‍ഡറാണ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്. അമൃത്സര്‍ ജയില്‍ സൂപ്രണ്ട് ആശിഷ് കപൂറിനെതിരെയും മറ്റുള്ളവര്‍ക്കെതിരെയും പത്തുദിവസത്തിനകം നടപടിയെടുത്തില്ലെങ്കില്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ വസതിക്ക് മുന്നില്‍ പ്രതിഷേധിക്കുമെന്നും യുവതി ഭീഷണി മുഴക്കി.
2012നും 2018നും ഇടയില്‍ ഇമിഗ്രേഷന്‍ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് യുവതി ജയിലിലായത്. മൂന്നുവര്‍ഷത്തെ ശിക്ഷ അനുഭവിച്ചു വരുന്ന യുവതി നിലവില്‍ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്.