ഭാര്യയെ കുത്തി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെ കോടതി വെറുതെ വിട്ടു

By Raji Mejo.07 Mar, 2018

imran-azhar

പറവൂര്‍: ഭാര്യയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭര്‍ത്താവിനെ കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടു.ഭാര്യ ഷാന്റിയെ കൊലപ്പെടുത്തിയ കേസില്‍ കറുകുറ്റി നെല്ലിച്ചിറ കൂരന്‍ താഴത്ത് ഏല്യാസിനെയാണ് പറവൂര്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി അഹമ്മദ് കോയ വെറുതെ വിട്ടത്.

2014 നവംബര്‍ 15-നാണ് കേസിനാസ്പദമായ സംഭവം നടന്നത് .ഷാന്റി വീടും സ്ഥലവും വില്‍ക്കാന്‍ എതിര് നിന്നതിലും മകളെ ഏല്യാസ് ദേഹോപദ്രവം ഏല്‍പ്പിച്ചതിന് പോലീസില്‍ പരാതി നല്‍കി കേസെടുപ്പിച്ചതിനും പ്രതിക്ക് വൈരാഗ്യം ഉണ്ടായിരുന്നു. നാട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്ന പ്രതി സംഭവ ദിവസം രാത്രി 8.45 ഓടെ വീട്ടില്‍ ആരും ഇല്ലാത്ത തക്കം നോക്കി കത്തിയുമായി എത്തി ഷാന്റിയെ കുത്തുകയും വീട്ടില്‍ നിന്ന് ഇറങ്ങി ഓടിയ ഷാന്റിയെ പിന്തുടര്‍ന്ന് അടുത്ത പറമ്പില്‍ വെച്ച് വീണ്ടും കുത്തി മാരകമായി പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.പ്രോസിക്യൂഷന്‍ 23 സാക്ഷികളെ ഹാജരാക്കിയിരുന്നു.പ്രതിക്കെതിരെ ഉന്നയിച്ചിരുന്ന സാഹചര്യ തെളിവുകള്‍ വേണ്ടുംവിധം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന കാരണത്താലാണ് കോടതി പ്രതിയെ വെറുതെ വിട്ടത്.പ്രതിക്ക് വേണ്ടി അഭിഭാഷകരായ എ.പി.പ്രേം പ്രകാശ് ,സി.എസ്.സുനില്‍കുമാര്‍ പൈ എന്നിവര്‍ ഹാജരായി

 

OTHER SECTIONS