കെഎസ്എഫ്ഇയില്‍ നിന്നും പണം തട്ടിയ കേസ് , പ്രതികള്‍ പിടിയിലായത് വീണ്ടും വായ്പ തരപ്പെടുത്താനുള്ള ശ്രമത്തിനിടെ

By Online Desk.07 Nov, 2017

imran-azhar


കൊല്ലം: കെഎസ്എഫ്ഇയില്‍ നിന്നും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി കോടികള്‍ തട്ടിയ കേസില്‍ പ്രതികള്‍ പിടിയിലായത് പുതിയ വായ്പ തരപ്പെടുത്താനുള്ള
ശ്രമത്തിനിടെ. കെ.എസ്.എഫ്.ഐ കുണ്ടറ ശാഖയില്‍ നിന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലേക്ക് ഫോണ്‍ സന്ദേശം എത്തിയതിനു പിന്നാലെയാണ് തട്ടിപ്പ്
പുറത്തായത്.

 


പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ ക്‌ളാര്‍ക്ക് പെരിനാട് ജെ.എം.ജെ ഹൗസില്‍ കെന്‍സി ജോണ്‍സണ്‍, ഭാര്യ ഷിജി എന്നിവരെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇന്നലെ പൊലീസ് കെന്‍സിയുടെ മുണ്ടയ്ക്കലുള്ള വാടകവീട്ടില്‍ നടത്തിയ പരിശോധനയില്‍ സീല്‍ പതിച്ച നിരവധി സാലറി സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തി. കെ.എസ്.എഫ്.ഇക്ക് പുറമെ മറ്റേതെങ്കിലും ധനകാര്യ സ്ഥാപനത്തില്‍ നിന്ന് സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

 


മികച്ച വോളിബാള്‍ താരമായിരുന്ന കെന്‍സി സ്‌പോര്‍ട്‌സ് ക്വാട്ടയിലാണ് ജോലിയില്‍ പ്രവേശിച്ചത്. തട്ടിപ്പിലൂടെ സമാഹരിച്ച പണം ആര്‍ഭാട ജീവിതം നയിക്കാനാണ്
ഉപയോഗിച്ചത്. ഇവര്‍ കുടംബ സമേതം മിക്കപ്പോഴും ഉല്ലാസയാത്രകള്‍ പോകുമായിരുന്നു.
ഷിജിയും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറേറ്റിലെ ജീവനക്കാരി എന്ന വ്യാജേന വായ്പ എടുത്തിട്ടുണ്ട്. ഷിജിയാണ് വായ്പയ്ക്കുള്ള അപേക്ഷകള്‍ പൂരിപ്പിച്ചിരുന്നത്.
വ്യാജ രേഖകള്‍ ചമച്ച് കെന്‍സി വായ്പ തരപ്പെടുത്തി നല്‍കിയ മറ്റ് അഞ്ച് പേരും കേസില്‍ പ്രതികളാണ്. ഇവര്‍ ഒളിവിലാണ്.

 


വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി കെ.എസ്.എഫ്.ഇ യുടെ പതിന്നാല് ശാഖളില്‍ നിന്ന് കെന്‍സി വായ്പയെടുക്കുകയായിരുന്നു. പഞ്ചായത്ത് ഡെപ്യൂട്ടി
ഡയറക്ടര്‍ ഓഫീസിലെ ജീവനക്കാരെന്ന വ്യാജേന സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പേരിലാണ് വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റുകളുണ്ടാക്കിയത്. കെ.എസ്.എഫ്.ഇ കുണ്ടറ രണ്ടാം ശാഖയില്‍ നിന്ന് ശമ്പള സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത ഉറപ്പാക്കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ബന്ധപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തായത്.

 


ശമ്പള സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജീവനക്കാര്‍ വായ്പയെടുത്താല്‍ വകുപ്പ് മേധാവിയുടെ സാക്ഷ്യപത്രത്തിനായി കെ.എസ്.എഫ്.ഇ തപാലില്‍ കത്തയക്കാറുണ്ട്. എന്നാല്‍ ഓഫീസിലെ തപാല്‍ വിഭാഗത്തില്‍ ജോലി നോക്കിയിരുന്ന കെന്‍സി കത്തുകള്‍ വാങ്ങി അയച്ചതായി സീലടിച്ച് തിരിച്ചയയ്ക്കുകയായിരുന്നു. ആറ് മാസത്തിനുള്ളില്‍ ഒരേ പേരില്‍ രണ്ട് സാലറി സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചതോടെയാണ് തപാല്‍ വഴി സാക്ഷ്യപത്രം സ്വീകരിച്ചതിനൊപ്പം ഫോണ്‍ മുഖേന കൂടി കുണ്ടറ കെ.എസ്.എഫ്.ഇ ശാഖ സ്ഥിരീകരണത്തിന് ശ്രമിച്ചത്. ഇതോടെ കള്ളി വെളിച്ചത്തായി.

 

തട്ടിപ്പ് പുറത്തായതോടെ ഒളിവില്‍ പോയ കെന്‍സിയെ ഇന്നലെ രാവിലെ ഭാര്യ പിടിയിലായതറിഞ്ഞ് ബൈക്കില്‍ കൊല്ലത്തേക്ക് വരുന്നതിനിടെ കൊല്ലം ഈസ്റ്റ് സി.ഐ എസ്. മഞ്ചുലാല്‍, എസ്.ഐ ജയകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊല്ലം ഈസ്റ്റ് പൊലീസ് 44 ലക്ഷം രൂപയുടെ തട്ടിപ്പ് മാത്രമാണ് അന്വേഷിക്കുന്നത്.
കുണ്ടറ, കിളികൊല്ലൂര്‍, പാരിപ്പള്ളി, കൊട്ടിയം, കൊല്ലം വെസ്റ്റ് സ്റ്റേഷനുകളിലാണ് മറ്റ് കേസുകള്‍. കെന്‍സിയെ വീണ്ടും കസ്റ്റഡില്‍ വാങ്ങി ചോദ്യം ചെയ്യും. ഇയാളുടെ
മറ്റ് കൂട്ടാളികള്‍ക്ക് വേണ്ടിയും തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

 

OTHER SECTIONS