ലിഫ്റ്റ് ചോദിച്ച് ബൈക്കില്‍; പിന്നിലിരുന്ന് വിഷം കുത്തിവെച്ചു കൊന്നു; വന്‍ ട്വിസ്റ്റ്

By Shyma Mohan.21 09 2022

imran-azhar

 


ഖമ്മം: ബൈക്കില്‍ ലിഫ്റ്റ് ചോദിച്ചെത്തിയ അപരിചിതന്‍ ബൈക്ക് യാത്രികനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ ഉടന്‍ പിടികൂടി പോലീസ്.

 

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഖമ്മം ജില്ലയിലെ മുദിഗോണ്ടയില്‍ ബൈക്ക് യാത്രികനായ ഷെയ്ഖ് ജമാല്‍ സാഹിബ് എന്ന 52കാരനെ അപരിചിതന്‍ ലിഫ്റ്റ് ചോദിച്ച് ബൈക്കില്‍ കയറുകയും പിന്നിലിരുന്ന് വിഷം കുത്തിവെച്ച് കൊലപ്പെടുത്തുകയും ചെയ്തത്. തുടര്‍ന്ന് കേസില്‍ പ്രതിയെ പിടികൂടാന്‍ നാല് ടീമുകളെ പോലീസ് രൂപീകരിച്ചു. മരിച്ചയാളുടെ ഭാര്യ ഇമാം ബിയുടെ കോള്‍ റെക്കോര്‍ഡുകളുടെ അടിസ്ഥാനത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ അന്വേഷണത്തില്‍ വഴിത്തിരിവുണ്ടാകുകയും ചെയ്തു.

 

കേസില്‍ ഷെയ്ഖ് ജമാല്‍ സാഹിബിന്റെ ഭാര്യ ഇമാം ബി, ഗോദ മോഹന്‍ റആവു, ബന്ദി വെങ്കണ്ണ എന്ന ആര്‍എംപി ഡോക്ടര്‍ എന്നിവരെ ചൊവ്വാഴ്ച വൈകിട്ടോടെ പോലീസ് അറസ്റ്റ് ചെയ്തു. വെങ്കിടേഷ് എന്നയാളെ പിടികൂടാനുണ്ട്.

 

ഇമാംബിയും മോഹന്‍ റാവുവും തമ്മിലുള്ള അവിഹിത ബന്ധത്തിന് ജമാല്‍ സാഹിബ് തടസ്സം നിന്നതാണ് ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നാണ് വിവരം. തുടര്‍ന്ന് ജമാലിനെ ഇല്ലാതാക്കാന്‍ ഇമാം ബി വീട്ടില്‍ വിഷം നിറച്ച സൂചി കരുതി വെച്ചെങ്കിലും അതിനുള്ള അവസരം ഒത്തുവരാതിരുന്നതിനാല്‍ ശ്രമം പരാജയപ്പെട്ടു.

 

പിന്നീട് കൃത്യം നടത്താന്‍ തിങ്കളാഴ്ച എന്‍ടിആറിനടുത്തുള്ള ഗുന്ദ്രായില്‍ വിവാഹിതയായ മകളെ കാണാന്‍ ജമാല്‍ പോയ സമയം തിരഞ്ഞെടുക്കുകയായിരുന്നു. ഇരുചക്രവാഹനത്തില്‍ എത്തിയ മോഹന്‍ റാവുവും വെങ്കിടേഷും സ്ഥലത്തെത്തുകയും ജമാല്‍ ബൈക്കില്‍ വരുമ്പോള്‍ ലിഫ്റ്റ് ചോദിച്ച് വെങ്കിടേഷ് കയറുകയുമായിരുന്നു. യാത്രക്കിടെ മൃഗങ്ങളെ കൊല്ലാന്‍ ഉപയോഗിക്കുന്ന മാരകവിഷം തുടയില്‍ കുത്തിവെക്കുകയായിരുന്നു. വേദന കൊണ്ട് ബൈക്കിന്റെ നിയന്ത്രണം വിട്ട് ജമാല്‍ നിലത്തുവീണു. ഇതിനിടെ വെങ്കിടേഷ് ബൈക്കില്‍ കാത്തുനിന്ന് മോഹന്‍ റാവുവിനൊപ്പം സ്ഥലം വിടുകയും ചെയ്യുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

 

നാട്ടുകാരുടെ സഹായത്തോടെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജമാല്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് സിറിഞ്ച് കണ്ടെടുത്തിരുന്നു.

 

 

OTHER SECTIONS