മഫ്തി പൊലീസ് ചമഞ്ഞ് കഞ്ചാവ് വില്‍പ്പന യുവാവ് അറസ്റ്റില്‍

By online desk.06 03 2020

imran-azhar

 


കോട്ടയം: മഫ്തി പൊലീസ് ചമഞ്ഞ് കഞ്ചാവ് വില്‍പ്പന നടത്തി വന്ന ചാവക്കാട് നൗഷാദ് എന്നയാള്‍ അറസ്റ്റില്‍ . കഞ്ചാവ് ഇടനിലകാരന് കൈമാറുന്നതിനിടയിലാന്ന് ഇയാള്‍ കോട്ടയത്ത് എക്സൈസ് പിടിയിലായത്. ഏറെനാളായി എക്സൈസിനെയും പൊലീസിനെയും കബളിപ്പിച്ചു നടക്കുകയായിരുന്നു. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് എറണാകുളത്തുവച്ച് പരിചയപ്പെട്ട കോട്ടയം തിരുവാതുക്കല്‍ സ്വദേശിനിയായ യുവതിയുമായി നൗഷാദ് അടുപ്പത്തിലായിരുന്നു. ഇവരെ കാണാനെത്തുമ്പോഴാണ് നൗഷാദിനെ രണ്ടു കിലോഗ്രാം കഞ്ചാവുമായി പിടികൂടിയതെന്ന് എക്സൈസ് വ്യക്തമാക്കി. ഇന്നലെ തിരുവാതുക്കലിലെ വാടകവീട്ടില്‍വച്ച് ഇടപാടുകാരന് കഞ്ചാവ് കൈമാറാനായിരുന്നു ശ്രമം.

 

കോയമ്പത്തൂരില്‍ നിന്നാണ് 9000 മുതല്‍ 20,000 രൂപവരെ വിലയുള്ള കഞ്ചാവ് വാങ്ങുന്നത്. കോട്ടയത്ത് ഈ കഞ്ചാവ് 50,000 രൂപയ്ക്കാണു വില്‍പ്പന നടത്തിയിരുന്നത്. മഫ്തി പൊലീസ് ചമഞ്ഞാണ് ഇയാള്‍ യാത്ര നടത്തിയിരുന്നത്. കമ്പത്തുനിന്നും വാങ്ങിയ കഞ്ചാവുമായി മധുര-കോയമ്പത്തൂര്‍-പാലക്കാട് വഴിയുള്ള കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിലാണു ഇയാള്‍ കോട്ടയത്ത് എത്തിയത്.പൊലീസ് മാതൃകയില്‍ മുടി വെട്ടി ഷൂസും പാന്റ്സും ധരിച്ച ഇയാളെ ഉദ്യോഗസ്ഥര്‍ക്ക് ആദ്യം സംശയം തോന്നിയിരുന്നില്ല. വിശദപരിശോധനയിലാണു പിടിയിലായത്. കോട്ടയത്തെ സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പനയ്ക്കെത്തിച്ചതാണു കഞ്ചാവ്. രണ്ടു വര്‍ഷം മുമ്പ് കോട്ടയത്തുനിന്നും ഒന്നര കിലോ കഞ്ചാവ് കണ്ടെടുത്ത കേസില്‍ പ്രതിയാണ്. നൗഷാദിനെതിരെ എറണാകുളത്ത് ആറു കേസുകളുണ്ട്. 13 വര്‍ഷമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.

 

 

 

 

 

OTHER SECTIONS