ചങ്ങനാശ്ശേരിയില്‍ വീട്ടില്‍ അതിക്രമിച്ച് കടന്ന് യുവതിയെ മാനഭംഗപ്പെടുത്തി

By Subha Lekshmi B R.01 Jul, 2017

imran-azhar

കോട്ടയം: വീട്ടില്‍ അതിക്രമിച്ച് കടന്ന് യുവതിയെ മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരിയിലാണ് സംഭവമുണ്ടായത്. നിരവധി കേസുകളില്‍ പ്രതിയായ മോര്‍കുളങ്ങര തൈപറന്പില്‍ വിനീഷാ(26)ണ് അറസ്റ്റിലായത്.

ചങ്ങനാശേരി ചെത്തിപ്പുഴയ്ക്ക് സമീപം ഇന്ന് പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. വീട്ടിലെ രണ്ടു പേര്‍ സമീപത്തെ ക്ഷേത്രത്തില്‍ ഉത്സവത്തിന് പോയിരുന്നതിനാല്‍ യുവതി വീടു പൂട്ടിയിരുന്നില്ള. പ്രതി പുലര്‍ച്ചെ രണ്ടോടെ വീടിനുള്ളില്‍ അതിക്രമിച്ച കടന്ന് യുവതിയെ ക്രൂരമായി മാനഭംഗപ്പെടുത്തുകയായിരുന്നു.

യുവതി ബഹളമുണ്ടാക്കിയതോടെ പരിസരവാസികള്‍ ഉണര്‍ന്നു. തുടര്‍ന്ന് സ്ഥലത്തു നിന്നും ഓടി രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാളെ ഗുണ്ടാ ആക്ട് പ്രകാരം കാപ്പ ചുമത്തി ജയിലിലടച്ചിരിക്കുകയായിരുന്നു. പിന്നീട് പുറത്തിറങ്ങിയ ഇയാള്‍ മറ്റൊരു പീഡനക്കേസിലും പ്രതിയായി. ഈ കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയിരിക്കവെയാണ് ഇയാള്‍ വീണ്ടും പീഡനം നടത്തിയത്.