കുട്ടികളുടെ അശ്ലീല വീഡിയോ കണ്ട റിട്ട. എസ്‌ഐ അറസ്റ്റില്‍

By Preethi Pippi.28 09 2021

imran-azhar

 

പാലക്കാട്: കുട്ടികളുടെ അശ്ലീല വീഡിയോ സോഷ്യല്‍മീഡിയയിലൂടെയും വെബ്‌സൈറ്റുകളിലൂടെയും കണ്ട റിട്ടയേര്‍ഡ് എസ്‌ഐ അറസ്റ്റില്‍. പാലക്കാട് കോട്ടായി കരിയങ്കോട് സ്വദേശി രാജശേഖരന്‍(60) ആണ് അറസ്റ്റിലായി.

 

കുട്ടികളുടെ അശ്ലീല വീഡിയോ കാണുന്നവരുടെയും പ്രചരിപ്പിക്കുന്നവരുടെയും വിവരങ്ങള്‍ സൈബര്‍ ഡോമും ഇന്റര്‍പോളും പൊലീസിന് കൈമാറിയതിനെ തുടര്‍ന്ന് നടത്തിയ ഓപ്പറേഷന്‍ പി ഹണ്ടിലാണ് റിട്ട. എസ്‌ഐയും പിടിയിലാകുന്നത്. അറസ്റ്റിലായതിനെ തുടര്‍ന്ന് നെഞ്ചുവേദന അനുഭവപ്പെട്ട ഇയാളെ പൊലീസ് കസ്റ്റഡിയില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയില്‍ 59 ഇടങ്ങളിലായി പൊലീസ് പരിശോധന നടത്തി. ഇതില്‍ 25 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 10 ലാപ്‌ടോടും 10 മൊബൈല്‍ ഫോണും നാല് നെറ്റ് സെറ്ററുകളും പിടികൂടി. സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

 

പരിശോധന രാവിലെ ഏഴുമുതല്‍ രാത്രിവരെ നീണ്ടു. പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങള്‍ വിദഗ്ധ പരിശോധനക്ക് ഫോറന്‍സിക് ലാബിലേക്ക് അയച്ചു. കുട്ടികളുടെ അശ്ലീല വീഡിയോ സ്ഥിരമായി കാണുന്നവരുടെയും ഡൗണ്‍ലോഡ് ചെയ്യുന്നവരുടെയും പ്രചരിപ്പിക്കുന്നവരുടെയും വിവരങ്ങള്‍ സൈബര്‍ ഡോം പൊലീസിന് നല്‍കിയിരുന്നു.

 

ഇതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് സംഘടിപ്പിച്ചത്. സ്ഥിരമായി ഇന്റര്‍നെറ്റില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ തിരയുന്നവരുടെ ഐപി അഡ്രസ് അടക്കമുള്ള വിവരങ്ങള്‍ ഇന്റര്‍പോളും പൊലീസിന് നല്‍കാറുണ്ട്.

OTHER SECTIONS